സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്ററോളം ഉയരത്തില്‍ ഒളിച്ചിരിക്കുന്ന സുക്കു വാലി: വശ്യസൗന്ദര്യത്തിന്റെ വിസ്മയഭൂമി
വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറെ അറിയപ്പെടാത്ത ഭൂഭാഗങ്ങളിലൊന്നാണ് മണിപ്പൂര്‍-നാഗാലാന്റ് അതിര്‍ത്തിയില്‍ ജഫൂ പീക്കിനും അപ്പുറത്ത് സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്ററോളം ഉയരത്തില്‍ ഒളിച്ചിരിക്കുന്ന സുക്കുവാലി.
കോഹിമ കൗതുകങ്ങള്‍ ഒളിച്ചിരിക്കുന്ന നഗരമാണ്. പ്രസരിപ്പുള്ള സുന്ദര മുഖങ്ങള്‍. നാഗാലാന്റിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്! കൊഹിമയില്‍ നിന്നും 20 കിലോമീറ്ററിനപ്പുറത്തുള്ള സക്കാമ / വിശ്വേമ എന്നീ ഗ്രാമങ്ങളിലൂടെയാണ് സൂക്കൂ വാലിയിലേക്കുള്ള ഹൈക്കിങ് ട്രെയില്‍. അവിടെയൊക്കെ മൊബൈലിന് റേഞ്ച് ലഭിക്കുകയേ ഇല്ല!
യാത്ര കൃത്യമായി പ്ലാന്‍ ചെയ്യണം. ഹൈക്കിങ് ഒരു പകല്‍ മുഴുവനും എടുക്കും. ഏകദേശം രണ്ട് പകലുകളോളം ഹൈക്കിങ് മാത്രമുണ്ട് . കാട്ടില്‍ ഹൈക്കിങ് ട്രെയില്‍ തുടങ്ങുന്ന ഇടത്ത് ടാക്‌സിയില്‍ ഇറങ്ങിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് കൃത്യമായി ഒരു സമയത്ത് തിരിച്ചെടുക്കാന്‍ ടാക്‌സി മുന്‍പേ പറഞ്ഞ് ഏല്‍പിക്കേണ്ടി വരും. മഞ്ഞും കാടും വന്‍ മലകളും അവിടെ പെട്ടെന്ന് സൂര്യനെ മറയ്ക്കും. വൈകിട്ട് 6 മണി ആകുമ്പോഴേക്കും ഇരുട്ട് പരക്കും. ഇത്തരം യാത്രകളില്‍ മുന്നൊരുക്കങ്ങള്‍ കൃത്യമായിരിക്കണം. യാത്രാ പദ്ധതിയില്‍ നമ്മുടേതല്ലാത്ത പല ഘടകങ്ങളും വിപരീതമായി ഇടപെട്ടേക്കാം.
യാത്രക്ക് മുന്‍പേ ഫ്‌ലൂ , മലേറിയാ വാക്‌സിനുകളെല്ലാം എടുക്കാന്‍ ശ്രദ്ധിക്കണം. ബാക്ക് പാക്കില്‍ ഒതുക്കിവയ്ക്കാവുന്ന ഭാരം കുറഞ്ഞ 4 സീസണ്‍ ടെന്റ് , സ്ലീപ്പിങ് ബാഗ് , ഹൈക്കിങ് സ്റ്റിക്കുകള്‍ , പ്രഥമ ശുശ്രൂഷാ മരുന്നുകള്‍ , ഹെഡ് ലാമ്പ് , ടോര്‍ച്ച് , എനര്‍ജി ബിസ്‌കറ്റുകള്‍ ചോക്ലേറ്റ് ( കടലാസുകള്‍ കാട്ടില്‍ ഉപേക്ഷിക്കരുത് ) എന്നിവ ഒട്ടൊരുവിധം അനിവാര്യമാണ് . അതിനേക്കാള്‍ പ്രധാനമാണ് മനസ്സിനെ ഒരുക്കിയെടുക്കുക എന്നത്.
ജക്കാമ റൂട്ട് എന്ന ഹൈക്കിങ് ട്രെയില്‍ കീഴ്ക്കാംതൂക്കായ കയറ്റമാണ്. കൃത്യമായി ട്രയല്‍ തുടങ്ങുന്ന വഴിയില്‍ എത്തിപ്പെട്ടാല്‍ പിന്നെ തെറ്റില്ല. പിന്നെ അങ്ങോട്ട് കൊടും കാട്ടിലൂടെയുള്ള കയറ്റമാണ്.കാടായതിനാല്‍ ദൂരകാഴ്ചയൊന്നുമില്ല. തൊട്ടുമുന്നില്‍ ആകാശത്തേക്കെന്നോളം ഉയര്‍ന്നു പോകുന്ന വഴിയാണ്. സൂക്കു ഹൈക്കിങ്ങ് റൂട്ട് ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാന്യമേറിയതാണ് . അതുകൊണ്ട് തന്നെ വഴിയില്‍ മറ്റുപല ഹൈക്കിങ്ങ് ഗ്രൂപ്പുകളെയും കാണാനാകും. കൂടുതലും നോര്‍ത്ത് ഈസ്‌ററ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാശ്ചാത്യരുമാണ് .
വൈകിട്ട് 6 മണിക്ക് കാട്ടില്‍ ഇരുട്ടു പരക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും സാന്ദ്രവനങ്ങളാണ് നോര്‍ത്ത് ഈസ്റ്റിലേത്. വഴിയില്‍ ഒരുമീറ്ററോളമൊക്കെ നീളമുള്ള തടിയന്‍ മണ്ണിരകള്‍! അവയുടെ നീലിമ കലര്‍ന്ന ഫ്‌ലൂറസന്‍സ്. കാടിന്റെ കൂട്ടുകാരുടെ വിചിത്ര ശബ്ദങ്ങള്‍ ! ഇലകളിലും പുല്‍തുമ്പുകളിലും പറ്റിയിരിക്കുന്ന ഷട്പദങ്ങളും ലാര്‍വകളും ഒക്കെയുണ്ടാകും. സൂക്കുവാലിയുടെ ക്ലിഫില്‍ എത്തിക്കഴിഞ്ഞാല്‍ തണുത്ത മഞ്ഞുകാറ്റും ആകാശം നിറയെ നക്ഷത്രങ്ങളും മാത്രമായിരിക്കും! മുള്ളുകളില്ലാത്ത ചെറു മുളം ചെടികള്‍ സുക്കൂ വാലിയില്‍ പരക്കെ കാണാം!
വാലിയില്‍ നാഗാലാന്റ് സര്‍ക്കാര്‍ ഹൈക്കേഴ്‌സിനായി ഒരുക്കിയിരിക്കുന്ന 'റെസ്റ്റ് ഹൗസ്' ഉണ്ട്. വിറക് , ചൂടുവെള്ളം, അത്യാവശ്യത്തിന് ഭക്ഷണം എന്നിവയൊക്കെ അവിടെ കിട്ടും. ക്ലിഫില്‍ നിന്നും വീണ്ടും നാല്‍പത്തഞ്ച് മിനിറ്റോളം നടക്കണം റെസ്റ്റ് ഹൗസില്‍ എത്താന്‍.പ്രഭാതത്തില്‍, ഇന്ത്യയിലെ ഏറ്റവും മനോഹരമായ താഴ്വരയുടെ ദൃശ്യം കാണുമ്പോള്‍ ഇതുവരെ ജീവിച്ചത് ഇത്ര മനോഹര പ്രകൃതി ദൃശ്യം കാണാന്‍ വേണ്ടി മാത്രമായിരുന്നോ എന്ന് തോന്നിപ്പോകും !
സൂക്കൂ താഴ്വരയെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്ക് പരിമിതിയുണ്ട്. അത്ര മനോഹരമാണ് അത്. കണ്ണെത്താ ദൂരത്തോളം പച്ചപ്പിന്റെ പഞ്ഞിപ്പുതപ്പ് മൂടിയിരിക്കുന്നപോലെ തോന്നും. പല പല പൂക്കള്‍...മേഘങ്ങള്‍ കുഞ്ഞു കുഞ്ഞുണ്ടകളായി നിലം തൊട്ട് പാറി നടക്കുന്നു ! താഴ്വരയ്ക്ക് നടുവിലൂടെ തണുത്ത് തെളിഞ്ഞ ഒരു അരുവി വളഞ്ഞു പുളഞ്ഞ് ഒഴുകുന്നുണ്ട്! ജൂലൈ അവസാനമാകുന്നതോടെ വാലിയില്‍ ലില്ലി പൂക്കും പിന്നെ ചുവപ്പു പൂക്കളുടെ വര്‍ണ്ണമേളമായിരിക്കുമവിടെ! പലവര്‍ണ്ണങ്ങളിലുള്ള മറ്റൊരുപാട് പൂക്കള്‍...ശലഭങ്ങള്‍..തുമ്പികള്‍ ! നവംബര്‍-ഡിസംബര്‍ മാസങ്ങളാകുമ്പോള്‍ വാലിയിലെ അരുവി തണുപ്പില്‍ പൂര്‍ണ്ണമായും ഉറഞ്ഞുപോകും.അപ്പോഴാണ് പോകുന്നത് എങ്കില്‍ ഐസ് അരുവിക്ക് മുകളിലൂടെ നടക്കാം!
ഇതു വായിക്കുന്ന ആരെങ്കിലും സൂക്കൂ വാലിയിലേക്ക് പോകാനൊരുങ്ങുന്നു എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പെണ്‍ കുഞ്ഞുങ്ങളെയും കൂടെ കൂട്ടുക. സ്വാതന്ത്രത്തിന്റെ ആകാശം എത്രമാത്രം വലുതാണ് എന്ന് നാം അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്!ഈ ഭൂമിക പെണ്‍കുട്ടികള്‍ക്ക് കൂടിയുള്ളതാണ്.നാഗാലാന്റ് ജനത കപട സദാചാരികളല്ല.ഒരുപാട് ആണ്‍ പെണ്‍ ചങ്ങാതികൂട്ടങ്ങള്‍ വാലിയിലേക്ക് ഹൈക്കിങിനായി എത്താറുണ്ട്. യുവത്വതിന്റെ ആഘോഷമാണവിടം!
https://www.facebook.com/Malayalivartha