ഒറ്റക്ക് സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍
യാത്ര ചെയ്യണം എന്ന് തോന്നുമ്പോള്‍ എവിടെ സുരക്ഷിതമാണ് എന്ന് നോക്കണമെന്നില്ല എന്നതാണ് സത്യം! എവിടെ പോവാനാണ് ആഗ്രഹം എന്നാണ് നോക്കേണ്ടത്. അങ്ങനെ തുടങ്ങുന്ന യാത്രയുടെ അനുഭവം പിന്നീടുള്ള യാത്രകള്‍ക്ക് പ്രചോദനമാവും.
എല്ലാ കാര്യത്തിലും ഒന്ന് അലെര്‍ട്ട് ആയിരിക്കണമെന്നതാണ് ഏറ്റവും പ്രധാനം. ഒറ്റപ്പെട്ടു പോവാതിരിക്കുക. ഇതൊക്കെ ആണ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍. രാത്രി വൈകി എത്തുന്ന ട്രെയിന്‍, രാത്രി വൈകി പുറപ്പെടുന്ന ട്രെയിന്‍ അല്ലെങ്കില്‍ ബസ് എന്നിവയില്‍ യാത്ര ഒഴിവാക്കാം.
പിന്നെ കഴിയുന്നതും എല്ലാം ഒരൊറ്റ ബാഗ് ആയി വളരെ കുറഞ്ഞ കനത്തില്‍ പാക്ക് ചെയുക (എപ്പോഴാ എങ്ങനെയാ ഇതും തൂക്കി ഓടേണ്ടി വരിക എന്ന് പറയാന്‍ പറ്റില്ലല്ലോ (പേടിപ്പിച്ചതല്ല... ബസിന്റെ പിറകെയും ഓടേണ്ടി വരും! )
ആദ്യത്തെ യാത്ര ആണെങ്കില്‍ ഒരു ചെറിയ വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. വളരെ അടുത്തറിയുന്ന സുഹൃത്തുക്കളെ അതില്‍ ആഡ് ചെയ്ത് പോകുന്ന സ്ഥലങ്ങളും മറ്റു വിവരങ്ങളും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുക . ഇനി പുതിയതായി ആരെയെങ്കിലും കണ്ട് അവരുടെ കൂടെ സമയം ചെലവഴിക്കുകയാണെങ്കില്‍ ഒരു സെല്‍ഫി എടുത്ത് ഈ ഗ്രൂപ്പിലേക്ക് ഒന്ന് ഇടുന്നത് നല്ലതാണ്. അടുത്തുള്ള പോലീസ് സ്‌റ്റേഷന്റെ നമ്പര്‍ കയ്യില്‍ ഉണ്ടെങ്കില്‍ നല്ലത്.
സ്വന്തം നാട്ടില്‍ പലതിനോടും പ്രതികരിക്കുന്ന രീതിയില്‍ പോകുന്ന സ്ഥലങ്ങളില്‍പ്രതികരിക്കാതിരിക്കുക. നാട്ടില്‍ ലേഡീസ് സീറ്റില്‍ നിന്ന് ഒരാളെ എഴുന്നേല്‍പ്പിക്കുന്നതു പോലെ ആവില്ല കേരളത്തിന് പുറത്തു പോയി ചെയ്യുന്നത്. ഒറ്റക്കുള്ള യാത്രകള്‍ പരിചയമാവും വരെ സാമൂഹ്യ പ്രതിബദ്ധത അല്‍പ്പം കുറച്ചുമതി എന്നു സാരം!
യാത്രയാണല്ലോ, എല്ലാവരെയും ഒന്നു പരിചപ്പെട്ടേക്കാം എന്ന് കരുതി കാണുന്ന എല്ലാവര്‍ക്കും എവിടെ താമസിക്കുന്നു എങ്ങോട്ടു പോകുന്നു എന്ന മുഴുവന്‍ വിവരങ്ങളും കൈമാറാതിരിക്കുക. ഒരു സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ് എല്ലാം കൊണ്ടും ഇപ്പോഴും ഗുണം ചെയ്യും. ഹോട്ടലുകള്‍ ബുക്ക് ചെയുമ്പോള്‍ റിവ്യൂ നോക്കി ബുക്ക് ചെയ്താല്‍ നല്ലത്. പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ആണ് എല്ലാം കൊണ്ടും നല്ലത്. പക്ഷെ അസമയത്തുള്ള യാത്ര ഒഴിവാക്കണം.
ഇത്രയൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. യാത്ര ചെയ്യാനുള്ള ആഗ്രഹം ഉണ്ടെങ്കില്‍ എവിടെ പോകണം എന്നും അപ്പൊ തന്നെ മനസ്സ് പറയും. അങ്ങോട്ട് പോവുക.
ബീഹാര്‍ ഒരു സഞ്ചാരിയും നല്ലതെന്നു പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ അവിടെ യാത്ര പോയപ്പോള്‍ കണ്ടുമുട്ടിയ മനുഷ്യരെ പോലെ ഉള്ളവരെ പിന്നെ സ്വന്തം നാട്ടിലേ കണ്ടിട്ടുള്ളു എന്നു പറയുന്നവരുമുണ്ടെന്ന് അറിയുക. അങ്ങോട്ട് പോകരുത, സ്ത്രീകള്‍ക്ക് പോവാന്‍ പറ്റിയ ഇടമല്ലെന്നു മറ്റുള്ളവര്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ബിഹാറും, ഝാന്‍സിയും ഓര്‍ച്ചയും ഒന്നും സ്ത്രീകള്‍ കാണില്ലായിരുന്നു.
ആദ്യയാത്ര നല്ല പോലെ പ്ലാന്‍ ചെയ്തു പോവുക പിന്നെ പിന്നെ അത് ശീലമായിക്കോളും.ബാഗും കൊണ്ട് എങ്ങോട്ടും എപ്പോഴും പോവുന്ന ഒരു യാത്രക്കാരി എല്ലാവരുടെയും ഉള്ളില്‍ പെട്ടെന്നുണ്ടാവട്ടെ.
https://www.facebook.com/Malayalivartha