സാരാനാഥിലെ സ്തൂപങ്ങളും വാരണാസിയിലെ ദീപക്കാഴ്ചകളും
ഭാരത സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങിക്കിടക്കുന്ന നഗരമാണ് സാരാനാഥ്. കാശിയും സാരാനാഥും 10 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള രണ്ട് നഗരങ്ങളാണ്. പുരാതനകാലത്ത് സാരാനാഥിനായിരുന്നു കൂടുതല്‍ പ്രാധാന്യമെങ്കില്‍, ഇപ്പോളത് കാശിയ്ക്കായി എന്നു മാത്രം. സാരാനാഥിലേയ്ക്ക് വാരാണസിയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുണ്ട്. സാരാനാഥിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം എക്‌സ്‌കവേഷന്‍ സൈറ്റിനോട് ചേര്‍ന്നാണ് കിടക്കുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആര്‍ക്കിയോളജിക്കല്‍ കോംപ്ലക്‌സിലാണു പ്രധാനപ്പെട്ട കാഴ്ചകളെല്ലാം. എക്‌സ്‌കവേഷന്‍ സൈറ്റും ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും അശോകസ്തൂപവും മറ്റ് നിര്‍മ്മിതികളുമെല്ലാം ഉള്‍പ്പെടുന്നതാണ് ആര്‍ക്കിയോളജിക്കല്‍ കോംപ്ലക്‌സ്. ഉള്ളില്‍ പ്രവേശിക്കണമെങ്കില്‍ പാസ് എടുക്കണം. 5 രൂപയാണ് മ്യൂസിയത്തിലേയ്ക്കുള്ള പ്രവേശനഫീസ്. എക്‌സ്‌കവേഷന്‍ സൈറ്റില്‍ പ്രവേശിക്കണമെങ്കില്‍ ആളൊന്നിനു 15 രൂപ ആണ് പ്രവേശനഫീസ്. രണ്ടിനും വെവ്വേറെ ടിക്കറ്റ് എടുക്കേണ്ടതുണ്ട്.
അശോക സ്തൂപം ( Ashokan Pillar )
ക്രിസ്തുവിനു മൂന്ന് നൂറ്റാണ്ട് മുമ്പ് അശോകചക്രവര്‍ത്തി ഭാരതത്തിന്റെ പല ഭാഗങ്ങളിലായി നിര്‍മ്മിച്ചിരുന്ന സ്തൂപങ്ങളില്‍ പ്രധാനപ്പെട്ടവയാണ് സാഞ്ചിയിലേയും സാരാനാഥിലേയും സ്തൂപങ്ങള്‍. ബുദ്ധമതത്തിന്റെ പ്രചാരകനായിരുന്ന അശോകചക്രവര്‍ത്തി, വിവിധ ബുദ്ധമതകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നതിന്റെ സ്മരണാര്‍ഥവും അനുയായികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗവുമായിട്ടാണു സ്തൂപങ്ങള്‍ പണികഴിപ്പിച്ചിരുന്നത്. സാരാനാഥിലെ ആര്‍ക്കിയോളജിക്കല്‍ കോംപ്ലെക്‌സിലാണ്്് അശോക പില്ലര്‍ സ്ഥിതിചെയ്യുന്നത്.
സാരാനാഥിലെ സ്തൂപത്തിന്റെ മുകള്‍ഭാഗത്തുള്ള Lion Capital ആണ് നമ്മുടെ രാജ്യത്തിന്റെ നാഷണല്‍ എംബ്ലം. അതുപോലെതന്നെ Lion Capital നു മുകളില്‍ ഉറപ്പിച്ചിരുന്ന അശോകചക്രം നമ്മുടെ ദേശീയപതാകയിലും ഇടം നേടിയിരിക്കുന്നു. നാലു ദിക്കുകളിലേയ്ക്ക് വീക്ഷിച്ചിരിക്കുന്ന നാലു സിംഹങ്ങളുടെ പ്രതിമകളും അവ ഉറപ്പിച്ചിരിക്കുന്ന അബാക്കസിന്റെ വശങ്ങളിലായി ആലേഖനം ചെയ്തിരിക്കുന്ന നാലു ( സിംഹം, ആന, കുതിര, കാള ) ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അശോകസ്തംഭം. അശോകസ്തംഭവും അബാക്കസും അശോകചക്രവും തൂണുമടങ്ങുന്ന അശോകന്‍ പില്ലര്‍ പൂര്‍ണ്ണമായും ഒറ്റക്കല്ലിലായിരുന്നു പണികഴിച്ചിരുന്നത്. സാരാനാഥിലേയും സാഞ്ചിയിലേയും അശോകസ്തംഭങ്ങള്‍ ഒരേ മാതൃകയിലുള്ളവയാണ്.
എന്നാല്‍ ബീഹാറിലെ വൈശാലി, ചമ്പാരന്‍ എന്നീ സ്ഥലങ്ങളിലെ സ്തൂപങ്ങളില്‍ ഉള്ള സ്തംഭങ്ങളില്‍ ഒരു സിംഹത്തിന്റെ പ്രതിമ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 15 മീറ്റര്‍ ഉയരമുണ്ടായിരുന്ന സാരാനാഥിലെ സ്തൂപം ഇപ്പോള്‍ നശിപ്പിക്കപ്പെട്ട നിലയിലാണ്. ഇപ്പോളത്തെ നിലയില്‍ സ്തൂപം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്തൂപത്തിന്റെ മുകള്‍ഭാഗത്തുനിന്നും ഇളക്കിമാറ്റിയ Lion Capital തൊട്ടടുത്ത് തന്നെയുള്ള സാരാനാഥ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്.
സാരാനാഥ് എക്‌സ്‌കവേഷന്‍ സൈറ്റ്:
പുരാതന ബൗദ്ധ യുഗത്തിന്റെ ശേഷിപ്പുകള്‍ സാരാനാഥിലും പരിസരപ്രദേശങ്ങളിലും ധാരാളമുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളിലെല്ലാം ഉല്‍ഖനനം നടത്തിയിട്ടുണ്ട്. ഈ എക്‌സ്‌കവേഷന്‍ സൈറ്റില്‍ ധാരാളം സ്തൂപങ്ങള്‍, മൊണാസ്റ്റ്രികള്‍, അമ്പലങ്ങള്‍, ശില്പങ്ങള്‍, ശിലാലിഖിതങ്ങള്‍, മറ്റ് പുരാവസ്തുക്കള്‍ എന്നിവയുടെ ശേഷിപ്പുകള്‍ കാണാം.
പ്രവേശനകവാടം പിന്നിട്ടാല്‍ ആദ്യം തന്നെ കാണുന്നത് ധര്‍മ്മരാജികാ സ്തൂപത്തിന്റെ അവശിഷ്ടങ്ങള്‍ ആണ്. മുമ്പ് വലിയ സ്തൂപമായിരുന്ന ഈ നിര്‍മ്മിതി ഇപ്പോള്‍ നിരന്ന പ്രതലത്തോടുകൂടിയ ഒരു ഇഷ്ടികക്കൂന മാത്രമായി അവശേഷിക്കുന്നു. ധര്‍മ്മരാജികാ സ്തൂപം കടന്ന് മുന്നോട്ട് പോയാല്‍ അടുത്തതായി ഒരു മോണോലിത്തിക്ക് റെയിലിംഗിനു അടുത്തെത്തും.ക്രിസ്തുവിനു മൂന്ന് നൂറ്റാണ്ടിനുമുന്‍പുള്ളതെന്ന് കരുതപ്പെടുന്ന രണ്ട് ശിലാലിഖിതങ്ങള്‍ ഇതില്‍ കാണാവുന്നതാണ്. മോണോലിത്തിക്ക് റെയിലിംഗും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ അശോകാ പില്ലറിന്റെ അവശിഷ്ടങ്ങള്‍ കാണാം. അതും കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ 'മൂലഗന്ധകുടി' എന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ക്കടുത്തെത്താം. ശ്രീബുദ്ധന്‍ ധ്യാനത്തിലിരുന്നുവെന്ന് കരുതപ്പെടുന്ന സ്ഥലമാണിത്. മൂലഗന്ധകുടിയ്ക്ക് ചുറ്റിനുമായി ചെറുതും വലുതുമായ നിരവധി സ്തൂപങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാം. ഈ സ്തൂപങ്ങളും മറ്റ് പുരാതന നിര്‍മ്മിതികളും കടന്ന് ധമേക്ക് സ്തൂപത്തിനടുത്തെത്തും.
ധമേക്ക് സ്തൂപം ( Dhamek Pillar ):
ശ്രീബുദ്ധനു ബോധോദയം ലഭിച്ചതിനുശേഷം ധര്‍മ്മാഭ്യാസം നടത്തിയിരുന്ന സ്ഥലമായാണു ഇവിടം അറിയപ്പെടുന്നത്. ബോധിസ്തൂപമെന്നാണു ഈ നിര്‍മ്മിതി ആദ്യം അറിയപ്പെട്ടിരുന്നത്. 500 AD യില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൂറ്റന്‍ സ്തൂപം ഇപ്പോളും വൃത്തിയായി സംരക്ഷിച്ചുപോരുന്നു. ഇഷ്ടികകളും സാന്‍ഡ്‌സ്‌റ്റോണുകളും കൊണ്ടാണ് 43.6 മീറ്റര്‍ ഉയരമുള്ള ഈ സ്തൂപത്തിന്റെ നിര്‍മ്മിതി.
സാരാനാഥ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം:
സാരാനാഥ് ധമേക്ക് സ്തൂപത്തിനും എക്‌സ്‌കാവേഷന്‍ സൈറ്റിനും അടുത്ത് തന്നെയാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം. അശോകസ്തംഭം സൂക്ഷിച്ചിരിക്കുന്നത് ഈ മ്യൂസിയത്തിലാണു.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആണു ഈ മ്യൂസിയം പരിപാലിക്കുന്നത്. Lion Capital-നു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സിംഹമുഖങ്ങളുടെ ചില ഭാഗങ്ങള്‍ അടര്‍ന്നുപോയിട്ടുണ്ട്. അശോകചക്രം ഏകദേശം പൂര്‍ണമായി തന്നെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ആരക്കാലുകളില്‍ ഒരെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ബി.സി. മൂന്നാം നൂറ്റാണ്ട് മുതല്‍ ഏ.ഡി. പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള വിവിധ പുരാവസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി വച്ചിട്ടുണ്ട്. വിവിധ ലോഹ ഉപകരണങ്ങള്‍, പാത്രങ്ങള്‍, ആയുധങ്ങള്‍, ബുദ്ധപ്രതിമകള്‍ തുടങ്ങിയവ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. സാരാനാഥിലും പരിസരപ്രദേശങ്ങളിലുമായി എക്‌സ്‌കാവേഷനിലൂടെ ലഭിച്ചവയാണു ഭൂരിഭാഗവും.
രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പ്രവര്‍ത്തനസമയം. വെള്ളിയാഴ്ച അവധിയാണ്. 5 രൂപയാണ് പ്രവേശനനിരക്ക്. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മ്യൂസിയത്തില്‍ സുരക്ഷയുടെ ഭാഗമായി ഫോട്ടോഗ്രാഫി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ജാപ്പനീസ് ടെമ്പിള്‍:
എക്‌സ്‌കവേഷന്‍ സൈറ്റിനോട് ചേര്‍ന്നുള്ള ജൈന്‍ മന്ദിര്‍ കഴിഞ്ഞാലുടന്‍ ജാപ്പനീസ് ടെമ്പിള്‍ കാണാവുന്നതാണ്. ജാപ്പനീസ് മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന അമ്പലത്തിന്റെ ഭരണചുമതല മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യയ്ക്കാണ്. ശ്രീലങ്കന്‍ ബുദ്ധിസ്റ്റ് ആക്റ്റിവിസ്റ്റായിരുന്ന അനഗരിക ധര്‍മപാല ആണു സൊസൈറ്റിയുടെ പ്രവര്‍ത്തനം 1931-ല്‍ ആരംഭിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പ്രതിമ ക്ഷേത്രത്തിന്റെ മുന്‍വശത്തായി സ്ഥാപിച്ചിട്ടുണ്ട്.
ജൈന്‍ മന്ദിര്‍:
എക്‌സ്‌കാവേഷന്‍ സൈറ്റിനോട് ചേര്‍ന്നു തന്നെയാണ് ജൈന്‍മന്ദിര്‍. അവിടെ നിന്നുനോക്കിയാല്‍ ധമേക്ക് സ്തൂപത്തിന്റെ അടുത്തുള്ള കാഴ്ച കാണാവുന്നതാണ്.
ചൗഖണ്ഡി സ്തൂപം ( Chaukhandi Pillar ):
ശ്രീബുദ്ധന്‍ തന്റെ ശിഷ്യന്മാരുമായി സംവദിച്ചിരുന്ന സ്ഥലമായാണു ഇവിടം കരുതിപ്പോരുന്നത്. അഷ്ടമുഖമാതൃകയിലാണു ഈ സ്തൂപം നിര്‍മ്മിച്ചിരിക്കുന്നത്. സാരാനാഥിലെ കാഴ്ചകളെല്ലാം കണ്ടതിനുശേഷം വാരാണസിയില്‍ തിരിച്ചെത്തിയാല്‍ സന്ധ്യയ്ക്ക് ദശാശ്വമേധ് ഘാട്ടില്‍ നടക്കുന്ന ഗംഗാ ആരതി കാണാം.
https://www.facebook.com/Malayalivartha