അഗുംബെ: ദക്ഷിണ ഭാരതത്തിലെ ചിറാപ്പുഞ്ചി
ശ്രീ.ആര്‍.കെ.നാരായണന്റെ 'മാല്‍ഗുഡി ഡേയ്‌സ്' എന്ന ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മിച്ച ലൊക്കേഷന്‍, നിത്യഹരിത വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രകൃതി ഭംഗി, രാജവെമ്പാലകളുടെ ആവാസകേന്ദ്രം ഇങ്ങനെ ചില വിശേഷണങ്ങള്‍ കൊണ്ട് പ്രശസ്തമായ പ്രദേശമാണ് അഗുംബെ. ദക്ഷിണ ഭാരതത്തിലെ ചിറാപുഞ്ചി എന്ന വിശേഷണം കൂടിയുണ്ട് അഗുംബെയ്ക്ക്.
കേരളത്തിലെ ഇടുങ്ങിയ റോഡുകള്‍ കടന്ന് കര്‍ണാടകത്തിലെ മംഗലാപുരത്തു നിന്ന് 30 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ആണ് പാടുബിദ്രി, അവിടെനിന്നാണ് അഗുംബെയിലേക്കുള്ള വഴി തിരിയുന്നത്. അവിടെനിന്ന് ഏകദേശം 80 കി.മി ആണ് അഗുംബെയിലേക്കുള്ളത്. പാടുബിദ്രിയില്‍ നിന്ന് സുമാര്‍ 32 കി.മി സഞ്ചരിച്ചാല്‍ കര്‍ക്കാല എന്ന സ്ഥലത്തെത്തും. അവിടെനിന്ന് സോമേശ്വര വന്യമൃഗ സങ്കേതത്തിലൂടെ പോകുന്ന റൂട്ട് പിടിച്ചാല്‍ 49 കിലോമീറ്ററിനപ്പുറം അഗുംബെയാണ്. സോമേശ്വര റൂട്ട് വേണ്ടെങ്കില്‍ കര്‍ക്കലയിലെ നിന്ന് മംഗലാപുരം ഷോലാപൂര്‍ ഹൈവേ പിടിച്ച് നേരെ ശൃങ്കേരി വഴി കൊപ്പ. ഏകദേശം 90 കി.മി കുദ്രേമുഖ് നാഷണല്‍ പാര്‍ക്കിനുള്ളിലൂടെ കടന്നു പോകുന്ന റോഡാണിത്. കുദ്രേമുഖ് നാഷണല്‍ പാര്‍ക്കില്‍ നിത്യഹരിത വനത്തിനുള്ളിലൂടെയുള്ള യാത്ര ഹരമുളവാക്കുന്നതാണ്.
കര്‍ണാടകത്തിലെ ഷിമോഗ ജില്ലയില്‍ പെട്ട തീര്‍ത്ഥഹള്ളി (ശ്രീഹള്ളിയല്ല) താലൂക്കിലെ ഒരു ചെറിയ ഗ്രാമം.. 45 മാടക്കടകള്‍, ഒരു ബസ്റ്റാന്‍ഡ്, ഒരു ലോഡ്ജ്, പിന്നെ 500 പേരോളം വരുന്ന ജനസംഖ്യ...ഇതാണ് അഗുംബെ. കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗം.അഗുംബെയിലേക്കുള്ള യാത്രയ്ക്കിടയില്‍ കൃഷിഭൂമികള്‍ കാണാം.യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ നാടാണിത്.
അഗുംബെയില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു പ്രത്യേക ഫീല്‍ ആണ്. തുമ്പികളും ചിത്രശലഭങ്ങളും നമുക്ക് ചുറ്റും വട്ടമിട്ട് പറക്കും.അവിടെ അഗുംബെയിലെ മഴക്കാടുകളിലെ Agumbe Rainforest Research Station സന്ദര്‍ശിക്കാം. നിത്യഹരിത വനങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ചും സംരക്ഷണത്തെ കുറിച്ചും പഠിക്കുവാന്‍ 2005-ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ഥലം.രാജവെമ്പാലയുടെ പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ പഠിക്കുവാന്‍ ആദ്യമായി റേഡിയോ ടെലിമെട്രി സംവിധാനം ഉപയോഗിച്ചത് ഇവിടെയാണ്. പാമ്പുകള്‍ dry bite ചെയ്യാറുണ്ടത്രേ.വിഷം കുത്തിവെയ്ക്കാതെയുള്ള കടിയെയാണ് dry bite എന്ന് വിശേഷിപ്പിക്കുന്നത്.മാത്രമല്ല, ഒരു തവണ കൊത്തുമ്പോള്‍ കുത്തിവെയ്‌ക്കേണ്ട വിഷത്തിന്റെ അളവും പാമ്പുകള്‍ക്ക് നിശ്ചയിക്കാന്‍ കഴിയുമത്രേ!
അഗുംബെയില്‍ നിന്ന് ഏകദേശം 19 കി.മി യാത്ര ചെയ്താല്‍ കുന്ദാദ്രി ഹില്‍സ് എത്തിച്ചേരാം. പതിനേഴാം നൂറ്റാണ്ടില്‍ പണി കഴിക്കപ്പെട്ട ഒരു ജെയിന്‍ അമ്പലമാണ് അത്.അമ്പലത്തിന്റെ പുറത്ത് തുറന്ന പ്രദേശത്ത് പാറക്കെട്ടും ഒരു ചെറിയ തടാകവും സ്ഥിതി ചെയ്യുന്നു.കുന്നിനു മുകളില്‍ നിന്ന് നോക്കിയാല്‍ ചുറ്റുമുള്ള ഗ്രാമങ്ങളുടെയും കൃഷിയിടങ്ങളുടെയും കാഴ്ചകള്‍ കാണുവാന്‍ സാധിക്കും.
മംഗലാപുരം റൂട്ടില്‍ ശൃംഗേരിയില്‍ നിന്ന് വരുമ്പോള്‍ തുങ്കഭദ്ര നദിക്കു കുറുകെയുള്ള പാലം കടക്കുന്നതിനു മുന്‍പ് വലത്തേയ്ക്കുള്ള ചെറിയ റോഡില്‍ പതിനഞ്ച് കിലോമീറ്ററോളം യാത്ര ചെയ്താല്‍ സിരിമാനെ വെള്ളചാട്ടത്തിനരികില്‍ എത്തിച്ചേരാം. ആതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെ ഫോര്‍മാറ്റ്.കരയില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനേക്കാള്‍ ഫീല്‍ വെള്ളച്ചാട്ടത്തിനടിയില്‍ നില്‍ക്കുമ്പോളാണ്...അനുഭവിച്ചുതന്നെ അറിയണം...മനസ്സും ക്യാമറയും നിറയെ നല്ല ഓര്‍മ്മകളുമായി മടങ്ങാം.
https://www.facebook.com/Malayalivartha