മനോഹരമായ താജ്‌മഹളിലേക്കൊരു യാത്ര
വേനലില്‍ ചുട്ടു പൊളളുന്ന നഗരം. തണുത്തു വിറക്കുന്ന ശൈത്യ കാലം. ഇവിടെ നിന്നും രണ്ടു മണിക്കൂര്‍ തീവണ്ടി യാത്ര ചെയ്‌താല്‍ ആഗ്രയാണ്. യമുനാതീരത്ത് താജ്‌മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്ര. ഗ്വാളിയറില്‍ അഞ്ച് വര്‍ഷമാകുന്നു. പക്ഷേ ഇതുവരെ താജ്‌മഹല്‍ കണ്ടിട്ടില്ല. കൂട്ടുകാര്‍ പലരും പലവട്ടം പോയി വന്നു.
ആ സമയത്താണ് എയര്‍ഫോഴ്‌സ് ഇന്‍ഷുറന്‍സ് ഏജന്‍സി ഇരുചക്ര വാഹനങ്ങള്‍ക്കായി ലോണ്‍ കൊടുത്ത് തുടങ്ങിയത്. അങ്ങനെ എല്ലാവരും താലോലിച്ച് വളര്‍ത്തിയ ഇരുചക്ര വാഹന സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചു തുടങ്ങിയത്. 97 ഏപ്രിലില്‍ ഞാനും ഒരു യമഹ ബൈക്ക് വാങ്ങി. എന്റെ സന്തത സഹചാരിയായ സവീന്‍ സുയാന്‍ എന്ന ലഖ്‌നോ നിവാസി ഒരു ഹീറോഹോണ്ടയും വാങ്ങി. ഞങ്ങളുടെ ദീര്‍ഘകാല സ്വപ്‌നമായ ആഗ്ര യാത്രക്ക് അരങ്ങൊരുങ്ങി. ഭാഷാ ഭേദമില്ലാതെ നിറഞ്ഞൊഴുകുന്ന സൗഹൃദങ്ങള്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേകതയാണ്.
ഒരു ആഴ്‌ചയറുതി വരെ കാത്തിരുന്നു യാത്രയ്‌ക്ക്. ഡിസംബര്‍ ആണ്. ഉത്തരേന്ത്യന്‍ ശൈത്യം. പ്രസാദാത്മകമായ കാലാവസ്ഥ. വേനലില്‍ നീണ്ട ബൈക്ക് യാത്ര ആലോചിക്കാനെ കഴിയില്ല. എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന മഹാരാജ്‌പൂര്‍ എന്ന സ്ഥലത്ത് നിന്ന് നേരെയുളള ട്രക്ക് റോഡ് ആണ് ആഗ്രയിലേക്ക് പോകുന്നത്. പ്രസന്നമായ പ്രഭാതം. സൂര്യന്‍ മുഖം കാണിച്ചു തുടങ്ങിയിട്ടില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും റോഡില്‍ കുടുത്ത മഞ്ഞ്. ഞങ്ങള്‍ റോഡരികില്‍ കണ്ട ചായക്കടയുടെ സമീപം നിര്‍ത്തി ചായയ്‌ക്ക് പറഞ്ഞു. ഞങ്ങള്‍ ആസ്വദിച്ച് ചായ കുടിച്ചു. ഹെല്‍മറ്റ് മാറ്റിയപ്പോള്‍ നല്ല തണുപ്പ്. അടുത്തത് ധോല്‍പൂര്‍ രാജസ്ഥാനിലാണ്.
പീതാംബരം പുതച്ചു നീണ്ട കടുക് പാടങ്ങള്‍ കണ്ടു തുടങ്ങി. ബൈക്ക് നിര്‍ത്തി കുറച്ച് പടങ്ങള്‍ എടുത്തു. പുതപ്പ് വയലരികത്ത് വിരിച്ചു. ഞങ്ങള്‍ ഇരുന്നു. പച്ചയും മഞ്ഞയുടെയും അപൂര്‍വ ചാരുതയാണ് ഈ വയലുകള്‍ക്ക്. അങ്ങനെ ഞങ്ങള്‍ ധോല്‍പൂരം കടന്നു പോയി.
ഉച്ചഭക്ഷണ സമയമായപ്പോഴേക്കും ആഗ്രയില്‍ എത്തി. അധികം മോടികള്‍ ഇല്ലാത്ത ഒരു പഴയ നഗരം. യമുനാ നദിയുടെ നഗരമാണ് ആഗ്ര. പക്ഷേ വെളളത്തിനെല്ലാം ഉപ്പ് രസം. അത് കൊണ്ട് കുടിവെളളത്തിനു കുപ്പിവെളളത്തെ ആശ്രയിക്കണം. തരക്കേടില്ലാത്ത ഒരു ഹോട്ടലില്‍ മുറിയെടുത്തു. ബൈക്ക് ഓടിച്ച ക്ഷീണത്തില്‍ ഇത്തിരി ഉറങ്ങി. നാലു മണി കഴിഞ്ഞ് എഴുന്നേറ്റു. താജ് മഹലിലേക്ക് കഷ്‌ടിച്ച് പതിനഞ്ച് മിനിറ്റ് ബൈക്കില്‍. ബൈക്ക് കുറച്ചകലെ പാര്‍ക്ക് ചെയ്‌തു.
അതാ താജ്‌മഹല്‍ വായിച്ചും കേട്ടും ചിത്രങ്ങളിലൂടെയും അറിഞ്ഞിരുന്ന താജ്..... സഞ്ചാരികളുടെ തിരക്ക്. വിദേശികളും സ്വദേശികളും ടിക്കറ്റ് എടുത്തു അകത്ത് കയറി. പ്രഥമ ദര്‍ശനം. നിര്‍നിമേഷനായി കുറച്ച് നേരം നോക്കി നിന്നു. ലോകാത്ഭുതങ്ങളില്‍ ഒന്ന് കണ്‍മുന്നില്‍ വിളങ്ങുന്നു. ഷാജഹാന്റെ പേരിലുളള പ്രണയ കുടീരം. അനേകം ശില്‍പികളും അടിമകളും തൊഴിലാളികളും അഹോരാത്രം കഷ്‌ടപ്പെട്ടതിന്റെ ഫലം. 1632 ല്‍ തുടങ്ങി ഇരുപത്തിയൊന്നുവര്‍ഷം നീണ്ട നിര്‍മാണം. എല്ലാത്തിനും യമുനാ നദിയുടെ ഓളങ്ങള്‍ സാക്ഷി. ഓരോ ശില്‍പവേലകളും എത്ര സൂക്ഷ്‌മതയോടെയാണ് ചെയ്‌തിരിക്കുന്നത്. പൂര്‍ണ നിലാവില്‍ കുളിച്ച താജ്‌മഹല്‍ വിഭാവനം ചെയ്‌തു നോക്കൂ. കണ്ണുകള്‍ക്ക് ഉത്സവമായിരിക്കും. പൊതുവേ രാത്രി തുറക്കാറില്ല. പൂര്‍ണനിലാവില്‍ തുറക്കുമ്പോള്‍ സന്ദര്‍ശകര്‍ക്കുളള ടിക്കറ്റ് നിരക്കും കൂടുതലാണ്.
അകത്തുളള ശവകുടീരം കാണാന്‍ വലിയ തിരക്കാണ്. ഓരോ കൊത്തുപണികളെയും സസൂക്ഷ്‌മം ഗ്ലാസ് പച്ച് നിരീക്ഷിക്കുന്ന വിദേശികളെ കണ്ടു. ചുറ്റിലും ഒന്ന് നടന്നു. ഒരു നോക്ക് കൂടെ കണ്ടു താജിന്റെ അഭൗമ സൗന്ദര്യത്തെ. മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ പുറത്തു കടന്നു. ചരിത്ര നിയോഗം കൂടിയാണ് ഈ യാത്ര.
പാന്‍പരാഗ് ചവച്ച് നഗരത്തിലെ ഭിത്തികളെല്ലാം ചുവപ്പിച്ച് വെച്ചിട്ടുണ്ട് ആഗ്രക്കാര്‍. തുകല്‍ വ്യാവസായത്തിന് ഇവിടം പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ നല്ല ലെതര്‍ ഷൂസ് വാങ്ങണമെങ്കില്‍ ആഗ്ര അനുയോജ്യം. അന്ധ്യയാകാറായി ഞങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തി.
രാവിലെ തയാറായി ഹോട്ടല്‍ മുറി ഒഴിഞ്ഞു. അര മണിക്കൂര്‍ ബൈക്ക് യാത്രകഴിഞ്ഞ് ആഗ്ര കോട്ടയിലെത്തി. 94 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കോട്ടക്ക് നാലു പ്രവേശന ഗോപുരങ്ങളാണ്. ദല്‍ഹി ഗേറ്റും ലാഹോര്‍ ഗേറ്റും പ്രസിദ്ധമാണ്. ആര്‍മി ഉപയോഗിക്കുന്നതിനാല്‍ ദല്‍ഹി ഗേറ്റ് അടച്ചിരിക്കുകയാണ്. ലാഹോര്‍ ഗേറ്റ് അല്ലെങ്കില്‍ അമര്‍ സിംഗ് ഗേറ്റ് വഴിയാണ് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത്. മുസമന്‍ ബര്‍ജ് എന്ന ഗോപുരത്തില്‍ കയറി നിന്നാല്‍ താജ്‌മഹലിന്റെ മനോഹര ദൃശ്യം കാണാം.
വെയില്‍ മൂത്ത് തുടങ്ങി. സഞ്ചാരികളുടെ ബാഹുല്യം. കോട്ട ഒന്ന് ഓടിച്ചു കണ്ടു ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. സുഹൃത്തുക്കള്‍ക്കായി കൊണ്ടു പോകാന്‍ പറ്റിയ ആഗ്രയുടെ അടയാളങ്ങള്‍ക്ക് ആഗ്ര പേഡ എന്ന മധുരം. വലിയ പാത്രങ്ങളില്‍ കുമ്പളങ്ങ വേവിച്ചു. പഞ്ചസാര ചേര്‍ത്ത് ഉണ്ടാകുന്നവ. കാണാന്‍ ചെറിയ സ്‌ഫടികകഷണങ്ങള്‍ പോലെ.
സന്ധ്യയാകുമ്പോഴേക്കും ഗ്വാളിയാറില്‍ എത്തി. സുരക്ഷിതമായി എത്തിയ ആശ്വാസം. സൗഹൃദത്തിന്റെ താജ്‌മഹല്‍ യാത്ര.
https://www.facebook.com/Malayalivartha