മലമുകളിലെ വിസ്മയമായ പാഞ്ചഗണി
ഇരട്ട ഹില്‍ സ്‌റ്റേഷനുകള്‍ എന്നറിയപ്പെടുന്ന മഹാബലേശ്വറും പാഞ്ചഗണിയും മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാഞ്ചഗണിയുടെ പ്രകൃതിഭംഗിയില്‍ ആകൃഷ്ടരായി വര്‍ഷം തോറും എണ്ണമറ്റ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അവരാണ് പാഞ്ചഗണി കണ്ടു പിടിച്ചത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ചെസ്സനാണ് പാഞ്ചഗണി കണ്ടുപിടിച്ചിതിന്റെ ബഹുമതി.
സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1350 മീറ്റര്‍ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യന്നത്. അഞ്ച് മലകള്‍ എന്നാണ് പ്രാദേശികഭാഷയില്‍ പാഞ്ചഗണി എന്ന വാക്കിനര്‍ത്ഥം.ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെടന്ന വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു പാഞ്ചഗണി. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് ചെറുവെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമായി ആളുകള്‍ക്ക് പ്രിയങ്കരമാകുന്നു പാഞ്ചഗണി.
ആദ്യമായി വരുന്ന ആളാണെങ്കിലും നിരവധി തവണ ഇവിടെ വന്നുപോയ ആളാണെങ്കിലും പാഞ്ചഗണി മനോഹരമായ ഒരു ഉത്സവക്കാഴ്ച തന്നെയായിരിക്കും നിങ്ങള്‍ക്ക്. അസ്തമനത്തിന്റെ മായക്കാഴചകളും, സ്‌ട്രോബറി ചെടികള്‍ക്കിടയിലൂടെയുള്ള നടത്തവും പാരാഗ്ലൈഡിംഗും മറ്റുമായി മനോഹരമായ നിമിഷങ്ങളായിരിക്കും പാഞ്ചഗണി തന്റെ അതിഥികള്‍ക്കായി ഒരുക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. പശ്ചിമേന്ത്യയിലെ ഏറ്റവും നല്ല പാരാഗ്ലൈഡിംഗ് കേന്ദ്രങ്ങളിലൊന്നാണ് പാഞ്ചഗണി എന്ന് നിസംശയം പറയാം. 4500-ലധികം അടി ഉയരത്തില്‍, തണുത്ത കാറ്റില്‍ മനംമയക്കുന്ന താഴ്വാരക്കാഴ്ചകളില്‍ നിങ്ങള്‍ സ്വയം മറന്നുപോകുമെന്നുറപ്പാണ്.
എത്രകണ്ടാലും മതിവരാത്ത പ്രകൃതിമനോഹര ദൃശ്യങ്ങളാണ് പാഞ്ചഗണിയിലെന്നത് എടുത്തുപറയേണ്ട കാര്യമേയല്ല. കൃഷ്ണ നദിയിലൂടെയുള്ള ബോട്ടിംഗാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. ഇവിടത്തെ പേരുകേട്ട ബോട്ടിംഗ് പോയന്റാണ് ധൂം ഡാം. സുന്ദരമായ കൃഷ്ണ താഴ്വാരത്തിന് സമീപത്തായി പ്രശസ്തമായ പാഴ്‌സി, സിഡ്‌നി പോയന്റുകള്‍ കാണാം. ഭിലാര്‍ വെള്ളച്ചാട്ടമാണ് പാഞ്ചഗണിയില്‍ കാണാതെ പോകരുതാത്ത മറ്റൊരു അപൂര്‍വ്വമായ കാഴ്ച. പാഞ്ചഗണി ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മനോഹരമായ ഈ ദൃശ്യങ്ങള്‍ കാണാം. ഹോഴ്‌സ് റൈഡിംഗ്, പാരാസെയ്‌ലിംഗ് പോലെയുള്ള ആക്ടിവിറ്റിസിന് പ്രശസ്തമാണിവിടം.
പ്രകൃതിസ്‌നേഹിയായ യാത്രികനാണ് നിങ്ങളെങ്കില്‍ നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ഷേര്‍ബാഗ്. നിരവധി തരം പക്ഷികളും മുയലുകളും ടര്‍ക്കികളും അരയന്നങ്ങളും മറ്റുമായി നിറയെ കാഴ്ചകളുള്ള കുട്ടികളുടെ പാര്‍ക്കുണ്ട് ഇവിടെ. നിരവധി ഗുഹകളും ക്ഷേത്രങ്ങളും ഉണ്ട് ഇവിടെ. ഹാരിസണ്‍ വാലി, ഭീം ചൗള അഥവാ ദേവിയുടെ അടുക്കള എന്നിവ തിരക്കിനിടയില്‍ കാണാതെ പോകരുത്.
വീക്കെന്‍ഡുകളും മറ്റും ചെലവഴിക്കാനാണ് ആളുകള്‍ സാധാരണയായി ഇവിടെയത്തുന്നത്. നഗരത്തിന്റെ തിരക്കില്‍ നിന്നും ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാനായി എത്തുന്നവര്‍ക്ക് താമസിക്കാനായി ഇവിടെ മനോഹരമായ കോട്ടേജുകളുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്നും പാഴ്‌സികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് ഇവിടത്തെ കെട്ടിടങ്ങളില്‍ പലതും.
പാരിസ്ഥിതികമായ മലിനീകരണങ്ങള്‍ തെല്ലുമില്ലാത്ത ഒരു പ്രദേശം കൂടിയാണ് പാഞ്ചഗണി. ശുദ്ധമായ വായുവും പ്രകൃതിദത്തമായ കാഴ്ചകളുമാണ് പാഞ്ചഗണി തന്റെ സന്ദര്‍ശകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ശ്വാസസംബന്ധിയായ പ്രശ്‌നങ്ങളോ ക്ഷയമോ മറ്റും ഉള്ള ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് പാഞ്ചഗണിയിലേക്കുള്ള യാത്ര അതിസുന്ദരമായിരിക്കും എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. മുംബൈയില്‍ നിന്നും 285 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ പൂനെ എക്‌സ്പ്രസ് വേയിലൂടെയാണ് യാത്ര. ഇനി മുംബൈയില്‍ നിന്നും ഗോവ റൂട്ടിലാണ് വരുന്നതെങ്കില്‍ പോളാപൂര്‍ കഴിഞ്ഞ് ആദ്യമെത്തുക മഹാബലേശ്വറിലായിരിക്കും. വലിയ സംഘം ആളുകളുമായാണ് വരുന്നതെങ്കില്‍ പാഞ്ചഗണി മഹാബലേശ്വര്‍ റോഡില്‍ അന്‍ജുമെന്‍ ഇ ഇസ്ലാം സ്‌കൂള്‍ പരിസരത്തായി വലിയ ബംഗ്ലാവ് താമസത്തിന് എടുക്കുകയായിരിക്കും അഭികാമ്യം. സെപ്തംബര്‍ മുതല്‍ മെയ് വരെയുള്ള കാലത്താണ് പാഞ്ചഗണി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ശീതകാലത്ത് അന്തരീക്ഷതാപനില ഏതാണ്ട് 12 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും. വേനല്‍ക്കാലവും പൊതുവെ തണുത്തതും ചൂടുകുറഞ്ഞതുമാണ്. വര്‍ഷത്തില്‍ ഏത് സമയത്തും വരാവുന്ന സ്ഥലമാണിത്. എങ്കിലും സകുടുംബം എത്തുന്ന യാത്രികര്‍ പലപ്പോഴും മഴക്കാലമാണ് കൂടുതലും തെരഞ്ഞെടുക്കാറുള്ളത്.
https://www.facebook.com/Malayalivartha