ആദിശങ്കരന്‍ തപസു ചെയ്ത കുടജാദ്രി
കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് ആദിശങ്കരന്‍ തപസു ചെയ്ത കുടജാദ്രിമലനിരകള്‍, മലമുകളിലെ സര്‍വജ്ഞപീഠം, പിന്നെ മൂകാംബികയും സൌപര്‍ണ്ണികയും. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 1343 മീറ്റര്‍ ഉയരത്തിലാണ് കുടജാദ്രി തല ഉയര്‍ത്തി നില്‍ക്കുന്നത്.
മംഗലാപുരത്തു നിന്നും ഷിമോഗയിലേക്കുള്ള വഴിയിലൂടെ പോയി പിന്നെ കുടജാദ്രിയിലേക്ക് തിരിഞ്ഞു പോകുകയാണ് ചെയ്യുക. കൊല്ലൂരില്‍ നിന്നും കുടജാദ്രി വരെ 40 കിലോമീറ്റര്‍ ആണ്.ബാംഗ്ലൂരില്‍ നിന്ന് 326 കിലോമീറ്ററും കാസര്‍കോട് നിന്ന് 216 കിലോമീറ്ററും. മംഗലാപുരത്ത് നിന്ന് 166 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.
കൊല്ലൂരില്‍ നിന്ന് കുടജാദ്രിയിലേക്ക് 80ഓളം ജീപ്പുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. 41 കിലോമീറ്റര്‍ യാത്രയില്‍ 20 കിലോമീറ്റര്‍ ഭയങ്കരം കയറ്റമാണ് . ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് കുടജാദ്രിക്ക്. മൊട്ടക്കുന്നുകളും പച്ചപ്പും മാത്രം. ചിലപ്പോള്‍ കോടമഞ്ഞു വന്നു മൂടും. ഇരുള്‍ നിറഞ്ഞ വഴിയിലേക്ക് തിരിയുന്നതിന് മുന്‍പ് കറുത്ത പലകയില്‍ 'ഗണേശ ഗുഹ' എന്നെഴുതിയ സൂചന ബോര്‍ഡ് മരത്തില്‍ തറച്ചിരിക്കുന്നത് കാണാം . ഇതുവഴി പത്ത് മിനിറ്റ് നടന്നാല്‍ ഗണേശ ഗുഹയിലെത്താം. ചെറിയൊരു ഗുഹയില്‍ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ആരോ തെളിച്ചുവെച്ച ദീപവും പൂക്കളും പൂജാസാധനങ്ങളും ഇവിടെയുണ്ട്.
ശ്രീകോവിലിന്റെ അതിര്‍ത്തികള്‍ ഇല്ലാത്തതിനാല്‍ അകത്തു കയറി ആ ശിലാ വിഗ്രഹത്തെ ആര്‍ക്കും തൊടാം….. ദൈവത്തെ തൊട്ട് സംസാരിക്കുന്ന അവസ്ഥ. ഗുഹയുടെ മുകളില്‍ നിന്നും ഉള്ളിലേക്കും വിഗ്രഹത്തിലേക്കും വെള്ളത്തുള്ളികള്‍ വീഴും. അപ്‌സരസ്സുകള്‍ നടത്തുന്ന അര്‍ച്ചന പോലെ. ഇവിടെ അടുത്തു തന്നെ 2 അമ്പലങ്ങള്‍ വേറെയും ഉണ്ട്. പൂജാരിയും പൂജയും ഉണ്ട് അവിടെയും. . അവിടെ തൊട്ടടുത്ത് തന്നെ ആണ് അവിടുത്തെ പൂജാരിയുടെ വാസസ്ഥലം. ചെല്ലുന്ന ഭക്തജനങ്ങള്‍ക്ക് വേണമെങ്ങില്‍ ഈ പൂജാരിയുടെ വീട്ടില്‍ താമസിക്കാം. രണ്ടു നേരത്തെ ഭക്ഷണവും താമസവുമായി ഒരാള്‍ക്ക് ചെറിയ തുക അവര്‍ ഈടാക്കുന്നു.
സര്‍വജ്ഞപീഠത്തിലേക്ക് എത്തണമെങ്കില്‍ നടന്നു തന്നെ പോകണം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൌന്ദര്യ ദൃശ്യങ്ങള്‍ കണ്ടു മല കയറാം.താഴെ കാണാത്തത്ര ഉയരത്തിലൂടെ വീതി കുറഞ്ഞ വഴിയിലൂടെ ഉള്ള യാത്ര.ചെളി ,ചരല്‍ ,ഉരുളന്‍ കല്ലുകള്‍ പാറകൂട്ടങ്ങള്‍ എന്നിവയിലൂടെ കുത്തനെയുള്ള കയറ്റം .
ഓരോ പുല്‍നാമ്പിലും പ്രകൃതി അതിന്റെ വശ്യ സൗന്ദര്യം നിറച്ചിരിക്കുന്നു . ഇടക്കിടെ ദൃശ്യങ്ങളെ മറച്ച് കൊതിപ്പിചെത്തുന്ന കോടമഞ്ഞിന്റെ നേര്‍ത്ത ആവരണം. അതു മാറുമ്പോള്‍ അങ്ങുതാഴെ പഞ്ഞികെട്ടുകള്‍ പോലെ പറന്നുനടക്കുന്ന മേഘ പടലങ്ങള്‍. കൃഷ്ണശിലയില്‍ തീര്‍ത്ത ചെറിയൊരു ക്ഷേത്രരൂപമാണ് സര്‍വജ്ഞപീഠം.വിനോദയാത്രക്കല്ലാതെ കുടജാദ്രിയിലെ ത്തുന്നവരുടെ പ്രധാനലക്ഷ്യം സര്‍വജ്ഞ പീഠമാണ്.
കുടജാദ്രിയില്‍ ദേവീ സാന്നിദ്ധ്യം മനസിലാക്കിയ ആദി ശങ്കരന്‍ ഇവിടെ തപസിരുന്നുവെന്നാണ് വിശ്വാസം. സമചതുരാകൃതിയില്‍ രണ്ട് മീറ്റര്‍ നീളത്തിലും വീതിയിലും തീര്‍ത്ത കരിങ്കല്‍ നിര്‍മിതിയാണ് സര്‍വജ്ഞപീഠം. ഇതിനോട് ചേര്‍ന്ന് തന്നെ ചെറിയൊരു ഷെഡും കാണാം. അവിടെങ്ങും ലഭ്യമല്ലാത്ത കൂറ്റന്‍ കല്ലുകള്‍ കൊണ്ട്പണിത ചെറിയ കെട്ടിടം.കാലത്തിന്റെ പരിക്കുകളെ അതി ജീവിച്ചു കോട മഞ്ഞു പുതച്ചു നില്കുന്നു . പിന്നെ ചിത്ര മൂല. അവിടെയാണ് ശങ്കരാചാര്യര്‍ ഇരുന്നു ധ്യാനം നടത്തി എന്ന് വിശ്വസിക്കപെടുന്ന ഗുഹ.
ജീപ്പ് യാത്രയല്ലാതെ വനപാതയിലൂടെ നടന്നും കുടജാദ്രിയിലെത്താം. സാഹസികത ഇഷ്ടപ്പെടുന്നവരും ഭക്തരുമാണ് പ്രധാനമായും ഈ വഴി ഉപയോഗിക്കുന്നത്. കൊല്ലൂരില്‍ നിന്നും ഷിമോഗക്കുള്ള വഴിയില്‍ എട്ടു കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്താല്‍ കരന്‍കട്ട എന്ന സ്ഥലത്തെത്തും. ഇവിടെ നിന്ന് പത്ത് കിലോമീറ്ററോളം നടന്നാല്‍ കുടജാദ്രി താണ്ടാം. പ്രകൃതിരമണീയമായ അംബാവനത്തിലൂടെയാണ് യാത്ര. ഇതിന് പുറമെ ഹിഡുമനൈ വെള്ളച്ചാട്ടം വഴി കാനന സാഹസീക പാതയിലൂടെയും കുടജാദ്രിയിലെത്താം. നിട്ടൂര്‍ വഴി മറാകുട്കയില്‍ എത്തിയശേഷം വെള്ളച്ചാട്ടം വഴി ട്രക്കിങ് നടത്താം. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര അപകടകരമാണ്. കൂടാതെ അട്ടയുടെ ആക്രമണവും ഉണ്ടാകും.
ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കുടജാദ്രിയില്‍ പോകുന്നതാണ് നല്ലത്. വേനല്‍കാലത്ത് കുടജാദ്രിയിലെത്തിയാല്‍ പച്ചപ്പിന് പകരം ചെമ്മണ്‍ കുന്നുകള്‍ മാത്രമെ കാണാനാവു. മഴക്കാലത്ത് പോകുന്നവര്‍ ഉച്ചക്ക് മുന്‍പ് കുടജാദ്രിയില്‍ എത്താന്‍ ശ്രമിക്കണം. കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് മംഗലാപുരത്തെത്തി റോഡ് മാര്‍ഗമോ ട്രെയിനിലോ യാത്രചെയ്യാം. മംഗലാപുരത്തു നിന്ന് 170 കിലോമീറ്ററാണ് കുടജാദ്രിയിലേക്ക്. ട്രെയിനില്‍ പോകുന്നവര്‍ക്ക് മൂകാംബിക റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ബൈണ്ടൂരില്‍ നിന്ന് കൊല്ലൂരിലേക്ക് ബസ് കിട്ടും. ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കൊല്ലൂരിലെത്താം. അവിടെ നിന്ന് ജീപ്പ് മാര്‍ഗം കുടജാദ്രിയിലും എത്താം.
https://www.facebook.com/Malayalivartha