ദേശാടനപക്ഷികളും ഇന്ത്യയുടെ തനത് പക്ഷി വൈവിധ്യവും ഒന്നിക്കുന്ന ഭരത്പൂര്‍ ദേശീയ ഉദ്യാനം
രാജസ്ഥാനിലെ ഭരത്പൂര്‍ ദേശീയ ഉദ്യാനം ചരിത്രപരമായ ഏറെ പ്രത്യേകതകള്‍ പേറുന്ന ഉദ്യാനമാണ്. ആയിരക്കണക്കിന് പക്ഷികള്‍ ജീവിക്കുന്ന ഇന്ത്യയിലെ മികച്ച പക്ഷി നിരീക്ഷണ കേന്ദ്രം കൂടിയാണ് രാജസ്ഥാനിലെ ഭാരത്പൂര്‍. ഇരുന്നൂറ്റി മുപ്പതില്‍പരം പ്രത്യേക ഇനങ്ങളിലുള്ള പക്ഷികള്‍ ഇവിടെ അധിവസിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ മഞ്ഞുകാലത്തു പറന്നെത്തുന്ന ദേശാടനപക്ഷികളുടെ എണ്ണം ആയിരത്തിലും മീതെയാണ്. അത്തരം സമയങ്ങളില്‍ ഈ ഉദ്യാനത്തില്‍ സന്ദര്‍ശകരുടെ തിരക്കും വര്‍ദ്ധിക്കും. മനുഷ്യ നിര്‍മ്മിതമായ, മനുഷ്യരാല്‍ സംരക്ഷിക്കപ്പെടുന്ന ഉദ്യാനമാണ് ഭരത്പൂര്‍.
Keoladeo Ghana National എന്ന പേരിലാണ് ഭാരത്പൂര്‍ ദേശീയ ഉദ്യാനം അറിയപ്പെടുന്നത്. ഈ ഉദ്യാനത്തിന്റെ ഏറ്റവും മധ്യത്തായി കാണപ്പെടുന്ന ശിവക്ഷേത്രത്തില്‍ നിന്നാണ് ഉദ്യാനത്തിന് ഈ പേരുണ്ടായത്. ഘന എന്നാല്‍ ഇടതൂര്‍ന്ന എന്നാണു അര്‍ഥം. ഇടതൂര്‍ന്ന കാടിനുള്ളില്‍ നില്‍ക്കുന്ന ക്ഷേത്രത്തിന്റെ മനോഹരമായ ഓര്‍മ്മ ആ പേരില്‍ നിന്ന് തന്നെ അതുകൊണ്ടു സഞ്ചാരികള്‍ക്ക് ലഭിക്കും.
എല്ലാവര്‍ഷവും മഴക്കാലത്ത് വെള്ളമുയര്‍ന്നു ജീവിതം നഷ്ടപ്പെടുന്ന ഒരവസ്ഥ മുന്‍പ് ഭാരത്പൂരിനുണ്ടായിരുന്നു. ഇവിടം ഭരിച്ചിരുന്ന ഒരു രാജാവാണ് വെള്ളപ്പൊക്കം നിയന്ത്രിക്കാനായി ഇവിടെ ഒരു ഡാം പണിതുയര്‍ത്തിയത്. കാലാന്തരത്തില്‍ ഈ ഡാം മനോഹരമായി ഒരുക്കുകയും അതിന്റെ ചുറ്റും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പിന്നീട് രാജാക്കന്മാര്‍ക്ക് മൃഗങ്ങളെ നായാടാനുള്ള ഇടവുമാക്കി. അറുപതുകളിലാണ് ഇവിടെ വേട്ടയാടല്‍ ഔദ്യോഗികമായി നിരോധിച്ചത്. 1982-ല്‍ ഭരത്പൂര്‍ ഔദ്യോഗികമായി ദേശീയ ഉദ്യാനമായും അവരോധിക്കപ്പെട്ടു. പിന്നീടാണ് ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കും കൂടി.
വിവിധ തരത്തിലുള്ള പക്ഷികള്‍ മാത്രമല്ല. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട സസ്യങ്ങള്‍, മത്സ്യ വിഭാഗങ്ങള്‍, ഷഡ്പദങ്ങള്‍ എന്നിവയും ഈ ഉദ്യാനത്തെ ഫലഭൂയിഷ്ഠമാക്കുന്നു. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ജീവികള്‍ തണുപ്പ് കാലത്ത് ഇവിടെ ബ്രീഡിങ്ങിനു എത്തിച്ചേരാറുണ്ട്. ജലത്തില്‍ താമസിക്കുന്ന പക്ഷികളുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഭാരത്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഉണ്ട്. ലോക പക്ഷി നിരീക്ഷണ ഭൂപടത്തില്‍ പോലും ഈ ദേശീയ ഉദ്യാനം ഏറ്റവും മികച്ച സ്ഥാനത്താണ് നിലകൊള്ളുന്നത്. സൈബീരിയന്‍ പക്ഷികള്‍ ദേശാടനത്തിനായി വര്‍ഷത്തിലൊരിക്കല്‍ ഇവിടെ എത്താറുണ്ട്.
ജനുവരി മാസങ്ങളില്‍ ഇരുപത് ഡിഗ്രി സെല്‍ഷ്യസിലാണ് ഇവിടുത്തെ കാലാവസ്ഥ. മെയ് മാസമാകുമ്പോള്‍ നാല്‍പ്പതു ഡിഗ്രിയിലും കൂടാറുണ്ട്. വര്‍ഷത്തില്‍ മുപ്പത്തിയാറു ദിവസം വരെ ഇവിടെ നല്ല മഴ ലഭിക്കാറുണ്ട്. ഓഗസ്റ്റ് -നവംബര്‍ മാസങ്ങളിലാണ് ഇവിടുത്തെ സന്ദര്‍ശനം കൂടുതല്‍ ആകര്‍ഷകമാവുന്നത്.
ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്‌റ്റേഷനും ഏറെ അടുത്താണ് ഈ പാര്‍ക്ക്. സഞ്ചാരികള്‍ക്ക് ഇവിടെ വന്നെത്താനും എളുപ്പമാണ്. ജയ്പ്പൂര്‍ വിമാനത്താവളമാണ് ഇവിടെ വന്നെത്താനുള്ള ഏറ്റവും അടുത്ത ആകാശ മാര്‍ഗം. എന്തുതന്നെ ആയാലും പക്ഷിയെ ഇഷ്ടപ്പെടുന്നവര്‍ക്കും മനോഹരമായ നനവുള്ള കാടിന്റെ ഗന്ധം ആസ്വദിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും ഈ ഭാരത്പൂര്‍ ദേശീയോദ്യാനം മനോഹരമായ അനുഭൂതിയായിരിക്കും.
https://www.facebook.com/Malayalivartha