യാത്രയുടെ കൂട്ടുകാരി രാധിക റാവു; ഇന്ത്യ ചുറ്റിയത് ഒറ്റയ്ക്ക്!
അവളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അവള്‍ രണ്ട് ചക്രങ്ങള്‍ ഘടിപ്പിച്ചു; മുന്നോട്ട് കുതിക്കാന്‍ ആക്‌സിലറേറ്ററും. രാധിക റാവുവെന്ന 26-കാരി ഒറ്റയ്ക്ക് തന്റെ ബൈക്കില്‍ ഏഴു മാസം കൊണ്ട് താണ്ടിയത് 22,000 ത്തിലധികം കിലോമീറ്ററാണ്. 29 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും സന്ദര്‍ശിച്ചു. ഇന്ത്യ മുഴുവനായി കാണുക, കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുക ഈ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് രാധിക റാവു യാത്ര ആരംഭിച്ചത്. യാത്ര പുറപ്പെടുന്നതിനു മുമ്പ് നീയൊരു പെണ്ണല്ലേ നിനക്ക് ഒറ്റയ്ക്ക് ഇതിനൊക്കെ കഴിയുമോ എന്ന് സംശയിച്ചവര്‍ക്കു മുമ്പില്‍ ഉത്തരമായി രാധിക റാവു പുഞ്ചിരിച്ചു നില്‍ക്കുന്നു. രാധിക റാവുവിന്റെ യാത്രാവിശേഷങ്ങളിലേക്ക്
ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് ചെന്നൈയിലെ വസതിയില്‍ നിന്ന് രാധിക ഏകയായി യാത്ര പുറപ്പെത്. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയായിരുന്നു പര്യടനം. പിന്നീട് കാഷ്മീരിലേക്ക്. ശേഷം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നിട്ടു. പിന്നീടാണ് സൗത്ത് ഇന്ത്യയിലേക്ക് കടന്നത്. കര്‍ണാടകയില്‍ നിന്ന് വയനാടന്‍ ചുരമിറങ്ങി കോഴിക്കോട്ടെത്തി. രാധികയുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരുന്നു. നവംബര്‍ 19-ന് യാത്ര തുടങ്ങിയിടത്തു തന്നെ അവസാനിപ്പിച്ചു.
യാത്ര തുടങ്ങുമ്പോള്‍ സാമ്പത്തികമായിരുന്നു വെല്ലുവിളി. സ്‌പോണ്‍സര്‍ഷിപ്പിനായി നിരവധിപേരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പലരുടെയും സംശയം ഒരു പെണ്ണായ നിനക്കിത് കഴിയുമോയെന്നായിരുന്നു. ചിലര്‍ പുച്ഛിച്ച് തള്ളി. അവസാനം സുഹൃത്തുക്കളില്‍ നിന്നു സമാഹരിച്ച 50,000 രൂപയുമായാണ് യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം താമസത്തിനും ഭക്ഷണത്തിനുമായി ആശ്രയിച്ചത് സ്‌കൂളുകളെയും അനാഥാലയങ്ങളെയും മറ്റുമാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയുടെ സുഹൃത്തുക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത് യാത്രയ്ക്ക് സഹായകമായെന്ന് രാധിക റാവു പറഞ്ഞു. യാത്രയ്ക്കിടയിലും നിരവധിപേര്‍ സാമ്പത്തികമായി സഹായിച്ചു.
യാത്രയിലെ ഇടവേളകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അനാഥക്കുട്ടികള്‍, മറ്റ് സാഹസികര്‍ എന്നിവരുമായി ആശയവിനിമയം നടത്തുവാനും രാധിക സമയം കണ്ടെത്തി. വിവിധ സംസ്‌കാരങ്ങളിലുള്ളവരുമായി അടുത്തിടപഴകാന്‍ സാധിച്ചത് വേറിട്ടൊരു അനുഭവമായിട്ടാണ് രാധിക കരുതുന്നത്.
യാത്രയിലുടനീളം ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പലരും സ്വന്തം മകളെപ്പോലെ സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്തു. മോശം അനുഭവം ഒരിടത്തു നിന്നും ഉണ്ടായില്ല. ചില സ്ഥലത്തു നിന്നു മടങ്ങാന്‍ തുടങ്ങിയപ്പോള്‍ കുറച്ചു ദിവസം കൂടി തങ്ങളോടൊപ്പം തങ്ങാന്‍ പലരും നിര്‍ബന്ധിച്ചത് മറക്കാന്‍ കഴിയില്ല. രാധികയുടെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കം.
ആണെങ്കിലും തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ ജനിച്ച രാധിക റാവു പക്ഷേ വളര്‍ന്നതും പഠിച്ചതുമെല്ലാം ചെന്നൈയില്‍ ആണ്. കേരളത്തിലൂടെയുള്ള യാത്രാനുഭവങ്ങള്‍ പറയുമ്പോള്‍ രാധികയ്ക്ക് ഇപ്പോഴും ഭയമാണ്.
വളരെ വീതി കുറഞ്ഞ റോഡാണ് കേരളത്തിലേത്. ഈ റോഡിലൂടെ ബസുകള്‍ അമിത വേഗത്തില്‍ പായുന്നത് കണ്ടാല്‍ പേടിയാകും. പലപ്പോഴും അമിത വേഗത്തില്‍ എതിരെ വന്ന ബസുകള്‍ ഇടിക്കുമെന്ന് പേടിച്ച് ബൈക്ക് റോഡില്‍ നിന്നും മാറ്റിയിട്ടുണ്ട്. മറ്റു വാഹനങ്ങളും വളരെ അശ്രദ്ധമായാണ് ഓടിക്കുന്നത്. പക്ഷേ കേരളത്തിലെ നാടന്‍ കപ്പയും മീന്‍കറിയുമൊക്കെ രാധികയുടെ നാവില്‍ ഇപ്പോഴും കൊതിയുണര്‍ത്തുന്നു. കേരളത്തിലെ ഭക്ഷണത്തിന് പ്രത്യേക രുചിയാണെന്നാണ് രാധികയുടെ അഭിപ്രായം.
വയനാടാണ് കേരളത്തില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലം. വയനാടിന്റെ കാനനഭംഗിയും പച്ചപ്പും ഒരു പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. വീണ്ടും ഇന്ത്യ മുഴുവന്‍ കറങ്ങുന്നതിനെക്കുറിച്ച് ഉടനെ ആലോചന ഇല്ലെങ്കിലും കേരളത്തിലേക്ക് ഇടയ്ക്കിടയ്ക്ക് ഞാന്‍ എത്തും. കേരളം എന്നെ അത്രയ്ക്ക് ആകര്‍ഷിച്ചു.
ബജാജ് അവഞ്ചര്‍ 220 ബൈക്കാണ് രാധിക റാവു യാത്രയ്ക്കായി തിരഞ്ഞെടുത്തത്. കാര്യമായ മോഡിഫിക്കേഷനൊന്നും ബൈക്കില്‍ ചെയ്തിട്ടില്ല. ചെറിയ അറ്റകുറ്റപ്പണിക്കുള്ള ഉപകരണങ്ങള്‍ കൈയില്‍ കരുതി. ഒരു എക്‌സ്ട്രാ ക്ലച്ചും, ആക്‌സിലേറ്ററും പിടിപ്പിച്ചു. യാത്രയ്ക്കിടെ കൃത്യമായ ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്തു. ഒരിക്കല്‍ പോലും യാത്രയില്‍ വാഹനം ചതിച്ചില്ലെന്നു പറയുമ്പോള്‍ രാധികയുടെ കണ്ണില്‍ സാരഥിയോട് പ്രത്യേക സ്‌നേഹം.
ഐടി ഉദ്യോഗസ്ഥനായ അച്ഛന്‍ ജനാര്‍ദനന്റേയും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അമ്മ സരസ്വതിയുടെയും പിന്തുണ തന്റെ സാഹസികതയ്ക്കുണ്ടെന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ അഭിമാനം. ചെന്നൈ കലാക്ഷേത്രയില്‍ നിന്ന് സംഗീതം അഭ്യസിച്ചെങ്കിലും ഫോട്ടോഗ്രഫിയും സാഹസിക യാത്രകളുമാണ് രാധികയുടെ ഇഷ്ടങ്ങള്‍.
https://www.facebook.com/Malayalivartha