ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാമത്തെ വെള്ളച്ചാട്ടം: ശിവനസമുദ്ര വെള്ളച്ചാട്ടം
കര്‍ണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന ശിവനസമുദ്ര വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാമത്തെ വെള്ളച്ചാട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ പതിനാറാമത്തെ വെള്ളച്ചാട്ടമാണ് ശിവനസമുദ്ര.
കര്‍ണാടകയിലെ മാണ്‍ഡ്യാ ജില്ലയിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടം നിലകൊള്ളുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് നൂറ്റിയന്‍പതു കിലോ മീറ്റര്‍ക്കകലെ പൊടിയും മലിനീകരണവും തൊട്ടശുദ്ധമാക്കിയിട്ടില്ലാത്ത പ്രകൃതിരമണീയത നിറഞ്ഞു നില്‍ക്കുന്ന ഒരു നിര മലകള്‍. അതിനിടയിലൂടെ കുതിച്ചു വീഴുന്ന കാവേരി നദി.
കുടക് ജില്ലയിലെ തലക്കാവേരിയില്‍ നിന്നും ഉദ്ഭവിച്ച് ഹസന്‍, മൈസൂര്‍, മാണ്ഡ്യ വഴി ഒഴുകുന്ന പ്രസിദ്ധമായ കാവേരി നദീതടത്തില്‍ ആണ് ശിവനസമുദ്ര സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. കാവേരി നദി രണ്ടു കൈവഴികളായി തിരിഞ്ഞു തൊണ്ണൂറടി താഴേക്ക് വീഴുന്നിടത്ത് ഒന്നിനെ ഗഗന ചുക്കി എന്നും മറ്റേതിനെ ബാര ചുക്കി എന്നും വിളിക്കും.
നഗരാതിര്‍ത്തി വിടുമ്പോള്‍ തന്നെ വേറൊരു ലോകത്തെത്തുന്ന പ്രതീതിയാണ്. ആളൊഴിഞ്ഞ വീഥികളിലേക്ക് ശിഖരങ്ങള്‍ താഴ്ത്തി നില്‍ക്കുന്ന മുത്തശ്ശി മരങ്ങള്‍. അവയില്‍ നിന്ന് വീഴുന്ന പൂക്കള്‍ പട്ട് പരവതാനി പോലെ നമ്മെ വരവേല്‍ക്കും. ഈ പ്രദേശത്തിന്റെ കാതല്‍, അതിന്റെ കളങ്കം തട്ടാത്ത നാട്ടുവഴികളും അതിനോടൊട്ടിയുരുമ്മി നില്‍ക്കുന്ന പുല്‍ത്തകിടികളുമാണ് . ഹരിത ഭംഗിക്ക് അലങ്കാരമെന്നോണം ഇടയ്ക്കിടെ സൂര്യകാന്തി വയലുകളും കരിമ്പിന്‍ തോട്ടങ്ങളും കാണാം. ചീറിപ്പായുന്ന വാഹനങ്ങളുടെ അഭാവം കൊണ്ടാവാം, ഹൃദ്യമായ ഒരു കുളിരും ശാന്തതയും അനുഭവപ്പെടും.
യാത്രക്കൊടുവില്‍ സൂര്യന്റെ താപം ഉച്ചിയില്‍ നില്‍ക്കുന്ന സമയത്തില്‍ മലയുടെ കിഴുക്കാംതൂക്കില്‍ നിന്ന് കാണുന്നത് വിസ്മയിപ്പിക്കുന്ന ദൃശ്യമാണ്. കറുത്തിരുണ്ട പടുകൂറ്റന്‍ പാറകെട്ടിനിടയിലൂടെ വളഞ്ഞു പുളഞ്ഞു നിലം പതിക്കുന്ന കാവേരി നദി. കുറച്ചു മുന്നോട്ടു നടക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് നടന്നിറങ്ങാന്‍ പടികള്‍ കെട്ടിയിട്ടിട്ടുണ്ട്. ഏകദേശം ഇരുന്നൂറ് പടികള്‍. പടികള്‍ ഇറങ്ങിക്കഴിഞ്ഞ് വെള്ളച്ചാട്ടത്തിനടുത്തെത്താന്‍ പിന്നേയും കുറച്ചു ദൂരം കൂടി പോകണം. നിരപ്പല്ലാത്ത തുറസ്സായ നിലത്തിലൂടെ പോകുമ്പോള്‍ എങ്ങുമുള്ളത് രസകരമായ കാഴ്ചകളാണ്.
ആരുടേയും ഉമിനീര്‍ ഗ്രന്ധികളെ ഉണര്‍ത്തുന്ന ഉപ്പും മുളകും തേച്ചു പിടിപ്പിച്ച പച്ച മാങ്ങ കഷ്ണങ്ങള്‍ നീട്ടി നില്‍ക്കുന്ന ഒരു കൂട്ടര്‍, പ്രത്യേക തരം എണ്ണയാണെന്നും അതുകൊണ്ട് തിരുമ്മല്‍ ചികിത്സ നടത്തിയാല്‍ മാറാത്ത രോഗമില്ലെന്നു വാദിക്കുന്ന വേറെ ചിലര്‍, അത് വിശ്വസിച്ച് മുന്നിലിരുന്നു കൊടുക്കുന്ന കുറച്ചു കുടവയറന്‍മാര്‍, പിന്നെ സഞ്ചാരികളുടെ കൈയില്‍ നിന്നും എന്തും തട്ടിപറിക്കുന്ന കുരങ്ങന്മാര്‍, കുട്ടിയുടുപ്പിട്ട നായ്ക്കളും അവരുടെ യജമാന്മാരും, ഇതെല്ലം കണ്ടു ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന കുറെ വിദേശികള്‍.
വിഭിന്നമായ കുറെ കാഴ്ചകള്‍ കണ്ടുകൊണ്ട്, പാറകളും ചെറിയ ആറുകളും താണ്ടി, വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍ കേള്‍ക്കുന്ന ദിശയിലേക്ക് അടുക്കുംതോറും മുഴക്കം ഉച്ചത്തിലായികൊണ്ടിരിക്കും. ദൂരെനിന്നു തന്നെ വെള്ളച്ചാട്ടം കാണാവുന്നതാണ്. ഏതു കൊടുമുടിയില്‍ നിന്നാലും, എത്ര ശക്തി ആര്‍ജിച്ചാലും, താഴോട്ട് വീഴാം എന്ന് ഓര്‍മപ്പെടുത്തി കൊണ്ട് നദി കുതിച്ചു വീഴുന്നു. തടാകം പോലെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങാന്‍ ജനപ്രവാഹം തന്നെ ഉണ്ടാകാറുണ്ട്.
അല്‍പ്പം കൂടി മുകളിലേക്ക് കയറിയാല്‍ ഏകദേശം 50 അടിക്കുയരെ, ശക്തിയുള്ള കാറ്റ് മുഖത്തേക്ക് ആഞ്ഞടിക്കുമ്പോഴും, വെള്ളത്തിന്റെ ഊക്ക് കൂടിക്കൊണ്ടിരിക്കുമ്പോഴും ദിവ്യമായ ഒരു നിര്‍വൃതി അനുഭവപ്പെടും. ഓരോ നിമിഷം പിന്നിടുമ്പോഴും തിരക്കേറിയ ജീവിതത്തില്‍ താലോലിക്കാന്‍ മറന്നു പോയ കുറെ നിമിഷങ്ങള്‍ മനസ്സിലേയ്‌ക്കെത്തിക്കാം. കലര്‍പ്പില്ലാത്ത ശുദ്ധമായി ഒഴുകുന്ന വെള്ളം മനസ്സിന്റെ വേവലാതികളെ തുടച്ചു നീക്കികൊണ്ടിരിക്കും. പിന്നെ പതിയെ ചിന്തകള്‍ക്ക് സ്പഷ്ട്ടതയാര്‍ജിച്ച് വെള്ളത്തുള്ളികള്‍ക്കിടയിലൂടെ ഒരായിരം മഴവില്ലുകള്‍ കാണാനാകും.
https://www.facebook.com/Malayalivartha