വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മതേരാന്‍ ഹില്‍ സ്‌റ്റേഷന്‍!
മഹാരാഷ്ട്രയിലെ താരതമ്യേന ചെറുതും എന്നാല്‍ വളരെ പ്രശസ്തവുമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മതേരാന്‍. പശ്ചിമഘട്ടനിരകളിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 2650 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
മുംബൈ, പുനെ തുടങ്ങിയ മഹാനഗരങ്ങളുടെ സമീപത്തായാണ് മതേരാന്‍. ഫോറസ്റ്റ് ഓണ്‍ ദ ഹെഡ് എന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാവുന്ന മതേരാന്‍, വീക്കെന്‍ഡ് ആഘോഷിക്കാനെത്തുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്.
ഹ്യൂ പോളിന്റ്‌സ് മലേറ്റാണ് മതേരാന്‍ കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്. 1850-ലാണ് ഇത്. ഉടന്‍തന്നെ പഞ്ചഗണിയോടൊപ്പം മതേരാനും ബ്രിട്ടീഷുകാരുടെ പ്രിയപ്പട്ട വേനല്‍ക്കാല സുഖവാസകേന്ദ്രമായി മാറി. മറ്റുഹില്‍സ്‌റ്റേഷനുകളിലേതുപോലെ തന്നെ, മനോഹരമായ നിരവധി വ്യൂ പോയന്റുകളാണ് മതേരാന്റെയും പ്രത്യേകത. ഔദ്യോഗികമായി 38 വ്യൂ പോയിന്റുകളാണ് മതേരാനിലുള്ളത് എന്നാണ് കണക്ക്. പനോരമ പോയിന്റാണ് ഇവയില്‍ ഏറ്റവും മനോഹരമായത്. മുംബൈ അടക്കമുള്ള ദൂര നഗരങ്ങളുടെ രാത്രിക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഹാര്‍ട്ട് പോയിന്റാണ് മതേരാനിലെ മറ്റൊരു സുന്ദരമായ വ്യൂ പോയിന്റ്.
ചരിത്രപരമായ സവിശേഷതകളുള്ള പ്രബല്‍ കോട്ടയടക്കമുള്ള കാഴ്ചകള്‍ സമ്മാനിക്കുന്ന ലൂയിസ പോയിന്റാണ് മതേരാനിലെ പ്രശസ്തമായ മറ്റൊരു വ്യൂ പോയിന്റ്. നിരവധി ചരിത്രകഥകള്‍ പറയാനുള്ള ഈ കോട്ട ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. ഇവിടത്തെ മറ്റ് പ്രശസ്തമായ വ്യൂപോയിന്റുകളാണ് മങ്കി പോയിന്റ്, പൊര്‍ക്യുപൈന്‍ പോയിന്റ്, വണ്‍ ട്രീ ഹില്‍ പോയിന്റ് എന്നിവ. പഴയ കാല ബ്രിട്ടീഷ് നിര്‍മാണരീതിയില്‍ നിന്നും കടം കൊണ്ടതാണ് മതേരാനിലെ കെട്ടിടങ്ങളും സ്മാരകങ്ങളും. ഇതില്‍ പല കെട്ടിടങ്ങളും ഇന്ന് ഹെറിറ്റേജ് പട്ടികയിലാണ്.
ഷാര്‍ലെറ്റ് ലേക്കാണ് ഇവിടത്തെ ഉല്ലാസത്തിനുള്ള ഒരു കേന്ദ്രം. കുട്ടികളോടൊപ്പം പൂന്തോട്ടത്തില്‍ കളിക്കാനും പക്ഷിനിരീക്ഷണത്തിനും വെറുതെ നടക്കാനും മറ്റുമായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. പിസാര്‍നാഥ് ക്ഷേത്രവും മോര്‍ബി ഡാമും ഇവിടെയെത്തുന്ന സഞ്ചാരികള്‍ വിട്ടുകളയരുതാത്ത കാഴ്ചകളാണ്.
കനത്ത കാടിനകക്കാഴ്ചകള്‍ക്ക് പ്രശസ്തമാണ് മതേരാന്‍. യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന കുരങ്ങുകളാണ് മതേരാന്‍ കാഴ്ചയെ രസകരമാക്കുന്ന ഒന്ന്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കഴിവതും ഇവിടേക്ക് കൊണ്ടുവരാതെ സൂക്ഷിക്കുക. കുരങ്ങുകള്‍ അത് തട്ടിപ്പറിച്ച് പാഞ്ഞേക്കുമെന്നത് മാത്രമല്ല അത് പരിസ്ഥിതിക്ക് അത്ര സുഖരമല്ല എന്നതും സഞ്ചാരികള്‍ ഓര്‍ത്തിരിക്കേണ്ടതാണ്. പരിസ്ഥിതിസംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന മതേരാനില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. വാഹനങ്ങള്‍ കുറവായതുകൊണ്ടുതന്നെ ഇവിടെ മലിനീകരണവും ബഹളങ്ങളും വളരെ കുറവാണ്. വാഹനങ്ങളില്ലാത്ത മതേരാനിലെ പ്രധാനപ്പെട്ട വിനോദങ്ങളിലൊന്ന് കുതിരസവാരിയാണ്. കൈകൊണ്ട് ഓടിക്കാവുന്ന ചില കളിവാഹനങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ ആംബുലന്‍സിന് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്.
മതേരാനിലെ ഓര്‍മയ്ക്കായി നിരവധി സാധനങ്ങള്‍ ലഭിക്കുന്ന പാതയോര കച്ചവടക്കാരുണ്ട് ഇവിടെ. പ്രധാനമായും വിദേശികളെ ലക്ഷ്യം വച്ചിരിക്കുന്ന ഇത്തരം കടകള്‍ നിറഞ്ഞതാണ് മതേരാന്‍ ബസാര്‍. കനത്ത ഫോറസ്റ്റിനകത്ത് കത്തുന്ന സൂര്യന്റെ വെയിലെത്തിച്ചേരാനെളുപ്പമല്ല. അതുകൊണ്ടുതന്നെ വര്‍ഷം മഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് മതേരാനില്‍ അനുഭവപ്പെടുക. മഴക്കാലത്ത് നിരവധി വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഇവിടം ചുറ്റിനടന്നുകാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മതേരാന് സമീപത്തുവരെ ഇക്കാലത്ത് ഒരു കാര്‍ യാത്ര തന്നെ അസുലഭമായ അനുഭവമായിരിക്കും.
https://www.facebook.com/Malayalivartha