എലഫന്റ ഗുഹകള്‍ക്ക് ആദ്യമായി ആലക്തികദീപഭംഗി
സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായിട്ടും വൈദ്യുതി എത്താതിരുന്ന ഖരപുരി ദ്വീപില്‍ ആദ്യമായി വൈദ്യുതി എത്തി. 7.5 കിലോമീറ്റര്‍ ദുരം കടലിനടിയിലൂടെ കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചത്. ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച എലഫന്റ ഗുഹകള്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഖരപുരി ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
15 മാസം കൊണ്ടാണ് ദ്വീപ് വൈദ്യുതീകരിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കിയത്. 25 കോടി രൂപയുടേതായിരുന്നു പദ്ധതി. കാലങ്ങളായി അസ്തമനത്തിനു ശേഷം ദ്വീപ് ഇരുട്ടിലാണ്. 1200-ഓളം പേരാണ് ഈ ചെറുദ്വീപില്‍ താമസം. മത്സ്യ ബന്ധനവും മത്സ്യക്കൃഷിയുമായി ഉപജീവനം നയിക്കുന്നവരാണിവര്‍.
ഇന്ത്യയില്‍ കടലിനടിയിലൂടെ വലിച്ച വൈദ്യുത കേബിളുകളില്‍ ഏറ്റവും നീളം കൂടിയത് ഖരപുരി ദ്വീപിലേക്കുള്ളതാണ്. ദ്വീപില്‍ വലുതും ചെറുതുമായ ഏഴ് ഗുഹാക്ഷേത്രങ്ങളുണ്ട്. ഹിന്ദു വിശ്വാസ പ്രകാരമുള്ള ശിവക്ഷേത്രമാണിവ. അഞ്ച്, ആറ് നൂറ്റാണ്ടുകളിലെ കൊത്തു പണികളാണ് ഈ ഗുഹാക്ഷേത്രങ്ങളിലുള്ളത്. അതിനാല്‍ 1987-ല്‍ യുനസ്‌കോ ഈ ഗുഹാക്ഷേത്രങ്ങളെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികളും ദ്വീപിലെത്താറുണ്ട്. കൊടും കാടിനാല്‍ ചുറ്റപ്പെട്ടതാണ് ദ്വീപ്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നോ റെയ്ഗഡില്‍ നിന്നോ ഒരു മണിക്കൂര്‍ മോട്ടോര്‍ബോട്ടില്‍ യാത്ര ചെയ്താലാണ് ദ്വീപിലെത്തുക. കൊടും കാടായതിനാല്‍ തന്നെ വൈകീട്ട് മടങ്ങണമെന്ന് വിനോദ സഞ്ചാരികള്‍ക്ക് നിര്‍ബന്ധ മുന്നറിയിപ്പും നല്‍കാറുണ്ട്.
https://www.facebook.com/Malayalivartha