3000 ക്ഷേത്രങ്ങള്‍..ലോകത്തിലെ ഏറ്റവും വലിയ ജൈന തീര്‍ഥാടന ഗ്രാമമായ പാലിത്താനയില്‍!!
3000 ക്ഷേത്രങ്ങള്‍..അതും ഒരു കൊച്ചു ഗ്രാമത്തില്‍..കഥയല്ല പറഞ്ഞു വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജൈനതീര്‍ഥാടനഗ്രാമമായ പാലിത്താനയിലെ വിശേഷമാണിത്. പക്ഷേ 3000 ക്ഷേത്രങ്ങളിലൊതുങ്ങുന്നതല്ല പാലിത്താനയുടെ പ്രശസ്തി. ലോകത്തിലെ ഏറ്റവും വലിയ ജൈന തീര്‍ഥാടന കേന്ദ്രവും ലോകത്തില്‍ നിയമപരമായി വെജിറ്റേറിയന്‍ ഗ്രാമമെന്ന പ്രശസ്തിയുമൊക്കെ ഗുജറാത്തിലെ ഈ ക്ഷേത്രഗ്രാമത്തിനു സ്വന്തമാണ്. കൂടാതെ മതസൗഹാര്‍ദ്ദം എന്താണെന്നും എങ്ങനെയാണെന്നും കാണണമെങ്കില്‍ പാലിത്താനയിലേക്ക് തന്നെ പോകണം.
ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജൈന തീര്‍ഥാടന കേന്ദ്രമാണ് പാലിത്താന. എന്നാല്‍ ജൈന ക്ഷേത്രങ്ങള്‍ മാത്രമല്ല ഇവിടെയുള്ളത്. ഹിന്ദു ക്ഷേത്രങ്ങളും ഇസ്ലാം മതവിശ്വാസികളുടെ ദര്‍ഗയുമൊക്കെ ഈ ഗ്രാമത്തിന്റെ പലഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും. 900 ക്ഷേത്രങ്ങള്‍ ഒരു കുന്നിന്‍ മുകളില്‍. അതാണ് പാലിത്താന. പാലിത്താനയിലെ ക്ഷേത്രങ്ങളും കുന്നും ജൈനമതക്കാര്‍ ഏറ്റവും പവിത്രമായ സ്ഥലമായാണ് കണക്കാക്കുന്നത്. ശ്വേതാംബര ജൈനരാണ് ഇവിടുത്തെ തീര്‍ഥാടകര്‍.
പാലിത്താനയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധമായി കണക്കാക്കുന്ന ഒരു മലയാണ് ശത്രുഞ്ജയ മല. ഷേത്രൂഞ്ഞി നദിയുടെ തീരത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജൈന ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ബീഹാറിലെയും ഗ്വാളിയാറിലെയും മൗണ്ട് അബുവിലെയും ഗിര്‍നാറിലെയുമൊക്കെ മലകളോട് സാമ്യമുള്ളതാണ് ശത്രുഞ്ജയ മലയും.
ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളുമുള്‍പ്പെടെ മൂവായിരത്തിലധികം ക്ഷേത്രങ്ങളാണ് ശത്രുഞ്ജയ മലയിലുള്ളത്. ജൈനമത്തിലെ ആദ്യ തീര്‍ഥങ്കരനായ ഋഷഭ തന്റെ ആദ്യത്തെ ധര്‍മ്മ പ്രഭാഷണം നടത്തിയത് ഇവിടെ വെച്ചാണെന്നാണ് പറയപ്പെടുന്നത്. അതിനു ശേഷമാണ് ഇവിടം ജൈനവിശ്വാസികള്‍ക്ക് പവിത്രമായ സ്ഥലമായി മാറിയത്. ജൈനമതത്തിലെ 24 തീര്‍ഥങ്കരന്‍മാരില്‍ 23 പേരും ശത്രുഞ്ജയ മലയില്‍ ഒരിക്കലെങ്കിലും എത്തിയിട്ടുണ്ടത്രെ.
താഴെ നിന്നും മലയുടെ മുകള്‍ വരെ ഏകദേശം 3800 പടികള്‍ കയറി വേണം എത്താന്‍. മുകളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ഋഷഭനാഥ തീര്‍ഥങ്കരന്റെ പേരിലാണുള്ളത്. താഴെ നിന്നും മുകളില്‍ വരെയുള്ള വഴിയുടെ ഇരുവശവും നിറയെ ക്ഷേത്രങ്ങള്‍ കാണാം. നടന്നെത്താന്‍ സാധിക്കാത്തവര്‍ക്കായി മഞ്ചലുകളില്‍ പോകാനും സൗകര്യവുമുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തമാണ് ഇവിടുത്തെ ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍. പ്രത്യേക അനുമതിയോടെ മാത്രമേ ക്ഷേത്രങ്ങളുടെ ഉള്ളില്‍ കയറാന്‍ സാധിക്കുകയുള്ളൂ. 11-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടു വരെയുള്ള കാലത്ത് നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍.
വെറുതെയങ്ങു പോയി മല കയറാന്‍ കഴിയില്ല. അതിപവിത്രമായി ജൈനര്‍ കണക്കാക്കുന്ന ഇവിടെ ചില നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടേതുണ്ട്. മലകയറുമ്പോള്‍ ഭക്ഷണം കരുതാന്‍ പാടില്ല. നേരം ഇരുട്ടുന്നതിനു മുന്‍പേ പൂജാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലയിറങ്ങിയിരിക്കണം.രാത്രികാലങ്ങളില്‍ മലമുകളില്‍ ആരും ഉണ്ടായിരിക്കാന്‍ പാടില്ല.
ജൈനവിശ്വാസികളെക്കൂടാതെ ഹിന്ദുക്കളും മുസ്ലീം തീര്‍ഥാടകരും എത്താറുണ്ട്. മലമുകളിലെ ശിവക്ഷേത്രമാണ് ഹിന്ദുതീര്‍ഥാടകരുടെ ലക്ഷ്യം. പണ്ട് പലിത്താനയുടെ നേരേയുണ്ടായ ആക്രമണത്തില്‍ നിന്ന് ഗ്രാമത്തെ രക്ഷിച്ചത് അംഗാര്‍ പീര്‍ ബാബ എന്നു പേരായ സൂഫിയാണത്രെ. അദ്ദേഹത്തിന്റെ ദര്‍ഗ സന്ദര്‍ശിക്കാനാണ് മുസ്ലീം തീര്‍ഥാടകര്‍ എത്തുന്നത്. കുട്ടികളില്ലാത്തവരും ആസ്മ രോഗകളും പ്രാര്‍ഥനയ്ക്കായി ദര്‍ഗയില്‍ എത്തിച്ചേരാറുണ്ട്.
വെജിറ്റേറിയന്‍ ഗ്രാമം..അതും നമ്മുടെ രാജ്യത്ത്... കേള്‍ക്കുമ്പോള്‍ അമ്പരപ്പും അത്ഭുതവും സ്വാഭാവികമാണ്. പക്ഷേ..കാര്യം ശരിയാണ്. പാലിത്താന ഗ്രാമമാണ് നിയമപരമായി ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയന്‍ ഗ്രാമമായി ഇടംനേടിയത്. ഇവിടെ മാംസവും മത്സവും മുട്ടയും വില്ക്കുന്നതും വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട ജോലികളും നിയമപരമായി വിലക്കപ്പെട്ടിട്ടുണ്ട്.
ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലാണ് പാലിത്താന സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദില്‍ നിന്നും 211 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ധന്‍ധുകവല്ലഭിപൂര്‍പാലിത്താന റൂട്ടിലാണ് വരേണ്ടത്. ഭാവ്‌നഗറില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരമുണ്ട് പാലിത്താനയിലേക്ക്.
https://www.facebook.com/Malayalivartha