ഭൂമിയുടെ സ്വര്‍ഗ്ഗ വാതിലായ കനാമോ പീക്ക്
ഹിമവാന്‍ ഉയരങ്ങളുടെ പോരാട്ടഭൂമിയാണ്. ഉയരത്തില്‍ നിന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് കയറിയെത്താന്‍ കൊതിപ്പിക്കുന്ന നാട്. മഞ്ഞും തണുപ്പും നിറഞ്ഞ നാട്. ഗ്രാമീണ നന്മയും തനതായ സാസ്‌കാരിക സവിശേഷതകളും ഇന്നും വലിയ കോട്ടമൊന്നും സംഭവിക്കാതെ അവശേഷിക്കുന്ന ലോകത്തിലെ തന്നെ അവസാനത്തെ സാംസ്‌കാരിക തുരുത്തുകളില്‍ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന പ്രദേശം.
ഹിമാചലില്‍ ലഹോള്‍ ആന്റ് സ്പിറ്റി ജില്ല ഹിമവാന്റെ ഹൃദയഭൂമികളിലൊന്നാണ്. സ്പിറ്റി വാലിയുടെ മഞ്ഞ് വീണുറയുന്ന പര്‍വതങ്ങളും താഴ് വാരങ്ങളും ഗ്രാമങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശം. മനാലിയില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരമുണ്ട് കാസയിലേക്ക്. റോഹ്തങ് പാസ് കഴിഞ്ഞ് വഴി രണ്ടായി പിരിയും. ഇടത്തോട്ടുള്ള വഴി ലേ യിലേക്കുള്ളതാണ്. വലത്തോട്ട് തിരിഞ്ഞാല്‍ നിലാവിനേക്കാള്‍ ഭംഗിയുള്ള ചന്ദ്രതാല്‍ തടാകത്തിനരികിലൂടെയാണ് കടന്ന് പോവുന്നത്. ചരിത്രമുറങ്ങുന്ന ചെനാബ് നദിയുടെ കരയിലൂടെ. വീണ്ടും വളവുകളും തിരിവുകളും കൊക്കകളും പര്‍വതങ്ങളും നിറഞ്ഞ ഹിമാചലിന്റെ വഴികളിലൂടെ നീങ്ങാം. സ്പിറ്റി നദിയുടെ കരയിലാണ് കാസ.
14108 അടി ഉയരെയാണ് കിബ്ബര്‍. ഏറ്റവും ഉയരത്തിലുള്ള ഗ്രാമമെന്ന വിശേഷണം കിബ്ബറിന് പൂര്‍ണമായും ചേരുന്നുണ്ട്. 19 കിലോമീറ്റര്‍ ദൂരമേ ഉള്ളു കാസയില്‍ നിന്ന് കിബ്ബറിലേക്ക്. വണ്ടി പോവുന്ന വഴിയല്ല, ഗ്രാമക്കാരുടെ നടവഴി. അവരുടെ കുറുക്ക് വഴികളിലൂടെ കുന്നുകള്‍ കയറിയിറങ്ങിയാല്‍ എളുപ്പം കിബ്ബറില്‍ എത്താം. കനാമോ പീക്ക് യാത്ര എളുപ്പമല്ല. വഴി അതി കഠിനമാണ്. പലയിടത്തും വഴി ഇല്ല. പാറകളില്‍ അള്ളിപ്പിടിച്ച് കയറണം. തണുപ്പ് അതികഠിനമായിരിക്കും. കൂടെ മഞ്ഞ്മഴയുമുണ്ടാവും.
ബേസ്‌ക്യാമ്പിലെത്തിയാല്‍ രണ്ടുദിവസം അക്ലൈമറ്റൈസേഷന്‍ സമയമാണ്. ഈ സമയത്ത് ചില ചെറിയ ട്രെക്കിംഗുകള്‍ നടത്തും. അത് കഴിഞ്ഞും യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ലാത്തവരെ മാത്രമേ കനാമോയിലേക്ക് കൊണ്ടുപോവൂ. ഏറ്റവും കുറച്ച് ആളുകള്‍ മാത്രം വന്നെത്തുന്ന ട്രെക്കിംഗ് ആണ് കനാമോ. കിബ്ബറിന്റെ ഗ്രാമഭംഗി വര്‍ണിച്ചാല്‍ തീരില്ല. ഏകദേശം ഒരേ രൂപമുള്ള കെട്ടിടങ്ങളാണ് എല്ലാം. അവയില്‍ പൂശിയ ചായവും ഏറെക്കുറെ ഒന്നുതന്നെ.
സായാഹ്നങ്ങളാണ് ഇവിടെ മാസ്മരഭംഗി നിറക്കുക പതിവ്. അന്തിച്ചോപ്പ് എന്ന സങ്കല്‍പം ചുവപ്പും മഞ്ഞയും ഓറഞ്ജും പിങ്കും നിറങ്ങളുടെ ഒരായിരം വര്‍ണക്കൂട്ടുകളുമായി മാനത്ത് നിറയും ഇവിടെ പ്രദോഷങ്ങളില്‍. ആ നേരത്ത് മാനം നോക്കി നിന്നാല്‍ തനിയെ നമ്മള്‍ നമ്മെ മറക്കും. ചുറ്റുപാട് മറക്കും. ആ വര്‍ണങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ചിത്രങ്ങളായി പടരും. അതിന്റെ നിര്‍മലമായ വര്‍ണക്കയറ്റിറക്കങ്ങളില്‍ മതിമറന്ന് നിന്ന് പോവും.
കനാമോ പീക്കിലേക്ക് വല്ലപ്പോഴും മാത്രം ആളുകള്‍ പോവുന്ന പാതയാണത്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മാത്രമേ പോകാന്‍ കഴിയൂ. സ്ഥിരമായി സംഘടിപ്പിക്കപ്പെടുന്ന ട്രെക്കിംഗുകള്‍ ഇല്ലെന്നു തന്നെ പറയാം. കയറ്റം കഠിനമാണ്. കുത്തനെയാണ് വഴി. പാറക്കല്ലുകള്‍ ക്കിടയിലൂടെ പണിപ്പെട്ട് കയറണം. വഴിനിറഞ്ഞ് കിടക്കുന്ന ഇളകിയ കല്ലുകള്‍ യാത്ര കൂടുതല്‍ കഠിനമാക്കുന്നു. ഇതില്‍ പല കല്ലുകളും ഫോസിലുകളാണ്. ഇവിടെ കുറേയേറെ ഭാഗത്ത് ഫോസിലുകള്‍ ധാരാളമായി കാണാം. ചരിത്രാതീതകാലത്തെ ജീവവസ്തുക്കള്‍ മണ്ണടിഞ്ഞ് പാറകളെപ്പോലെ ഫോസിലുകളായി കണ്‍മുന്നില്‍ കാണുന്ന കാഴ്ച. അവയില്‍ വ്യക്തമായ രൂപങ്ങള്‍ കണ്ടെത്താന്‍ വയ്യെങ്കിലും ആ ഫോസിലുകളില്‍ എവിടൊക്കെയോ പണ്ട് ഓക്‌സിജനും വെള്ളവും ഉപയോഗിച്ച് നമ്മളെപ്പോലെ ഈ ഭൂമിയില്‍ നടന്നിരുന്ന മനുഷ്യരോ മറ്റ് ജീവജാലങ്ങളോ അല്ലെങ്കില്‍ സസ്യങ്ങളോ ഉണ്ട് എന്ന തോന്നല്‍ ഒരല്‍പം ഞെട്ടലുളവാക്കും മനസ്സില്‍.
സ്പിറ്റി വാലിയുടെ മനോഹാരിത താഴെയെങ്ങും കാണാം. അകലങ്ങളില്‍ മഞ്ഞുമലകള്‍. ചുവടെ കിബ്ബര്‍ ഒരു ചിത്രം പോലെ കാണാം. അവിടെ നിന്ന് അല്പം മാറി കാസയും. സ്പിതി നദി വെട്ടിത്തിളങ്ങി ഒഴുകുന്നതും കാണാം. മുകളിലേക്ക് കയറുന്തോറും കീഴെയുള്ള ചിത്രം ചെറുതായി ചെറുതായി വരികയാണ്. പാറക്കൂട്ടങ്ങള്‍ക്കും ചെറു പുല്‍മേടുകള്‍ക്കും ഇടയിലൂടെയാണ് യാത്ര.വെയില്‍ കഠിനമാണ്. തണലില്ല വഴിയിലെങ്ങും. മാത്രവുമല്ല. ഏറെക്കുത്തനെയുള്ള പാറകളില്‍ വെയില്‍ തട്ടി ചൂട് ഇരട്ടിയാകുന്ന പ്രതീതി. കയറ്റം വല്ലാതെ കുത്തനെയാണ് ചിലയിടങ്ങളില്‍.
ബേസ് ക്യാമ്പ് അതിസുന്ദരമായ ഒരു പ്രദേശത്താണ്. പുല്‍മേടുകളാണ് ചുറ്റിലും. രണ്ട് കുന്നുകള്‍ ഇരുവശങ്ങളില്‍ നിന്ന് കയറിവന്ന് നടുക്ക് വലിയൊരു പച്ചപ്പാത്തിപോലെ രൂപംകൊണ്ട ഭാഗത്തിന്റെ മുകളിലായാണ് ടെന്റുകള്‍. ഇവിടെ നിന്ന് നോക്കുമ്പോള്‍ മുന്നില്‍ ഒരൊഴുക്കന്‍ ഗര്‍ത്തം പോലെ ചാഞ്ഞ് നീങ്ങുന്ന പച്ചപ്പുല്‍ നിറഞ്ഞ ചാലാണ് കാണുക. അതിന്റെ ഏറ്റവും താഴ്ന്ന ഭാഗത്തിനപ്പുറം കൊക്കയാണ്. ആ കൊക്കയുടെ ചുവട്ടില്‍ നിന്ന് മഞ്ഞ്പടലങ്ങള്‍ മേഘങ്ങള്‍ പോലെ മുകളിലേക്ക് കാറ്റിനൊപ്പം ഉയര്‍ന്ന് വരുന്നത് കാണാന്‍ നല്ല ഭംഗി. നീലാകാശത്തിന്റെ രംഗപടത്തിലേക്ക് വെള്ളമേഘച്ചിറകുകള്‍ പറന്നിറങ്ങുന്നത് വല്ലാത്ത കാഴ്ചതന്നെ.
15700 അടി ഉയരെയാണ് ബേസ് ക്യാമ്പ്. കുന്നിന്‍മുകളില്‍ നിന്നുള്ള കാഴ്ച പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. അത്രക്ക് മനോഹരമാണത്. ഭാഷ ചെറുതായിപ്പോവുന്നു, ഈ കാഴ്ചകള്‍ക്ക് മുന്നില്‍. ഒരു വശത്ത് തലയുയര്‍ത്തിനില്‍ക്കുന്ന കനാമോ പര്‍വതവും അതിനൊപ്പം തന്നെ തലയെടുപ്പോടെ നില്‍ക്കുന്ന ശില പര്‍വതവും. മറുഭാഗത്ത് കയറിവന്ന വഴികള്‍ക്കുമപ്പുറത്ത് സ്വര്‍ണ അരഞ്ഞാണം പോലെ വളഞ്ഞൊഴുകുന്ന സ്പിതി നദിക്കരയില്‍ കാസയുടെ അവ്യക്തമായ ഗ്രാമരൂപം കാണാം. കിബ്ബര്‍, കാഴ്ചയില്‍ വരുന്നില്ല. പരന്ന് കിടക്കുകയാണ് നാലുപാടും കാഴ്ചകള്‍. ആകാശത്തെ നിറപ്പെരുക്കത്തിനൊപ്പം പര്‍വതങ്ങളിലും താഴ്വരകളിലും വര്‍ണഭേദങ്ങള്‍ കടന്നു വരുന്നു.
നിലാവില്‍ ഇവിടം ദേവലോകം പോലെ തോന്നും. മഞ്ഞ് ഇല്ലാത്തത്‌കൊണ്ട് നല്ല തെളിഞ്ഞ ആകാശമാണ്. അകലെ നരച്ച നിറത്തില്‍ പടര്‍ന്ന് കിടക്കുന്ന ഹിമാലയഭൂമി നിലാവില്‍ കാണാം. അല്‍പദൂരം നടന്ന് മൈതാനത്തിന്റെ അറ്റത്തെത്തിയാല്‍ അവിടെനിന്ന് താഴെക്ക് കൊക്കയാണ്. അവിടെ ഇരുന്ന് നോക്കിയാല്‍ നിലാവില്‍ അകലെ തിളങ്ങി നില്‍ക്കുന്ന കനാമോ പര്‍വതം കാണാം. മഞ്ഞ് വീണുറഞ്ഞ് കിടക്കുന്ന ഭാഗങ്ങള്‍ നല്ല തൂവെള്ള നിറത്തില്‍ കാണാം. പാറക്കെട്ടുകള്‍ക്ക് ചാരവും കറുപ്പും ഇടകലര്‍ന്ന് കാണാം.
ഇവിടെ ശ്വാസമെടുപ്പ് പതുക്കെയാണ്. മെല്ലെമെല്ലെ നമ്മളില്‍ പ്രകൃതിയുടെ അദൃശ്യമായ ശക്തി പ്രവര്‍ത്തിച്ച് തുടങ്ങും. നിലാവിനോളം പോലും കനമില്ലാതാവും നമ്മുടെ ശരീരത്തിനും. ഒരു ചെറിയ മേഘത്തുണ്ട്‌പോലെ പറന്ന് താഴ്വരകള്‍ക്കും പര്‍വതങ്ങള്‍ക്കും മുകളിലേക്ക് നമ്മളുയരുന്നത് പോലെ തോന്നും. കനമില്ലാതായി പറന്ന് നടക്കുന്ന പ്രതീതി. ആ അനുഭൂതിയില്‍ സ്വയം മറന്ന് നില്‍ക്കവേ മറ്റെല്ലാം കണ്ണുകളില്‍ നിന്നും മറയും. മനസ്സും ശൂന്യമാവും. എല്ലാ സങ്കടങ്ങളുമകലും. ആനന്ദം നിറയും. മനസ്സിലും ശരീരത്തിലും ചെറിയൊരു തരംഗം പോലെ ആനന്ദം പടര്‍ന്ന് നിറയും. അതിന്റെ ചെറിയൊരു തരംഗപ്രവാഹം സകലനാഢികളിലും അറിയാനാവും.
നിസാരനായ മനുഷ്യന്റെ സര്‍വ അഹങ്കാരപര്‍വങ്ങളും വീണടിഞ്ഞ് ധൂളികളായ് അമരും. നിലക്കാത്ത ആനന്ദപ്രവാഹത്തില്‍ അകംപുറം നിറഞ്ഞ് പുതിയ ജിവതലങ്ങളെ നമ്മളറിയും. അതില്‍ നിറയെ സ്‌നേഹവും സമാധാനവും മാത്രം. കാലങ്ങളായി നെഞ്ചിനകത്തിട്ട് ഊതിപ്പെരുപ്പിച്ച് പെറ്റ്കൂട്ടിയ വെറുപ്പും, അസൂയയും, വിദ്വേഷവും, ദേഷ്യവുമെല്ലാം അകന്നകന്ന് പോവും. തീര്‍ത്തും നിര്‍മലമായ നെഞ്ചകത്ത് പുതിയൊരു ജീവന്റെ തുടിപ്പുകള്‍ മാത്രം നിറയും. അതിന്റെ ആനന്ദപാരമ്യത്തില്‍ എന്തിനെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകിപ്പോകും!
അടുത്ത ദിവസം അതിരാവിലെ നാല് മണിക്ക് ട്രെക്കിംഗ് തുടങ്ങും. വല്ലാത്ത തണുപ്പാണ്. വീശിയടിക്കുന്ന കാറ്റില്‍ മഞ്ഞ് കണങ്ങള്‍ വന്ന് മുഖത്ത് തട്ടുന്നു. മുഖം മുറിയുന്നത് പോലുണ്ട്. കണ്ണൊഴികെ ബാക്കിയെല്ലാം ബലക്ലാവ കൊണ്ട് മൂടി മുന്നോട്ട് നടന്നു. കുത്തനെയുളള കയറ്റമാണ്. പലപല പാറകളില്‍ കയറുകയല്ല. ഒരൊറ്റ മലയുടെ മുകളിലേക്ക് കയറുകയാണ്. ചിലയിടങ്ങളില്‍ കുറേയധികം ദൂരത്തോളം കുത്തനെയുള്ള കയറ്റമാണ്. എണ്‍പത് ഡിഗ്രിയോളം ചെരിവുണ്ട് പലഭാഗത്തും.
മുകളിലേക്ക് കയറാന്‍ ആയവേ പുറകോട്ട് വേച്ച് പോവുന്ന തരം കയറ്റം. കുത്തനെയുള്ള കയറ്റമാണെങ്കിലും വലിയ പ്രശ്‌നമില്ലാതെ തന്നെ കയറിപ്പറ്റാം. മുകളിലേക്ക് നോക്കുന്തോറും വീണ്ടും വീണ്ടും ഉയരത്തിലേ്ക്ക് തുടരുന്ന മലമാത്രമേ കാണാനാവൂ. താഴെക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ തലകറങ്ങും. അത്ര കിഴുക്കാംതൂക്കാണ് പലഭാഗങ്ങളും. ഒടുവില്‍ അഞ്ചാറ് മണിക്കൂര്‍ നീളുന്ന തുടര്‍ച്ചയായ കയറ്റത്തിനപ്പുറം എത്തിപ്പെടും കനാമോ പീക്കില്‍.
19600 അടിയോളം ഉയരം. '360 ഡിഗ്രി പനോരമ' എന്ന വാക്കിന്റെ ശരിയായ അര്‍ഥം മനസ്സിലാവും കനാമോയുടെ മുകളില്‍ നില്‍ക്കുമ്പോള്‍. ചുറ്റിനും പടര്‍ന്ന് നില്‍ക്കുന്ന കാഴ്ച. ലഢാക്കിന്റേയും, സ്പിറ്റിയുടെയും, കിന്നോറിന്റേയും, കുളുവിന്റേയും അനേകമനേകം പര്‍വത ശിഖരങ്ങളെ മുകളില്‍ നിന്ന് നോക്കിക്കാണാം. അവയുടെ താഴ്വരകളുടെ ഉയര്‍ച്ച താഴ്ചകളും കാണാം. ഈ അഭൗമ സൗന്ദര്യം വരച്ചുകാട്ടാന്‍ വാക്കുകളുടെ ശക്തി തികയാതെ വരും.
മഞ്ഞ് മൂടി നില്‍ക്കുന്ന പര്‍വതങ്ങള്‍ വെയിലേറ്റ് വെട്ടിത്തിളങ്ങുകയാണ് ചുവട്ടിലെങ്ങും. അവയുടെ ഗരിമകൂട്ടുന്നു, നീലവാനം. അവിടവിടെയായി വെണ്‍മേഘശകലങ്ങള്‍ പാറിനടക്കുന്നുണ്ട്. ഒരു ഭാഗത്ത് മുഴുവന്‍ മഞ്ഞ് വീണുറഞ്ഞ് കിടക്കുന്നു. അവിടെ വെള്ളനിറമാണ്. തൂവെള്ള നിറം. പാലാഴിപോലെ വെളുത്ത് ചുവടുകളിലേക്ക് പടര്‍ന്നിറങ്ങുന്നു. സൂര്യരശ്മികളേറ്റ് വെളുപ്പിന്റെ ഗാംഭീര്യം പലമടങ്ങകളായി തിളങ്ങുന്നു. തണുത്ത മെല്ലെ കാറ്റ് വീശുന്നുണ്ട്. ശാന്തി നിറക്കുന്ന അന്തരീക്ഷം. മനസ് തൂവെള്ളയാവുന്നു. ദൂഷ്യഭാവങ്ങളുടെ എല്ലാ കറകളും കഴുകിക്കളഞ്ഞ് നിര്‍മലമാവുന്നു. അടിമുടി ശാന്തത അനുഭവിച്ചറിയാന്‍ പറ്റുന്ന ഇടം. ശാന്തമായ ആ പ്രകൃതിയില്‍ സ്വയം മുഴുകി നില്‍ക്കവേ മറ്റെല്ലാം മാഞ്ഞ് പോവുന്നു. പതിയെയായ ശ്വാസതാളം വീണ്ടും പലമടങ്ങ് പതുക്കെയാവുന്നു. പര്‍വത നെറുകയിലെ കുളിര്‍കാറ്റിന്റെ പതിഞ്ഞ താളത്തിനൊപ്പം ലാസ്യനൃത്തമാടുന്നു നെഞ്ചകം. ആ താളത്തില്‍ ലയിച്ച്, അതിന്റെ സംഗീതശ്രുതിയില്‍ സര്‍വമര്‍പ്പിച്ച് നില്‍ക്കവേ പ്രകൃതിയെ മനസാ നമിച്ചുപോവും, പലവട്ടം.
ആ സ്വര്‍ഗഭൂമി വിട്ട് താഴേക്ക് ഇറങ്ങാന്‍ മനസ്സനുവദിക്കില്ല. അവിടെ ഒരു കരിങ്കല്‍ച്ചീളായെങ്കിലും തുടരാന്‍ കൊതിതോന്നിപ്പോവും. യുഗങ്ങളോളം ഒരു കരിങ്കല്‍ച്ചീളായി ആ അഭൗമ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കാനാവുമെങ്കില്‍ പിന്നെ ശ്വസനവും ചലനവും എല്ലാം അനാവശ്യ ആഢംബരങ്ങള്‍ മാത്രം. അത്ര മോഹനമാണിവിടം. അത്ര പവിത്രമാണിവിടം. അത്രയധികം മനസ്സിനെ കീഴടക്കും ഇവിടം. മറ്റെന്തും നിസാരമാക്കുന്നത്രയും സുന്ദരമായിട്ടും, ഒട്ടും അഹങ്കാരം സ്ഫുരിപ്പിക്കാതെ ലളിതമായ ഒരു ശാന്തത മാത്രം സ്ഫുരിപ്പിച്ച് നമ്മളെ കീഴ്‌പ്പെടുത്തും കനാമോ.
https://www.facebook.com/Malayalivartha