' തടിയന്റമോള്‍ ' കൊടുമുടി; കുടകിലെ പര്‍വതസുന്ദരി
കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ഭാഗമണ്ഡല റിസര്‍വ്വ് വനത്തിലുള്ള കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് തടിയന്റമോള്‍ (Tadiandamol). സമുദ്രനിരപ്പില്‍ നിന്ന് 1,748 മീറ്റര്‍ ഉയരത്തിലാണ് ഈ കൊടുമുടി. കുടകിലെ പ്രാദേശികഭാഷയായ ' കൊടവ ' ഭാഷയില്‍ ' വലിയമല ' എന്നാണ് ഇതിന്റെ അര്‍ഥം. മൈസൂരുവില്‍ നിന്ന് 140 കിലോമീറ്ററാണ് ദൂരം.
ഹുന്‌സൂര്, ഗോണിക്കുപ്പ വഴി വീരാജ് പേട്ടയിലെത്തി തുടര്ന്ന് മടിക്കേരി റോഡിലൂടെ ഏതാനും കിലോമീറ്റര് സഞ്ചരിച്ചശേഷം തലക്കാവേരി റോഡിലേക്ക് പ്രവേശിച്ച് കക്കബെയിലേക്കുള്ള റോഡിലൂടെ വേണം പോകേണ്ടത്. കക്കബെ എത്തുന്നതിന് ഒന്നരകിലോമീറ്റര് മുമ്പായി ഇടതുവശത്ത് പാലസ് സ്‌റ്റോപ്പ് എന്ന സ്ഥലമുണ്ട്. ഇവിടെനിന്നാണ് തടിയന്റമോള്‍ കൊടുമുടിയിലേക്കുള്ള പ്രവേശനമാര്‍ഗം. ബസില്‍ വരുന്നവര്‍ക്ക് ഇവിടെയിറങ്ങാം. എന്നാല്‍ സ്വകാര്യവാഹനമാണെങ്കില്‍ വീണ്ടും നാലുകിലോമീറ്റര്‍ കൂടി മുകളിലേക്ക് പോവാന്‍ സാധിക്കും.
1,200 മീറ്റര്‍ ഉയരത്തിലാണ് വാഹനപാര്‍ക്കിങ് സ്ഥലം. ഇവിടം മുതലാണ് ഇനി ട്രെക്കിങ്. നാലുചുറ്റും നിബിഡ വനം മാത്രം. ആനകള്‍ ധാരാളമുള്ള മേഖലയാണിത്. രണ്ടുമാസം മുമ്പുവരെ ആനയിറങ്ങിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ആനകള്‍ മനുഷ്യരെ ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായതോടെ കഴിഞ്ഞവര്‍ഷം വനംവകുപ്പ് ഇവിടെ ട്രെക്കിങ്ങിന് വിലക്കേര്‍്‌പ്പെടുത്തി.
ഇവിടെനിന്ന് 548 മീറ്റര്‍ ഉയരത്തിലാണ് കൊടുമുടി. നാലുകിലോമീറ്റര്‍ ദൂരം താണ്ടണം. സാധാരണറോഡില്‍ നാലുകിലോമീറ്റര്‍ എന്നത് ഒരുദൂരമല്ലെങ്കിലും മലമുകളിലേക്കുള്ള കയറ്റം ഒരുദൂരം തന്നെയാണ്. ചുറ്റുപാടും വന്മരങ്ങള്‍. പേടിപ്പെടുത്തുന്ന അന്തരീക്ഷം. ആനയിറങ്ങിയാല്‍ ഓടാന്‍ ഒരുവഴിയുമില്ല.
അരകിലോമീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറാണ്. കൗണ്ടര്‍ എന്നുപറഞ്ഞാല്‍ മണ്ണ് കൊണ്ട് നിര്‍മിച്ച ഒരുമുറി. ഇവിടെയാണ് ടിക്കറ്റ് വില്‍പ്പനയും വനംവകുപ്പ് ജീവനക്കാരുടെ താമസവും. സന്ദര്‍ശകരുടെ പേരും സ്ഥലവും മൊബൈല്‍ നമ്പറും ഇവിടെ രേഖപ്പെടുത്തും. 20 രൂപയാണ് പ്രവേശനനിരക്ക്. വൈകിട്ട് ആറിന് തിരിച്ചെത്തണമെന്ന് വനംവകുപ്പ് ജീവനക്കാരന്‍ പ്രത്യേകമായി ഓര്‍മ്മിപ്പിക്കും. രണ്ടുവര്‍ഷം മുമ്പുവരെ തടിയന്റമോള്‍ മലമുകളില്‍ ടെന്റ് അടിച്ച് ക്യാപിങ് ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കിലും ആനശല്യവും മറ്റും കാരണം ഇപ്പോള്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കയാണ്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സന്ദര്‍ശകസമയം.
ടിക്കറ്റ് കൗണ്ടറില്‍ നിന്ന് മലമുകളിലേക്ക് മൂന്നരകിലോമീറ്റര്‍ ദൂരമുണ്ട്. നട്ടുച്ചയായാലും ചൂട് ലവലേശം അനുഭവപ്പെടില്ല. പ്രകൃതിയുടെ തണുപ്പിന്റെ ഫീല്‍ നല്‍കാന്‍ ലോകത്തിലെ ഒരു എ.സി.യ്ക്കും സാധിക്കില്ലെന്ന് മനസിലാകും. മുകളിലെത്തിയാല്‍ അവിടെനിന്നുള്ള കാഴ്ച വര്ണനാതീതം. വാക്കുകളിലൂടെ വിവരിക്കാന്‍ പറ്റില്ല. നേരിട്ട് അനുഭവിക്കണം. മേഘങ്ങളെ കൈകൊണ്ട് തൊടാന്‍ സാധിക്കും. സമുദ്രനിരപ്പില്‍ നിന്ന് 1,748 മീറ്റര്‍ ഉയരത്തില്‍ നിന്നുകൊണ്ട്് ആകാശവും വനവും മലഞ്ചെരിവും കണ്‍കുളിര്‍ക്കെ മതിവരുവോളം ആസ്വദിക്കാം. തിരിച്ചിറക്കം താരതമ്യേന എളുപ്പമാണെങ്കിലും മലകയറ്റത്തേക്കാള്‍ ശ്രദ്ധ വേണ്ടത് തിരിച്ചിറങ്ങുമ്പോഴാണ്. തെന്നിവീഴാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha