മഴക്കാടുകളുടെ ഇരുണ്ട പച്ചപ്പില്‍ വാഴുന്ന ജര്‍വകളെയും തത്ത കൂട്ടങ്ങളെയും കാണണമെങ്കില്‍ മധ്യ അന്തമാന്‍ കാട്ടിലൂടെയുള്ള യാത്രയാവാം
മഴക്കാടുകളുടെ ഇരുണ്ട പച്ചപ്പില്‍ വാഴുന്ന ജര്‍വകളെയും കാതടപ്പിക്കുന്ന ശബ്ദത്തില്‍ ചിറകടിച്ച് വാനില്‍ വട്ടമിട്ട് കറങ്ങുന്ന തത്ത കൂട്ടങ്ങളെയും കാണണമെങ്കില്‍ മധ്യ അന്തമാന്‍ കാട്ടിലൂടെയുള്ള യാത്രയാവാം. ഒപ്പം ബാരാട്ടാംഗിലെ നിലമ്പൂര്‍ ജെട്ടിയിലേക്ക് ജങ്കാറിലൂടെയുള്ള യാത്ര പുളകമാക്കും. നീലിമ വിടര്‍ത്തിയ കടലിടുക്കിന്റെ ഓളപ്പരപ്പിലൂടെ ബോട്ട് യാത്ര. നയാഡീറാന്‍ ഗ്രാമത്തിലൂടെ കാട്ടുപൂക്കളുടെ സുഗന്ധത്തിന്റ തെന്നലില്‍ ലൈം സ്‌റ്റോണ്‍ ഗുഹകളിലേക്കും ഒരുദിവസത്തെ യാത്ര. വിസ്മയ കാഴ്ചകളാകും നമ്മെ മാടി വിളിക്കുക. ചെന്നൈയില്‍ നിന്ന് രണ്ട് മണിക്കൂര്‍ വിമാനയാത്രയാണ് അന്തമാനിലേക്ക്. നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാവാം. ചെന്നൈയില്‍ നിന്നാണ് കൂടുതല്‍ സര്‍വ്വീസുകളുള്ളത്. കപ്പല്‍യാത്രക്ക് കൊല്‍ക്കത്തയില്‍ നിന്നാണ് സൗകര്യം. പക്ഷേ, മൂന്നുദിവസമാണ് യാത്രാദൈര്‍ഘ്യം. സെപ്റ്റംബറിലാണ് അന്തമാനിലേക്ക് സഞ്ചാരികളുടെ വരവ് തുടങ്ങുന്നത്.
570 ദ്വീപുകളുള്ള മാസ്മരിക ലോകമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 80 ശതമാനവും വനമേഖലയാണ്. 35 ദ്വീപുകളില്‍ ജനവാസമില്ല. അഞ്ച് മണിയോടെ തന്നെ കിഴക്കിന്റെ നിലാവെട്ടം പൂര്‍ണമായും ഇരുട്ടിനെ മായിച്ചുകളയും. നാട്ടുവഴികള്‍ കാട്ടുവഴികളായി മാറുന്നതിനപ്പുറം അന്തമാന്‍ കാടിെന്റ ചെക്ക് പോസ്റ്റിലെത്തും. അവിടെ അഡ്രസും ആധാര്‍ കാര്‍ഡ് നമ്പറുകളും ചേര്‍ത്ത ഫോമുകള്‍ വനംവകുപ്പിെന്റ പെര്‍മിറ്റിനായി സമര്‍പ്പിക്കണം.
കോണ്‍വേ സംവിധാനത്തിലൂടെയാണ് കാട്ടിലേക്കുള്ള യാത്ര.. നൂറുകണക്കിന് കാറുകളുടെയും മറ്റു വാഹനങ്ങളുടെയും മുന്നിലും പിന്നിലും ആയി കാടിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര വേറിട്ടൊരനുഭവമായിരിക്കും. വന്‍ മാമരങ്ങളുടെ മൗനമന്ദഹാസവും ചിവീടുകളുടെ നിലക്കാത്ത ശബ്ദവും കാട്ടുപൂക്കളുടെ പരിമളവും കാറ്റിന്റെ തലോടലും എല്ലാം അനുഭവിക്കാം.
കോണ്വേ വാഹനത്തിനിടയില്‍ ഈറ്റക്കാടുകളുടെ മര്‍മരസംഗീതം ശ്രവിക്കാനും ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന ബയോ ബാവ് മരം കാണാനുമൊക്കെ അവസരമുണ്ട്. കാട്ടില്‍ ജലക്ഷാമംമൂലം വരള്‍ച്ച നേരിടുമ്പോള്‍ മരത്തില്‍ ദ്വാരമുണ്ടാക്കി ജലം കുടിക്കുകയും ശേഖരിക്കുകയും ചെയ്യും. ബോട്ടിലിന്റെ മാതൃകയിലാണ് ഈ മരം. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കടലോരങ്ങളിലായാണ് ഈ മരങ്ങളുള്ളത്. ഇത് കടല്‍മാര്‍ഗം ഒഴുകിയെത്തിയതായി പറയപ്പെടുന്നു.
ജറവകള്‍ പൊതുവെ എല്ലാവരും നല്ല ആരോഗ്യവാന്മാരാണ്. കറുത്ത ശരീരവും ചുരുണ്ട മുടികളും ആകര്‍ഷകമാണ്. പലരും അര്‍ധനഗ്‌നരാണ്. വഴിയോരങ്ങളില്‍ മേയുന്നപുള്ളിമാന്‍ കൂട്ടങ്ങളും കാടിന്റെ ദൃശ്യഭംഗിക്ക് നിറപ്പകിട്ടൊരുക്കുന്നുണ്ട്. കാട്ടുപാതയില്‍ വാഹനങ്ങള്‍ 20 മുതല്‍ 40 കി.മീറ്റര്‍ വരെ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഈറ്റക്കാടുകളും ചൂരല്‍ കാടുകളും യാത്രയെ മനോഹരമാക്കുന്നു. വന്‍മരച്ചില്ലകളിലിരുന്നു പഴങ്ങള്‍ കൊത്തിനുറുക്കിയും കലപില വെച്ചും അന്തമാന്‍ തത്തക്കൂട്ടം കണ്ണുകളെ കുളിരണിയിക്കും.
ജര്‍വ റിസര്‍വ്വ് വനപാതയിലെ യാത്ര പൂര്‍ത്തിയാക്കി നേരെ ബാരാതാങ് ജെട്ടിയിലെത്തിയാല്‍ സ്പീഡ് ബോട്ട് യാത്രക്കുള്ള ടിക്കറ്റ് ലഭിക്കും. നിലമ്പൂര്‍ ജെട്ടിയിലേക്കാണ് യാത്ര. ജങ്കാറില്‍ മൂന്ന് ബസുകള്‍ക്കും 300 സഞ്ചാരികള്‍ക്കും ഒരേസമയം യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. നിലമ്പൂര്‍ അന്തമാനിലെ ഒരു ഗ്രാമപ്രദേശമാണ്. ഖിലാഫത്ത് സമരകാലത്ത് ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‌നിന്ന് കൂട്ടത്തോടെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയവരുടെ ഓര്‍മകളാണ് ഇവിടെ. വണ്ടൂര്‍, മഞ്ചേരി എന്നീ പേരുകളിലും സ്ഥലങ്ങളുണ്ട് ഇവിടെ.
നിലമ്പൂര്‍ ജെട്ടിയില്‍ നിന്ന് ലൈംസ്‌റ്റോണ്‍ ഗുഹകളിലേക്കാണ് പിന്നീട് സ്പീഡ് ബോട്ട് പോകാറുള്ളത്. കണ്ടല്‍കാടുകളാല്‍ പ്രകൃതി തീര്‍ത്ത വര്‍ണചാരുതയില്‍ മനംകുളിര്‍ക്കും. ലൈംസ്‌റ്റോണ്‍ ഗുഹകളിലേക്ക് പോകാന്‍ ബോട്ടില്‍ നിന്നിറങ്ങി നടക്കണം. നീണ്ട കാട്ടുപാതയിലൂടെ ഒന്നര മണിക്കൂര്‍ പിന്നേയും സഞ്ചരിക്കണം ഗുഹകളിലേക്ക് എത്തിപ്പെടാന്‍. മുതലകളെ സൂക്ഷിക്കണമെന്ന ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇടുങ്ങിയ വഴിയിലൂടെയാണ് ഗുഹയിലേക്ക് പ്രവേശിക്കേണ്ടത്. എമര്‍ജന്‍സി ലാമ്പുകള്‍ കത്തിച്ച് വേണം 40 മീറ്റര്‍ നീളമുള്ള ഗുഹയിലെ വര്‍ണവിസ്മയം തീര്‍ക്കുന്ന പ്രകൃതിയുടെ ശില്പചാരുത കണ്ടാസ്വദിക്കാന്‍. മഴകൂടി ചേര്‍ന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് പാറകളിലെ ആസിഡുമായി ചേര്‍ന്ന് രൂപാന്തരം സംഭവിച്ചാണ് ഗുഹയിലെ പാറകളിലെ ശില്പ ഭംഗി!
സൗത്ത് അന്തമാന്‍ ദ്വീപിലെ കൊടുങ്കാട്ടില്‍ അവശേഷിക്കുന്ന ജര്‍വകളുടെ സംരക്ഷണത്തിെന്റ ഭാഗമായി സഞ്ചാരികള്‍ കടലിടുക്കുകളിലൂടെ യാത്ര ചെയ്യുന്നതിന് ജലയാനങ്ങള്‍ സംബന്ധിച്ചുള്ള ഒരു പുതിയ പദ്ധതി തയ്യാറാകുന്നു. 2014-ല്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബാരാതാങ്ങില്‍ പോകാന്‍ ജര്‍വ റിസര്‍വ്വ് വനത്തിലൂടെയുള്ള പാത ഒഴിവാക്കി ജര്‍വ്വകളുടെ സുരക്ഷ ഉറപ്പുവരുത്തലാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിശാസ്ത്രപരമായ സവിശേഷതകളും സംസ്‌കാരവും കൊണ്ട് വിഭിന്നമായ ഒരു സമൂഹമാണ് ജര്‍വ്വ ഗോത്രവര്‍ഗം. 1858-ല്‍ ബ്രിട്ടീഷ് കോളനി വാഴ്ച ആരംഭിച്ചതോടെ അന്തമാന്‍ ദ്വീപസമൂഹങ്ങള്‍ ബ്രിട്ടീഷ് തടവുകാര്‍ക്ക് ശിക്ഷ നടപ്പാക്കാനുള്ള കേന്ദ്രമായി മാറ്റുകയായിരുന്നു. ഇതാകട്ടെ ജര്‍വകള്‍പോലുള്ള തദ്ദേശിയരായ കാടിന്റെ മക്കള്‍ക്ക് വെല്ലുവിളിയായി. ഇതിനെതിരെ ജര്‍വകള്‍ പ്രതിരോധത്തിെന്റ വഴികള്‍ തേടാന്‍ തുടങ്ങി.സ്വാതന്ത്ര്യത്തിന് ശേഷവും ജര്‍വകള്‍ കുടിയേറ്റക്കാര്ക്ക് ഭീഷണിയായിരുന്നു. ക്രമേണ അവര്‍ തങ്ങളുടെ പരിതാവസ്ഥ തിരിച്ചറിഞ്ഞതോടെ ശത്രുതാ മനോഭാവത്തിന് മാറ്റം വരുത്തിത്തുടങ്ങി.
500000 വര്‍ഷങ്ങളായി കാടുകളില്‍ ജീവിച്ച് പോന്ന ഒരു ജനവിഭാഗമാണ് ജര്‍വകളെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഏതാണ്ട് 400-ഓളം പേരുണ്ടെന്നാണ് അറിയുന്നത്. കുടുംബങ്ങളുമായി മധ്യ അന്തമാനിന്റെ കൊടുംകാട്ടില്‍ ജല ഉറവിടങ്ങളുമായി ബന്ധപ്പെട്ട പ്രദേശത്താണ് താമസം. കരിമ്പനയുടെ ഇലയോട് സാദൃശ്യമായ ഷിലായ പത്തി മരത്തിന്റെ ഇലകള്‍, നാരുകള്‍ കൊണ്ട് തുന്നിയെടുത്ത് മേലേ പാകിയ കുടിലുകളിലാണ് പലരും താമസിക്കുന്നത്. മറയ്ക്ക് കാട്ടിലെ ഈറ്റകളാണ് പ്രയോജനപ്പെടുത്തുന്നതത്രെ. കാട്ട് തേനും കാട്ട് കിഴങ്ങുകളും കാട്ടുപഴങ്ങളും ഭക്ഷിക്കുന്നു. കാട്ട് പന്നികളെയും പക്ഷികളെയും വേട്ടയാടി ഭക്ഷിക്കുന്നു. മാന്‍ വര്‍ഗങ്ങളെ ഒരിക്കലും വേട്ടയാടാന്‍ മുതിരാറില്ലത്രെ. 1000 സ്‌ക്വയര്‍ കി.മീറ്റര്‍ വിസ്തീര്‍ണത്തിലാണ് മധ്യ അന്തമാന്‍ കാടുള്ളത്. ജര്‍വസ്ത്രീകളെ പുറംലോകക്കാര്‍ വന്ന് ലൈംഗിക ചൂഷണം ചെയ്ത സംഭവങ്ങള്‍ ഏറെ വിവാദമായിരുന്നു. കടന്നുകയറ്റക്കാര്‍ ഗോത്രവാസികളെ ചൂഷണത്തിന് വിധേയമാക്കിയ ഒരുകാലമാണ് കഴിഞ്ഞ് പോയത്. തെക്കന്‍ അന്തമാനിലെ തിരൂര്‍, മധ്യ അന്തമാനിലെ കടന്തല പ്രദേശങ്ങളിലെ ജര്‍വകളാണ് പല രീതിയിലും ചൂഷണം നേരിടേണ്ടിവന്നതായി പറയപ്പെടുന്നത്.
2012-ല്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ ജര്‍വകളുടെ പ്രമാദമായ നഗ്‌നനൃത്തവും ഭരണകൂടത്തിന് ഒരു പുനര്‍ചിന്തക്ക് വഴിമരുന്നിട്ടിരുന്നു. ഇപ്രകാരം ഒരു വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഗോത്രവര്‍ഗക്കാരായ ജര്‍വകളുടെ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കര്‍ശന നിയമങ്ങളുണ്ടാക്കാന്‍ പ്രേരകമായി. ഇക്കാരണത്താല്‍ ജര്‍വകളുടെ ആവാസകേന്ദ്രത്തിലൂടെയുള്ള യാത്രയും അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും വിലക്കിയിട്ടുണ്ട്. ചിത്രമെടുത്താല്‍ മൂന്നുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ കഠിന ശിക്ഷയും ഏര്‍പ്പെടുത്തി. ജര്‍വകളുടെ കാട്ടുപാതയിലൂടെ ദിവസവും നാല് സമയ ഷെഡ്യൂളിലാണ് യാത്ര ചെയ്യാനുള്ള അനുമതി നല്‍കുന്നത്. സഞ്ചാരികള്‍ ജര്‍വകളുടെ ഫോട്ടോകള്‍ പകര്‍ത്തുന്നതും അവര്‍ക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ എറിഞ്ഞ് കൊടുക്കുന്നതും കണ്ടുപിടിക്കാന്‍ വാഹനങ്ങളില്‍ കമാന്‍ഡോകള്‍ സഞ്ചരിക്കുന്നുണ്ട്.
ജര്‍വകളുടെ ആരോഗ്യത്തെ ശ്രദ്ധിക്കുവാന്‍ പോര്‍ട്ട്ബ്ലയര്‍ ആശുപത്രിയില്‍ പ്രത്യേകവാര്‍ഡ് ഒരുക്കിയിട്ടുണ്ട്.അവരുടെ വാസസ്ഥലത്ത് പോയി രോഗികളെ പരിശോധിക്കാന്‍ പ്രത്യേക ഡോക്ടര്‍്മാരും നഴ്‌സുമാരും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. 2013-ല്‍ പോര്‍ട്ട്ബ്ലയര്‍ ആസ്ഥാനമായി പ്രവര്‍ ്ത്തിക്കുന്ന അന്തമാന്‍ ആന്‍ഡ് നികോബാര്‍ ട്രൈബല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് ജര്‍വകളുടെ ജീവിതരീതി, ഭക്ഷണം, പാര്‍പ്പിടം, ശരീരഘടന, ആരോഗ്യം, ഭാഷ തുടങ്ങിയ കാര്യങ്ങളെ പറ്റി പഠിക്കാന്‍ നരവംശശാസ്ത്രജ്ഞന്‍ വിഷ്ണു വജിത് പാണ്ഡ്യയെ നിയമിച്ചു. ഇത് ജര്‍വകളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയുന്നതില്‍ നിര്‍ണായക വഴിത്തിരിവായി. ഇദ്ദേഹത്തിെന്റ കണ്ടെത്തല്‍ ഗോത്രവര്‍ഗക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ അന്തമാന്‍ ആദിം ജന്‍ ജതി വികാസ് സമിതി ശക്തിപ്പെടുത്തുന്നതിന് പ്രേരകമായിട്ടുണ്ട് . ഭൂമിശാസ്ത്രവും ചരിത്രവും സംസ്‌കാരവും വിഭിന്നമായ ഒരു ഗോത്ര സമൂഹമാണ് ജര്‍വകള്‍. ആധുനിക സംസ്‌കാരത്തിെന്റ കടന്നുകയറ്റത്തില്‍ നിന്ന് വംശനാശം നേരിടുന്ന ജര്‍വകള്‍ സംരക്ഷിക്കപ്പെടണം. ഇതിനുള്ള പദ്ധതികളാവണം ഭാവിയില്‍ നടപ്പാക്കേണ്ടത്.
https://www.facebook.com/Malayalivartha