കൊനോമ : സ്മാരക ശിലകളുടെ നാട്
വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടാത്ത, നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമയില്‍ നിന്നും 20 കിലോമീറ്ററോളം പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന കൊനോമ എന്നൊരു സുന്ദരഗ്രാമമുണ്ട്.
നോര്‍ത്ത് ഈസ്റ്റിലെ മറ്റെല്ലാ ഇടങ്ങളെയും പോലെ കോനോമയും ശൈല ഗ്രാമമാണ് .മലയുടെ ചെരിവുകളില്‍ തട്ടുതട്ടായി നെല്ല് കൃഷി ചെയ്തിരിക്കുന്നു. തോരാത്ത മഴയില്‍ ഒരു തട്ടില്‍ നിന്നും അടുത്തതിലേക്ക് മണ്ണിന്റെ ജീവന്‍ തുടിക്കുന്ന തണുത്ത വെള്ളം ഒഴുകിയിറങ്ങുന്നതിനു പോലും ഒരു ഭംഗിയുണ്ട്.
മലയുടെ ചെരിവുകളില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ലളിത ഭംഗി. ചെരിവുകളിലെ കുഞ്ഞുമുറ്റങ്ങളില്‍ മരംകൊണ്ടുണ്ടാക്കിയ തട്ടുകളില്‍ പലയടുക്കുകളായി ഒരുക്കി വച്ചിരിക്കുന്ന പൂച്ചെടികള്‍!വീടുകളിലെ മച്ചില്‍ തൂക്കിയിട്ടിരിക്കുന്ന ചോളവും വെള്ളുള്ളികുലകളും! മുന്‍വാതില്‍ പടിയിലും മുറ്റത്തെ മരത്തടിയിലൊക്കെയും ഞാത്തിയിട്ടിയിരിക്കുന്ന പണ്ടെങ്ങോ വേട്ടയാടിപ്പിടിച്ച മൃഗങ്ങളുടെയും മറ്റ് ഉരഗങ്ങളുടെയും തലയോട്ടികള്‍, കൊമ്പുകള്‍ ഇതെല്ലാം കൊനോമയിലെ സാമാന്യകാഴ്ചയാണ്.
വേട്ടയാടല്‍ എന്നത് അഗാമി ഗോത്രത്തിന്റെ ദിനചര്യയായിരുന്ന പഴയ കാലത്തിന്റെ അഭിമാന ബിംബങ്ങളാണ് അത്തരം മൃഗമുഖങ്ങള്‍.പക്ഷെ ഇന്ന് കോനോമ അറിയപ്പെടുന്നത് ഇന്ത്യയിലെ ആദ്യത്തെ ഹരിത ഗ്രാമം എന്ന പേരിലാണ്. ജനങ്ങള്‍ മുന്നിട്ടിറങ്ങി ഒരുകാലത്ത് അവരുടെ ജീവിതോപാധിയും സംസ്‌കാര ശൈലിയും തന്നെയായ വേട്ടയാടല്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുന്നു .
ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ചവറിടാന്‍ സ്‌കൂള്‍ കുട്ടികള്‍ ഒരുക്കിവച്ചിരിക്കുന്ന മുളകൊണ്ടുള്ള കൂര്‍മ്പന്‍ കൂടകള്‍ !!വീടിനൊപ്പം തന്നെ പണിയുന്ന പ്രിയപ്പെട്ടവര്‍ക്കുള്ള ശവകല്ലറകള്‍. കനോമ സ്മാരക ശിലകളുടെ നാടാണ്. ഓര്‍മ്മകളൊന്നും മരിക്കാത്ത ഇടമാണത്. നാഗാലാന്‍ഡ് സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ കൊനോമ കാണാതെ നാഗാലാന്റ് ഇറങ്ങരുത്!
തോക്കുകളും വെടിക്കോപ്പുകളും മോര്‍ടാറുകളും അക്കാലത്ത് നിലവിലുണ്ടായിരുന്ന സകലമാന ആധുനിക പടക്കോപ്പുകളും കൈമുതലായുണ്ടായിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ പട്ടാളത്തിനോട് 1832 മുതല്‍ 1880 വരെ , കൊടുവാളും കവണയും കല്ലും തെറ്റാലിയും അമ്പും വില്ലും പോലുള്ള ഗോത്രീയ പ്രാഗ് ആയുധങ്ങളുമായി അഗാമി ഗോത്രവംശം നടത്തിയ ധീരവും രക്തരൂക്ഷിതവുമായ ചെറുത്തുനില്പുകള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ അധികം കാണ്മാനുണ്ടാകില്ല.
പക്ഷെ ബ്രിട്ടീഷ് ഹിസ്റ്ററി ആര്‍ക്കൈവുകളില്‍ അവരുടെ അനേകം ജീവനുകള്‍ നഷ്ടപ്പെടുത്തിയ കൊനോമയിലെ ഗോത്രയുദ്ധങ്ങളെകുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.പക്ഷെ വിജയിക്കുന്നവരുടെയും യുദ്ധാനന്തരം അധികാരം കയ്യാളുന്നവരുടെയും സ്മാരകങ്ങള്‍ മാത്രമാണ് യുദ്ധഭൂമികയില്‍ ഉയരുക. യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അനേകം ബ്രിട്ടീഷ് ഓഫീസര്‍മാരുടെ സ്മാരകങ്ങളാണ് കൊനോമയുടെ കുന്നുകള്‍ നിറയെ. ധീരരായ അഗാമികളുടെ ചോരച്ചുവപ്പിച്ച മണ്ണാണ് കൊനോമ !!പേരുകള്‍ പോലുമില്ലാത്ത ഗോത്രജനതയുടെ അധിനിവേശത്തിനെതിരെയുള്ള ധീര പ്രതിരോധങ്ങളുടെ ചരിത്രവും സ്മാരകങ്ങളും കൂടിയാണ് കൊനോമയിലെ ഓരോ ബ്രിട്ടീഷ് ശവകുടീരങ്ങളും!
കുറിച്യ ലഹളയും ജാന്തിയ ഗോത്ര യുദ്ധങ്ങളും ആന്റമാനിലെ സാന്റനീസ് ജനതയുടെ നൈസര്‍ഗിക പ്രതിരോധങ്ങള്‍ക്കുമെല്ലാം ഒപ്പം പഠിക്കേണ്ട ചരിത്രമാണ് നാഗാലാന്റിലെ ഗോത്രങ്ങള്‍ സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ധീരയുദ്ധങ്ങളും.നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ അതല്ലാം കണ്ടെത്താനാകണമെന്നില്ല. അതുകൊണ്ടു തന്നെ യാത്രകളിലൂടെയാകട്ടെ ചരിത്ര വിദ്യാഭ്യാസം.
https://www.facebook.com/Malayalivartha