വൃത്തിയുള്ള ബീച്ചുകള്‍ ഇന്ത്യയിലുമുണ്ട്!
എത്ര കണ്ടാലും കടലിനോടും തിരമാലകളോടുമുള്ള സ്‌നേഹം മനുഷ്യര്‍ക്ക് അവസാനിക്കാറില്ല. യാത്രപോവുമ്പോള്‍ അടുത്തെവിടെ എങ്കിലും ബീച്ച് ഉണ്ടോ എന്ന് അന്വേഷിക്കുന്നവരാണ് കൂടുതലും. പക്ഷേ ബീച്ചില്‍ പോകണമെങ്കില്‍ അങ്ങ് വിദേശത്തെ ബീച്ചുകളില്‍ പോകണമെന്ന് പലരും പറയും. ഇന്ത്യന്‍ കടലോരങ്ങളില്‍ വൃത്തിയുടെ കാര്യം ഒരു പ്രശ്‌നം തന്നെയാണ്. വില്‍പനക്കാരും അവരില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങി അവശിഷ്ടങ്ങള്‍ മണല്‍പ്പരപ്പില്‍ തന്നെ നിക്ഷേപിക്കുന്നവരും, വസ്ത്രങ്ങളും കാലി കുപ്പികളും എന്നുവേണ്ട ബീച്ചുകളില്‍ കാണാന്‍ കഴിയാത്തതായി ഒന്നുമില്ല. എന്നാല്‍ എല്ലാ ഇന്ത്യന്‍ ബീച്ചുകളും ഇതുപോലെയല്ല... കുറച്ചു കടല്‍ത്തീരങ്ങള്‍ നമുക്കുമുണ്ട്, മനോഹരമായി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നവ.
പാരഡൈസ് ബീച്ച്, പോണ്ടിച്ചേരി
പോണ്ടിച്ചേരി യാത്രകളില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരിടമാണ് അവിടുത്തെ പാരഡൈസ് ബീച്ച്. പേര് പോലെ തന്നെ സ്വര്‍ഗസമാനമായ കടല്‍ തീരമാണിത്. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഈ പേര് ഈ തീരത്തിന് യോജിക്കുന്നത്, ഒന്നാമതായി ഈ ബീച്ചിന്റെ ഭംഗിയും വൃത്തിയും. രണ്ടാമത് പോണ്ടിച്ചേരിയുമായി ഇതിനെ ബന്ധിപ്പിക്കുന്ന ബോട്ട് ഗതാഗതം. പോണ്ടിച്ചേരിയില്‍ നിന്നും ഒരു ബസ് പിടിച്ചാല്‍ നേരെ പാരഡൈസ് ബീച്ചിലെ ബോട്ട് ജെട്ടിക്കടുത്ത് ഇറങ്ങാം. പ്രധാന നഗരത്തില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലമുണ്ട് ഈ ബീച്ചിലേക്ക്. കണ്ണുനീര് പോലെ തെളിഞ്ഞ വെള്ളമാണ് പാരഡൈസ് ബീച്ചിന്റെ സവിശേഷത. കുടുംബമായി പോകാനും കൂട്ടുകാരൊത്ത് ചില്‍ ചെയ്യാനും അനുയോജ്യമായ ബീച്ചാണ് ഇത്.
രാധാനഗര്‍ ബീച്ച്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍
ഏഷ്യയിലെ ഏറ്റവും മനോഹരമായ ഏഴു ബീച്ചുകളില്‍ ഒന്നാണ് രാധാനഗര്‍ ബീച്ച്. നീല കടലും വെള്ള മണല്‍പ്പരപ്പും ഈ തീരത്തിന് പ്രത്യേക ഭംഗി നല്‍കുന്നുണ്ട്. പ്രകൃതി മനോഹരമായ ഇടത്താണ് രാധാനഗര്‍ ബീച്ച്. ഇവിടുത്തെ സൂര്യാസ്തമനം അതീവഹൃദ്യവുമാണ്. പോര്‍ട്ട് ബ്ലെയറില്‍ നിന്നും സീപ്‌ളെയിന്‍ വഴി രാധാബീച്ചില്‍ എത്താം. ബോട്ട് സര്‍വ്വീസും ഇവിടെയുണ്ട്. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ്.
മല്‍വാന്‍ ബീച്ച്, മഹാരാഷ്ട്ര
ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന മഹാരാഷ്ട്രയിലെ ഒരു സ്ഥലമാണ് മല്‍വാന്‍. ഇവിടുത്തെ കോട്ടകള്‍ പ്രശസ്തമാണല്ലോ. കടല്‍ മാത്രമല്ല കായല്‍ ടൂറിസവും മല്‍വാനിലുണ്ട്. മാത്രമല്ല ജലവുമായി ബന്ധപ്പെട്ടു കിടക്കുന്ന മത്സരങ്ങള്‍ പലതും ഇവിടെ വച്ച് നടത്തുകയും ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബര്‍ -മെയ് മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് പറ്റിയത്. കൊങ്കണ്‍ റീജിയണിലെ മത്സ്യബന്ധനം ഏറ്റവുമധികം നടക്കുന്ന ഇടവും ഇവിടെയാണ്. മനോഹരമായ മല്‍വാന്‍ ബീച്ചിന്റെ ഭംഗി കണ്ടു തന്നെ മനസ്സിലാക്കണം.
ഗോകര്‍ണ ബീച്ച്, കര്‍ണാടക
കര്‍ണാടകയിലെ ഹൈന്ദവ പ്രാധാന്യമുള്ള പ്രദേശമാണ് ഗോകര്‍ണം. ബീച്ചിന്റെയും ക്ഷേത്രങ്ങളുടെയും പേരിലാണ് ഗോകര്‍ണത്തിന്റെ പ്രശസ്തി. ഹൃദയം പിടിച്ചടക്കുന്ന മനോഹാരിതകളുള്ള, വൃത്തിയുള്ള ബീച്ച് തന്നെയാണ് പുറത്തുനിന്ന് വരുന്നവരെ ഗോകര്‍ണത്തേക്ക് ആകര്‍ഷിക്കുന്നത്. സ്വര്‍ണനിറമുള്ള മണല്‍ പ്രത്യേക ആകര്‍ഷണീയതയൊരുക്കുന്നു. നഗരത്തിലെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ പോലെ ഇവിടെ കടല്‍ കിടക്കുന്നു. മുളകളുടെയും തെങ്ങിന്റെയും ഫലസമൃദ്ധിയാണ് മറ്റൊരു സവിശേഷത.
കാല പാതാര്‍ ബീച്ച്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍
ദ്വീപിലെ മറ്റു ബീച്ചുകളെക്കാള്‍ നിശബ്ദതയും ശാന്തതയുമുള്ള ബീച്ചാണിത്. ടൂറിസം എന്നതിനേക്കാള്‍ നിശബ്ദതയുടെ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കു ഈ ദ്വീപ് ഉറപ്പായും ഇഷ്ടപ്പെടും. മൂര്‍ച്ചയുള്ള കല്ലുകളും പവിഴവുമൊക്കെ കടലിനടിയിലുള്ളതുകൊണ്ടു ഇവിടെ നീന്താന്‍ ബുദ്ധിമുട്ടാണ്. സംഗീതമോ മറ്റു എന്തെങ്കിലുമോ ആസ്വദിക്കണമെങ്കില്‍ ഒപ്പം കൊണ്ടുപോകേണ്ടിവരും, കാരണം ഇവിടെ ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുക എളുപ്പമല്ല. അതായത് ടൂറിസം അത്രയധികം പ്രോത്സാഹിപ്പിക്കപ്പെടാത്ത ബീച്ചാണിത് എന്ന് സാരം.
കോവളം ബീച്ച് , കേരളം
ലോകവിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ ബീച്ച്. കേരളത്തിന്റെ സ്വന്തം മനോഹാരിതകള്‍ മുഴുവന്‍ പേറുന്ന ബീച്ചാണ് കോവളം. ആയുര്‍വേദവും പച്ചപ്പും ഒന്നിച്ചു നല്‍കുന്ന അപൂര്‍വ്വ സവിശേഷത ഈ ബീച്ചിനുണ്ട്. ഏതാണ്ട് ഉച്ചയോടെ ഉണരുന്ന ബീച്ച് വൈകുന്നേരത്തോടെ സജീവമാകും. വിദേശികളാണ് കൂടുതലായും ഇവിടെയെത്തുന്നത്. സണ്‍ബാത്തിനെത്തുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹവ്വാ ബീച്ചാണ് കോവളത്തെ ബീച്ചുകളില്‍ പ്രശസ്തം. തിരുവനന്തപുരം നഗരത്തില്‍ നിന്നു പതിനാറു കിലോമീറ്റര്‍ അകലെയാണ് കോവളം ബീച്ച്.
മന്ദര്‍മനി ബീച്ച്, വെസ്റ്റ് ബംഗാള്‍
ബംഗാള്‍ ഉള്‍ക്കടലില്‍ ഭാഗമായി ഉള്ള ബീച്ച് വശമാണിത്. ശരിക്കുമുള്ള ബംഗാളിന്റെ നാഗരിക ഭാഗത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് ഈ ബീച്ച് എന്നതിനാല്‍ തന്നെ ബംഗാള്‍ കാണാന്‍ വരുന്നവരുടെ കാഴ്ച പട്ടികയില്‍ ഒരിക്കലും ഈ ബീച്ച് ഇടം പിടിക്കാന്‍ സാധ്യതയില്ല. ഒരുപക്ഷെ അതുകൊണ്ടു തന്നെയാകും ഇവിടം ഏറ്റവും മനോഹരമായും ശാന്തമായും വൃത്തിയായും ബംഗാളിലായിട്ടു കൂടി തുടരുന്നതും. നീളം കൂടിയ െ്രെഡവ് ചെയ്യാന്‍ കഴിയുന്ന ബീച്ചും കൂടിയാണ് മന്ദര്‍മനി ബീച്ച്.
മൊബര്‍ ബീച്ച്, ഗോവ
ഗോവയില്‍ നിന്നും മുപ്പതു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ബീച്ചാണിത്. ഗോവയിലെ ഹോളിഡേ ബീച്ചുകളില്‍ മനോഹരവും വൃത്തിയുള്ളതുമായ ബീച്ചുകളില്‍ ഒന്നായി ഇതിനെ കണക്കാക്കുന്നു. ഇവിടെ പക്ഷി നിരീക്ഷണത്തിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോവയുടെ തെക്കുഭാഗത്തായി ഉള്ള മൊബര്‍ ബീച്ച് ഇവിടുത്തെ എയര്‍പോര്‍ട്ടില്‍ നിന്നും നാല്‍പ്പതു കിലോമീറ്റര്‍ അകലെയാണ്. 600 / 750 രൂപ കൊടുത്താല്‍ ഇവിടേയ്ക്ക് പ്രീ പെയ്ഡ് ടാക്‌സി സൗകര്യവും ലഭിക്കും. പതിനേഴ് കിലോമീറ്റര്‍ അകലെയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ഉള്ളത്. ഗോവയുടെ പൊതുറോഡ് ഗതാഗതവും സൗകര്യമായി ലഭിക്കും.
പാലോലെം ബീച്ച്, ഗോവ
ഗോവയിലെ നിരവധി ബീച്ചുകളില്‍ ഒന്ന്, പക്ഷേ വൃത്തിയുള്ളതും മനോഹരവുമായ ബീച്ച്. രാജ്യാന്തരതലത്തില്‍ പോലും ഇവിടുത്തെ വൃത്തിയും മനോഹാരിതയും അംഗീകരിക്കപ്പെട്ടതാണ്. സൗത്ത് ഗോവയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണിത്. നിരവധി മത്സ്യബന്ധന തൊഴിലാളികളും ഉള്ള ബീച്ചാണിത്. പാറക്കൂട്ടങ്ങളുടെ ദൃശ്യം ഈ ബീച്ചില്‍ നിന്ന് നോക്കുമ്പോള്‍ വളരെ മനോഹരമാണ്. ദബോലിം ആണ് ഏറ്റവും അടുത്തുള്ള (67 സാ) എയര്‍പോര്‍ട്ട്. മഡ്ഗാവോണ്‍ റെയില്‍വേ സ്‌റ്റേഷനും മുപ്പതു മിനുട്ട് അടുത്തായുണ്ട്.
ഗണപതിപുലെ ബീച്ച്
കൊങ്കണ്‍ റീജിയണിലെ ഒരു ചെറിയ ഗ്രാമമാണ് ഇത്. ഗണപതിയുടെ ആകൃതിയുള്ള ഒരു മല ഇവിടെ ഉള്ളതുകൊണ്ടാണ് ഗ്രാമത്തിനു ആ പേര് വന്നതും. കൊങ്കണ്‍ ബീച്ചുകളില്‍ വെള്ള മണല്‍ നിറഞ്ഞ ബീച്ചാണ് ഇവിടെയുള്ളത്. മനോഹരവും വൃത്തിയുള്ളതും ഗ്രാമീണവുമായ കാഴ്ച തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണീയത.
https://www.facebook.com/Malayalivartha