ഓണാവധിക്കാലം തമിഴ്‌നാട്ടില്‍ ആഘോഷിക്കാനാണോ പ്ലാന്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക
ഓണാവധിക്കാലം തമിഴ്‌നാട്ടില്‍ ചിലവഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ സൂക്ഷിക്കുക. വിനോദയാത്ര തമിഴ്‌നാട്ടിലേക്കാണ് എങ്കില്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സും ഒപ്പം കരുതണം. ലൈസന്‍സ് കൈവശമില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തമിഴ്‌നാട് പൊലീസിന്റെ തീരുമാനം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തമിഴ്‌നാട് ഡിജിപി ഓഫീസില്‍ നിന്നും എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും അയച്ചുകഴിഞ്ഞു.
സെപ്തംബര്‍ ഒന്നുമുതല്‍ വാഹനമോടിക്കുന്നവര്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം കരുതണം എന്ന തമിഴ്‌നാട് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ട്രാഫിക്ക്) പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ലൈസന്‍സ് കൈവശമില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമം 130, 181 എന്നിവ പ്രകാരം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു.
ഓണാവധിക്കാലം കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കിന്റെ കാലമാണ്. ഊട്ടി, കൊടൈക്കനാല്‍, മധുര, വേളാങ്കണ്ണി, നാഗൂര്‍ തുടങ്ങിയ വിനോദസഞ്ചാര തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഓണാവധിക്കാലം തെരഞ്ഞെടുക്കുന്നവരാണ് മലയാളികള്‍ ഏറെയും. സ്വന്തം വാഹനമോടിച്ച് കുടുംബസമേതം പോകുന്നവര്‍ തലവേദന ഒഴിവാക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഒറിജിനല്‍ ഉറപ്പായും കൈയില്‍ കരുതണം. അല്ലെങ്കില്‍ വിനോദയാത്ര പൊല്ലാപ്പാകും എന്നര്‍ത്ഥം.
https://www.facebook.com/Malayalivartha