ചെഷ്മ ഷാഹി എന്ന മുഗള്‍ ഉദ്യാനവും അവിടത്തെ നീരുറവയും
ഹരിതവര്‍ണ്ണത്തിന് എത്ര വൈവിധ്യങ്ങളാണു പ്രകൃതിയില്‍! ആ കാഴ്ച കണ്ടു നിന്നാല്‍ സമയം പോകുന്നതറിയില്ല. മറ്റു മുഗള്‍ ഉദ്യാനങ്ങളെ പോലെ തന്നെ ദാല്‍ തടാകത്തിനഭിമുഖമായി കുന്നിന്‍ചെരുവില്‍ തട്ടുകളായാണ് ചെഷ്മ ഷാഹിയും. മൂന്നു തട്ടുകളിലൂടെ ഉദ്യാനമധ്യത്തിലൂടെ ഒഴുകിയിറങ്ങുന്ന കല്ലോലിനി ദാല്‍ തടാകത്തിലേയ്ക്കു ചേരും.
1632-ല്‍ ഷാജഹാന്‍ ചക്രവര്‍ത്തി ഇറാനിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചതാണ് ഈ മോഹനോദ്യാനം. കുറേ അധികം പടവുകള്‍ കയറിവേണം ആദ്യതടത്തിലെത്താന്‍ . പടവുകള്‍ക്കിരുവശവും ചരിഞ്ഞുകിടക്കുന്ന പുല്‍ത്തകിടിയും ഇടയ്ക്കു ഭംഗിയില്‍ വളര്‍ത്തിയിരിക്കുന്ന പൂച്ചെടികളും അലങ്കാരച്ചെടികളും. ആദ്യ തടത്തിലെത്തിയാല്‍ മുകളില്‍ മിനുസമുള്ള കല്‍പടവുകളിലൂടെ ഒഴുകിയിറങ്ങുന്ന ജലവാഹിനി തീര്‍ക്കുന്ന സമചതുരാകൃതിയിലുള്ള ഒരു പൊയ്ക കാണാം. ഇരുവശങ്ങളില്‍ വശ്യതയാര്‍ന്ന ഉദ്യാനഭംഗി.
രണ്ടാമത്തെ തടവും കടന്നു മുകളിലെത്തിയാല്‍ അവിടെ നമ്മെക്കാത്ത് ഒരത്ഭുതമുണ്ട്. വിശേഷപ്പെട്ട ഒരു നീരുറവ. പിന്നിലുള്ള ഹിമവല്‍സാനുക്കളിലെ ഏതോ മഞ്ഞുപാളികളില്‍ നിന്നൊഴുകിയെത്തുന്ന ഈ ജലധാരയ്ക്ക് ഔഷധഗുണമുണ്ടത്രേ. ഇതു കുടിക്കുമ്പോള്‍ തന്നെ പ്രത്യേകമായൊരു ഉന്‍മേഷം അനുഭവേദ്യമാകും എന്നാണ് പറയുന്നത്. ധാരാളം പേര്‍ ഈ ജലം ശേഖരിച്ചുകൊണ്ടുപോകാന്‍ വലിയ ക്യാനുകളും മറ്റു സംഭരണികളും ഒക്കെയായി ക്യൂ നില്‍ക്കുന്നതായി കാണാം.
ജവഹര്‍ലാല്‍ നെഹ്രു ഈ ജലം മാത്രമാണത്രെ കുടിച്ചിരുന്നത്. മുഗള്‍ രാജകൊട്ടാരത്തിലെ അടുക്കളയില്‍ പാചകത്തിന് ഇവിടെ നിന്നു കൊണ്ടുപോയിരുന്ന ജലമായിരുന്നു ഉപയോഗിച്ചുപോന്നിരുന്നത്. നൂര്‍ജഹാന്റെ ദീര്‍ഘകാലമായുണ്ടായിരുന്ന രോഗം ഭേദമാക്കിയത് ഈ ജലപാനം കൊണ്ടാണെന്നാണു വിശ്വാസം. ഈ ജലമാണ് റാണിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നാണ് മറ്റൊരു പക്ഷം. ഇവിടെ ഒരു മണ്ഡപവും ചെഷ്മഷാഹിദി എന്ന ദേവാലയവും ഉണ്ട്.
ഉദ്യാനത്തില്‍ ധാരാളം പൂച്ചെടികളും വൃക്ഷങ്ങളും ഒക്കെയുണ്ട്. മറ്റെങ്ങും കണ്ടിട്ടില്ലാത്ത കറുത്തപൂക്കള്‍ അവിടെ കാണാന്‍ കഴിഞ്ഞു. ഉയരത്തില്‍ നിന്നുള്ള ദാല്‍ത്തടാകദൃശ്യം സ്വപ്നസദൃശമാണ്. ഇനിയുമുണ്ട് സന്ദര്‍ശിക്കാന്‍ ഇവിടെ വേറേയും ഉദ്യാനങ്ങള്‍. ബൊട്ടാണിക്കള്‍ ഗാര്‍ഡന്‍, ട്യൂലിപ് ഗാര്‍ഡന്‍.. അങ്ങനെയങ്ങനെ..
ഗുല്‍മാര്‍ഗ്ഗിലേയ്ക്ക് അറുപതു കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ശ്രീനഗറില്‍ നിന്ന്. ഒന്നര മണിക്കൂറോളം നീണ്ട യാത്ര. പക്ഷെ പാതയ്ക്കിരുവശവുമുള്ള ആപ്പിള്‍ ചെറി തോട്ടങ്ങളുടെയും മറ്റും ഭംഗിയാസ്വദിക്കാന്‍ പലയിടത്തും ഇറങ്ങിക്കയറി സമയമൊരുപാടു കടന്നുപോകും.
ഗുല്‍മാര്‍ഗ്ഗിലേയ്ക്കടുക്കുമ്പൊള്‍ ഹരിതഭംഗിയ്ക്കപ്പുറം മഞ്ഞു വീണുറഞ്ഞ ഗിരിശിഖരങ്ങള്‍ ദൃശ്യമാകും. ഒടുവില്‍ ആ സ്വര്‍ഗ്ഗഭൂമിയിലേയ്‌ക്കെത്തുകയായി ഒരു പ്രണയകാവ്യം പോലെ സുന്ദരിയായ ഗുല്‍മാര്‍ഗ്ഗ്.
ഗുല്‍മാര്‍ഗ്ഗ് എന്ന വാക്കിനര്‍ത്ഥം പൂക്കളുടെ താഴ്വര എന്നാണ്. പേരന്വര്‍ത്ഥമാക്കുന്ന പൂമെത്ത തന്നെയാണ് അവിടുത്തെ വിശാലമായ പുല്‍മേടുകളില്‍ കാണാന്‍ കഴിയുക. അഫര്‍വത് മലനിരകളുടെ താഴവരയിലെ പീഠഭൂമിയാണ് ഈ വിശാലമായ പുഷ്പലോകം.
മഞ്ഞുകാലമായാല്‍ ഇവിടെമാകെ മഞ്ഞിന്‍പുതപ്പിനുള്ളിലാകും. മഞ്ഞുകാലവിനോദങ്ങള്‍ക്ക് പുകള്‍പെറ്റ കേന്ദ്രമാണ് ഗുള്‍മാര്‍ഗ്ഗ്. അതിനായി ഉയരത്തിലുള്ള മഞ്ഞുമലകളിലേയ്ക്കു പോകേണ്ടതുണ്ട്. കേബിള്‍ കാര്‍ (റോപ് വേ) ആണ് അതിനുള്ള മാര്‍ഗ്ഗം. ഏഷ്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ് വേ ആണ് ഗൊണ്ടോള എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ കേബിള്‍ കാര്‍. ഏറ്റവും നീളമുള്ളതും ഇതുതന്നെ. ഫ്രഞ്ചു കമ്പനിയായ പൊമംഗല്‍സ്‌കിയുമായി ചേര്‍ന്ന് കാഴ്മീര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഒരു സംരംഭമാണിത്.
വാഹനമിറങ്ങിയശേഷം ഒരുകിലോമീറ്റര്‍ നടന്നോ കുതിരപ്പുറത്തോ പോയിവേണം ഗൊണ്ടോളയുടെ അടുത്തെത്താന്‍ . മഞ്ഞുമലയില്‍ ഉപയോഗിക്കുന്ന പ്രത്യേകതരത്തിലുള്ള വസ്ത്രങ്ങളും റബ്ബര്‍ ബൂട്‌സും ഒക്കെ ഇവിടെ വാടകയ്ക്കു കിട്ടും. രണ്ടു സ്‌ടേഷനുകളാണ് ഗൊണ്ടോളയുടെ മാര്‍ഗ്ഗത്തില്‍. 10 മിനിട് സഞ്ചരിച്ചാല്‍ കൊങ്ങ്ടൂര് , പിന്നെയും 12 മിനിട് അഫര്‍വത് കൊടുമുടി. പ്രത്യേകം ടിക്കറ്റ് നിരക്കുകളാണ് ഈ രണ്ടു കേന്ദ്രത്തിലേയ്ക്കും.
മഞ്ഞുകാലത്ത് അഫര്‍വത്തിലെ മഞ്ഞുമേലാപ്പില്‍ സ്‌കീയിങ്ങും മറ്റു മഞ്ഞുകാലവിനോദങ്ങളും അരങ്ങേറും. ഏറ്റവും വലിയ സ്‌കീയിംഗ് റിസോര്‍ട്ട് ഇവിടെയാണ്. മഞ്ഞുകാലവിനോദങ്ങള്‍ക്കുള്ള അന്തര്‍ദ്ദേശീയ മല്‍സരങ്ങള്‍ക്കുവരെ ഗുള്‍മാര്‍ഗ്ഗ് വേദിയാകാറുണ്ട് .
https://www.facebook.com/Malayalivartha