'സണ്‍ സിറ്റി' എന്ന വിളിപേരിലറിയപ്പെടുന്ന ജോധ്പൂര്‍, മരുഭൂമിയിലെ നീല നഗരം
മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉള്‍പ്പെടുന്ന വര്‍ണ വിസ്മയങ്ങളുടെ പറുദീസയാണ് രാജസ്ഥാന്‍!! മനംകുളിര്‍ക്കും കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
രാജസ്ഥാനില്‍ എത്തിയാല്‍ ചരിത്ര പ്രസിദ്ധമായ ജോധ്പൂര്‍ സന്ദര്‍ശിക്കാതെ പോന്നാല്‍ യാത്ര പൂര്‍ണതയിലെത്തുകയില്ല.
നീല നഗരമെന്ന വിളിപേരിലറിയപ്പെടുന്ന ജോധ്പൂരിലെ കോട്ടകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വീടുകള്‍ക്കു വരെ നീലമയമാണ്.
ഇന്ത്യയുടെ 'സണ്‍ സിറ്റി' എന്നറിയപ്പെടുന്ന ജോധ്പൂര്‍, 1429- ല്‍ റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ് നഗരം സൃഷ്ടിച്ചത്.
മെഹ്‌റാന്‍ഗാധ് കോട്ട ജോധ്പൂരിലെ പ്രശസ്തമായ കോട്ടകളിലൊന്നാണ്. അതീവ സുന്ദര ശില്‍പചാരുതയാര്‍ന്ന കാഴ്ച. കോട്ടയ്ക്കകത്ത് മോത്തി മഹല്‍, ഫൂല്‍മഹല്‍, ശീഷ് മഹല്‍, ജാന്‍കി മഹല്‍ തുടങ്ങിയ മനോഹര കൊട്ടാരങ്ങളുണ്ട്. ചരിത്രപ്രധാനമായ ഏഴു വാതിലുകളുണ്ട് മെഹ്‌റാന്‍ഗാധ് കോട്ടയ്ക്ക്. ചരിത്രപരമായും ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്ന ഈ ചരിത്രസ്മാരകം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ്. സമ്പുഷ്ടമായ സാംസ്‌കാരികകലാ പാരമ്പര്യമുള്ള ഈ പുരാതന നഗരത്തിന്റെ നീലിമ ആരെയും ആകര്‍ഷിക്കും.
കണ്ണാടികള്‍കൊണ്ട് അലങ്കരിച്ച ശീഷ് മഹല്‍ അതിമനോഹരമാണ്. വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള കണ്ണാടികള്‍ പതിച്ച ജനല്‍ പാളികള്‍. സര്‍വത്ര കണ്ണാടി മയം! കണ്ണാടികളില്‍ സൂര്യ കിരണങ്ങള്‍ പതിയുമ്പോള്‍ അതിഗംഭീരമായ ഒരു കാഴ്ച തന്നെയാണ്. സൗന്ദര്യവത്കരണം എന്നതിലുപരി, തണുപ്പിനെ ചെറുക്കാനുള്ള ഒരു മാര്‍ഗ്ഗവും കൂടിയായാണ് ശീഷ് മഹല്‍ നിര്‍മിച്ചിരിക്കുന്നത്. വിളക്കുകാലുകളില്‍ കുത്തി നിര്‍ത്തിയ ദീപങ്ങളില്‍ നിന്ന് ചൂട് അകത്തെ കണ്ണാടികളില്‍ പ്രതിഫലിച്ച് മഹലിനു ഉള്ളിലാകെ ചൂടു പരക്കുന്നു.
വെണ്ണക്കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു കെട്ടിടമാണ് ജസ്‌വന്ത് താഡ. 1899-ല്‍ ജസ്‌വന്ത് സിങ്ങിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓര്‍മക്കായി മകന്‍ സര്‍ദര്‍ സിങ്ങ് നിര്‍മിച്ച സ്മാരകമാണീ കെട്ടിടം. കൊത്തു പണികള്‍കൊണ്ട് മനോഹരമാക്കിയ വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഈ കെട്ടിടം മാര്‍വാറിലെ താജ് മഹല്‍ എന്നാണറിയപ്പെടുന്നത്. മാര്‍വാറിന്റെ രാജകുടുംബാംഗങ്ങളുടെ ശവകുടീരം കൂടിയാണ് ഇവിടം.
1929-ല്‍ ഉമൈദ് സിംഗ് മഹാരാജാവ് പണികഴിപ്പിച്ച കൊട്ടാരമാണിത്. ചിത്താര്‍ കൊട്ടാരം എന്നും അറിയപ്പെട്ടിരുന്നു. ഹെന്റി ലാങ്ക്സ്റ്റര്‍ എന്ന ബ്രിട്ടിഷ് ആര്‍ക്കിടെക് രൂപ കല്‍പ്പന ചെയ്ത ഈ കൊട്ടാരം കൊളോണിയന്‍ രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. 406 മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. ഇന്ന് കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് രാജവംശവും മറ്റൊരു ഭാഗം താജ് ഗ്രൂപ്പിന്റെ 7 സ്റ്റാര്‍ ഹോട്ടലും മറ്റൊരു ഭാഗം മ്യൂസിയവും ആണ്. മ്യൂസിയത്തില്‍ മൂന്ന് മുറികളിലായി ജോധ്പൂര്‍ രാജവംശത്തിന്റെ പ്രതാപകാലത്തെ ചിത്രങ്ങളും ആഭരണങ്ങളും തുടങ്ങി അമൂല്യങ്ങളും സവിശേഷങ്ങളുമായ വസ്തുക്കളുടെ പ്രദര്‍ശനമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ക്ലോക്കുകളുടെ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിലുണ്ട്.
ജോധ്പൂര്‍ നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് കെയ്‌ലാന തടാകം. 1872 -ല്‍ പ്രതാപ് സിംഗ് നിര്‍മിച്ച കൃത്രിമ തടാകമാണിത്. പ്രണയ നിറങ്ങളുടെ മിഴിവുള്ള ക്യാന്‍വാസ് പോലെയാണിത്. തടാകത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ബോട്ടിങ്ങിനുള്ള സൗകര്യങ്ങളും ആര്‍.ടി.ഡി.ടി.സിലൂടെ ലഭിക്കും. കെയ്‌ലാന തടാകത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ജയ്‌സാല്‍മീരിലേക്കുള്ള വഴിയിലാണ് മാച്ചിയ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കാടറിഞ്ഞ് കാടിന്റ വശ്യത നുകര്‍ന്നുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും മനം കുളിര്‍പ്പിക്കും. ജോധ്പൂര്‍ സഫാരി പാര്‍ക്കിലെ പ്രധാന കാഴ്ചകള്‍ മാന്‍, മുയലുകള്‍, കാട്ടുപൂച്ചകള്‍, മോങ്കൂസ്, കുരങ്ങുകള്‍ തുടങ്ങിയവയാണ്. കാഴ്ചക്കാരില്‍ വിസ്മയം ജനിപ്പിക്കുന്ന വലിയ പക്ഷി നിരീക്ഷണ കേന്ദ്രവും ഇവിടെയുണ്ട്. സഫാരി പാര്‍ക്കിലെത്തുന്നവര്‍ക്ക് സൂര്യാസ്തമയത്തിന്റെ മനോഹര കാഴ്ചകളും ആസ്വദിക്കാം.
https://www.facebook.com/Malayalivartha