സ്പിതി വാലിയിലെ പഴക്കമേറിയ ബുദ്ധവിഹാരമായ താബോ മൊണാസ്ട്രി
സ്പിതി വാലിയിലെ (ഹിമാചല്‍പ്രദേശ്) പഴക്കമേറിയ ബുദ്ധവിഹാരമാണ് താബോ. മൊണാസ്ട്രിയുടെ ഗേറ്റിലെത്തുമ്പോള്‍ ഇരുവശവും മതില്‍കെട്ടി സംരക്ഷിച്ച ആപ്പിള്‍ മരങ്ങള്‍. ആപ്പിള്‍പൂക്കളുടെ നനുത്ത സുഗന്ധമാസ്വദിച്ച് മുന്നോട്ട് നടക്കുമ്പോള്‍ തിബറ്റന്‍ രീതിയില്‍ പുതുതായി പണിത മനോഹരമായ കെട്ടിടം മൊണാസ്ട്രിയിലേക്ക് സ്വാഗതമോതുന്നു. അതിനരികെ മനോഹരമായ ഒരു സ്തൂപം കാണാം. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ അതിനുകീഴെ കസേരകള്‍ നിരത്തിയിട്ടിട്ടുണ്ട്.
കടന്നുപോയ നൂറ്റാണ്ടുകളുടെ കാല്‍പെരുമാറ്റം തേയ്മാനം തീര്‍ത്ത, നിരത്തിയ തടിപ്പലകകള്‍ വലിയൊരു ചതുരം തീര്‍ക്കുന്ന മുറ്റത്തേക്കാണ് ആദ്യം കടന്നുചെല്ലുന്നത്. മണ്ണിന്റെ നിറമാര്‍ന്ന, മണ്ണിനാല്‍ മെനഞ്ഞ നിരവധി നിര്‍മിതികളുടെ ഒരു സമുച്ചയം.പ്രധാന കെട്ടിടത്തിന്റെ കവാടത്തില്‍ മൊണാസ്ട്രി കാണാന്‍ എത്തുന്നവര്‍ക്കായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഒരു ജീവനക്കാരിയുണ്ട്.
ആധുനിക ലോകത്തിന്റെ ജീര്‍ണധൂളികള്‍ പേറുന്ന പാദുകങ്ങള്‍ പുറത്തുപേക്ഷിച്ച് സൂക്ഷിപ്പുകാരി തുറന്നുതരുന്ന വാതിലിലൂടെ അകത്തുകടക്കണം. എത്രമേല്‍ ഉന്നതനാണെങ്കിലും ഏറ്റവുമെളിയവനൊപ്പം തലകുനിച്ചാല്‍ മാത്രം പ്രവേശനമരുളുന്ന ലളിതമായ മരക്കവാടം. അതിനുള്ളിലെ ഇരുളിനോട് കണ്ണുകള്‍ പരിചയത്തിലാവാന്‍ അല്‍പസമയമെടുക്കും. കടന്നുചെല്ലുന്നത് ചതുരാകൃതിയുള്ള ഒരു മുറിയിലാണ്.
വലിയ മരത്തടികള്‍ ഊടും പാവും നെയ്തുണ്ടാക്കിയ അലങ്കാരങ്ങളില്ലാത്ത ഒരു മുറി. ഏതാനും സുവനീറുകളും പുസ്തകങ്ങളും ഒരു ചില്ലുപെട്ടിയില്‍ വില്‍പനക്കായി സൂക്ഷിച്ചിട്ടുണ്ട്. അതിനിടതുവശത്ത് രണ്ടു മരപ്പാളികള്‍ ചേര്‍ന്ന് കാവല്‍ നില്‍ക്കുന്ന വാതില്‍പ്പടി. അതിനുള്ളിലാണ് മുഖ്യ ക്ഷേത്രം. ഇരുളും വെളിച്ചവും മായാജാലം തീര്‍ക്കുന്ന ആ പവിത്രതയില്‍ വലംകാലൂന്നിയ നിമിഷം നിര്‍വാച്യമായ ആനന്ദത്തിന്റെ ഒരു നനുത്ത മിന്നല്‍ നമ്മുടെ ഉടലിലൂടെ കടന്നുപോകും.
എത്രയോ ആചാര്യന്മാരുടെയും ശിഷ്യഗണങ്ങളുടെയും തലമുറകളുടെ പരിചരണത്താല്‍ പ്രഫുല്ലമായിരുന്ന ആ മന്ദിരത്തിനുള്ളില്‍ ആഹ്ലാദത്താല്‍ ഹൃദയം നിലച്ചുപോകാതിരിക്കാന്‍ പണിപ്പെടണം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മെ അതിശയിപ്പിക്കുന്നു പത്താം നൂറ്റാണ്ടു മുതലുള്ള അലങ്കാരങ്ങള്‍. ചുവപ്പിന്റെയും മഞ്ഞയുടെയും പ്രഭയാണ് ആദ്യം കണ്ണിനോട് കൂട്ടുകൂടുന്നത്.
പേരറിയാത്ത നിരവധി കലാകാരന്മാര്‍ പലതരം ചായക്കൂട്ടുകളാല്‍ ചിത്രപ്പണികള്‍ ചെയ്ത ഭിത്തികള്‍... ചരിത്രം വരച്ചു വെക്കപ്പെട്ട ചുവര്‍ ചിത്രങ്ങള്‍.. നാലു ദിക്കിലേക്കും സൗമ്യമായി മിഴിനട്ടിരിക്കുന്ന മഹാവൈരോചന മൂര്‍ത്തിയുടെ നാലുവിഗ്രഹങ്ങള്‍... ചുറ്റും ഗംഭീരശരീരികളായ മുപ്പത്തിരണ്ടു പേരടങ്ങുന്ന അനുചരവൃന്ദം... ആ സഭയിലേക്ക് ക്ഷേത്രത്തിന്റെ മേല്‍ത്തട്ടില്‍ നിന്ന് വീഴുന്ന സൂര്യന്റെ തിളങ്ങുന്ന വെളിച്ചം. ഇമചിമ്മാന്‍ നേരമെടുക്കാന്‍ തോന്നില്ല.
ഒപ്പമുള്ള ജീവനക്കാരി ക്ഷേത്രത്തിന്റെ ഉല്‍ഭവവും ചരിത്രവും വിവരിച്ചുതരും. കൂടാതെ ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും ഒരുപാട് കഥകളും വിവരണങ്ങളും. എ. ഡി 996-ലാണ് മൊണാസ്ട്രിയുടെ ഇപ്പോഴുള്ള രൂപം നിര്‍മിച്ചത്. അതിനു മുമ്പുതന്നെ ചെറിയൊരു മന്ദിരം ഉണ്ടായിരുന്നിരിക്കണം. ആയിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ നിര്‍മാണ വൈദഗ്ധ്യം താബോയുടെ ഒരു ചെറുമതില്‍ക്കെട്ടിനുള്ളില്‍ വിവിധ രൂപങ്ങളായി നിറയുന്നു. തടിയില്‍ ചട്ടക്കൂട് പണിത് മണ്ണ് കുഴച്ചുചേര്‍ത്ത് പണിത കൊച്ചു നിര്‍മിതികള്‍. എങ്ങും മണ്ണിന്റെ നിറം മാത്രം.
പ്രധാനക്ഷേത്രം കൂടാതെ ഉപക്ഷേത്രങ്ങളും സ്തൂപങ്ങളും ബുദ്ധസന്യാസിമാര്‍ക്ക് പാര്‍ക്കുന്നതിനുള്ള മുറികളും ആചാര്യന്മാരുടെ ഭൗതികശരീരാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കുടീരങ്ങളും ഈ മതില്‍ക്കെട്ടിനകത്ത് കാണാം. ഈ കുടീരങ്ങള്‍ക്ക് ആദ്യകാലത്ത് ജാലകങ്ങള്‍ ഉണ്ടായിരുന്നത്രേ. അവയിലൂടെ മഞ്ഞും വെയിലും കാറ്റും ഇടക്കിടെ മഴയും ആ മഹാത്മാക്കള്‍ക്ക് ഉപചാരമര്‍പ്പിച്ചിരുന്നിരിക്കണം.
വന്നുചേരുന്ന സഞ്ചാരികള്‍ ആദ്യമൊക്കെ അവരുടേതായ നേര്‍ച്ചകള്‍ ഇതിനുളളിലേക്ക് സമര്‍പ്പിക്കുമായിരുന്നത്രേ. ക്രമേണ സന്ദര്‍ശകര്‍ കടലാസുകളും പ്ലാസ്റ്റിക് കവറുകളും വരെ ഇതിനകത്തേക്ക് നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ അകത്തെ ചൈതന്യങ്ങളെ അന്ധകാരത്തില്‍ ബന്ധിച്ചുകൊണ്ട് ആ ജാലകങ്ങള്‍ മണ്ണുകുഴച്ച് അടക്കുകയായിരുന്നു.
മുഖ്യക്ഷേത്രത്തിനടുത്ത് മറ്റൊരു ക്ഷേത്രവും ഉണ്ട്. ആനേവാലാ ബുദ്ധ് എന്ന് തിബറ്റുകാര്‍ വിളിക്കുന്ന മൈത്രേയബുദ്ധന്‍. ഭാവിയിലെ ഏതോ യുഗത്തില്‍ അവതരിക്കാനുള്ള ബുദ്ധന്റെ രൂപമാണതെന്നാണ് വിശ്വാസം. പതിനഞ്ചടിയോളം ഉയരമുള്ള ഒരു വിഗ്രഹം. കുട്ടിത്തം നിറഞ്ഞ, നിഷ്‌കളങ്കമായ ഭാവം. തിബറ്റന്‍ വിശ്വാസത്തില്‍ അവതാരത്തിന് എട്ടുവയസ്സാകുമ്പോഴുള്ള വലുപ്പമായിരിക്കുമത്രേ അത്. അന്ന് ലോകത്ത് മനുഷ്യര്‍ക്കെല്ലാം അത്രയും വലുപ്പമുണ്ടാകുമെന്നും അവര്‍ വിശ്വസിക്കുന്നു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഈ ക്ഷേത്രത്തില്‍ ഉത്സവം നടക്കാറുണ്ട്. 2018 സെപ്റ്റംബറിലാവും അടുത്ത ആഘോഷം. അതൊരു അനുഭവം തന്നെയാവും.
താബോ മൊണാസ്ട്രിക്കകത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ട്. മുഖ്യകവാടത്തിലൂടെ പുറത്തിറങ്ങുമ്പോള്‍
കവാടത്തിന് വലതുവശത്തായി ചെമ്പുതകിടില്‍ മന്ത്രങ്ങള്‍ കൊത്തിയ പ്രാര്‍ത്ഥനാ ചക്രങ്ങള്‍ കാണാം. ആ ചക്രങ്ങള്‍ കറക്കി പ്രാര്‍ത്ഥിച്ചു മടങ്ങാം.
https://www.facebook.com/Malayalivartha