അഹമ്മദാബാദില്‍ എത്തിയാല്‍ പരേതര്‍ക്കൊപ്പം ചായ കടിക്കാന്‍ സൗകര്യമുണ്ട്!
വിഷയാധിഷ്ഠിത ഹോട്ടലുകള്‍ തന്നെ പലവിധമുണ്ട്. അന്ധതയുടെ ദുരിതങ്ങള്‍ എന്താണെന്ന് അനുഭവിച്ചറിയാന്‍ എല്ലാവരെയും കണ്ണുകെട്ടി ഹോട്ടലിലേക്ക് നയിക്കുന്ന ഒരു ഹോട്ടല്‍ ഹൈദരാബാദിലുണ്ട്. ജയില്‍മുറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വികാരമറിയാന്‍ സഹായിക്കുന്ന ഒരു ഹോട്ടല്‍ ചെന്നൈയില്‍... അങ്ങനെയങ്ങനെ. അഹമ്മദാബാദിലുമുണ്ട് പലതരം ഹോട്ടലുകള്‍. കക്കൂസിലെ കമ്മോഡുകളുടെ സ്‌റ്റൈല്‍ ഇരിപ്പിടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഹോട്ടല്‍, ആകാശത്ത് വട്ടംകറങ്ങികൊണ്ട് ഭക്ഷണം കഴിക്കാവുന്ന റിവോള്‍വിങ് റെസ്‌റ്റോറന്റ് അങ്ങനെയങ്ങനെ. എന്നാല്‍ ഇവിടെ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം നല്‍കുന്നൊരു ഹോട്ടലുണ്ട്.
പുറത്തുനിന്ന് നോക്കുമ്പോള്‍ വലിയ പ്രത്യേകതയൊന്നും തോന്നില്ല. റോഡരികിലെ ഒരു സാധാരണ ഹോട്ടല്‍ ന്യൂലക്കി ഹോട്ടല്‍ എന്ന് ബോര്‍ഡില്‍ പേരുണ്ട്, അത്രതന്നെ.
അകത്തുകയറുമ്പോള്‍ കാഷ്യറുടെ കാബിനടുത്തുതന്നെ ഒരു ഖബര്‍ കമ്പിവേലികെട്ടി തിരിച്ചുവെച്ചത് കാണാം. തിളങ്ങുന്ന തുണികൊണ്ട് മൂടി മുകളില്‍ പൂക്കളും. അകത്തോട്ട് പോവുംതോറും മേശയ്ക്കരികിലും മറ്റുമായി ഒട്ടേറെ ഖബറുകള്‍. അതെ, ഇവിടെ ചായയും കടിയും കബര്‍സ്ഥാനില്‍ അജ്ഞാതരായ പരേതര്‍ക്കൊപ്പമാണ്. കബര്‍സ്ഥാനിലെ വൃക്ഷമുത്തശ്ശന്മാരും കെട്ടിടത്തിനകത്തുതന്നെയുണ്ട്.ഇവിടത്തെ ചായയും ബന്നുമാണ് പ്രശസ്തം.
എം.എഫ്. ഹുസൈന്‍ വരച്ച ഒരു ചിത്രം ഭിത്തിയിലുള്ളത് പെട്ടെന്നു തന്നെ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റും. അദ്ദേഹം അഹമ്മദബാദില്‍ എപ്പോള്‍ വന്നാലും ഇവിടെ വന്ന് ഒരു ചായ കുടിക്കും. ഇവിടത്തെ ചായ പെരുത്തിഷ്ടമായതുകൊണ്ട് വരച്ച് സമ്മാനിച്ചതാണീ ചിത്രം.
കബര്‍സ്ഥാനിലെ ഹോട്ടലില്‍ മലയാളി തൊഴിലാളികള്‍ ഉണ്ടെന്നറിഞ്ഞ് വിസ്മയിക്കേണ്ട, ഹോട്ടലുടമ തന്നെ മലയാളിയാണ്. തിരുവനന്തപുരത്തുകാരന്‍ രാജീവിന്റേതാണ് ഹോട്ടല്‍. കോഴിക്കോട്ടുകാരനായ ഒരു മുസ്ലിമാണ് ഹോട്ടല്‍ തുടങ്ങിയതത്രേ. 1950-ല്‍ കോഴിക്കോട് കാക്കൂര്‍ പി.സി. പാലം സ്വദേശിയായ കെ.എച്ച്. മുഹമ്മദ് എന്നയാളാണ് ഇത് തുടങ്ങിയത്. കബര്‍സ്ഥാനിനടുത്ത് ചായയും ബന്നും വിറ്റ് ബിസിനസ് തുടങ്ങി. അത് അദ്ദേഹത്തിന് വലിയ ലക്കായി. അങ്ങനെ പിന്നീട് ലക്കിെറസ്‌റ്റോറന്റായി അത് വളരുകയായിരുന്നു.
ഇവിടെവന്ന് ചായകുടിച്ച് ജോലിക്ക് പോവുന്നതും ഒരു ലക്കാണെന്ന് ചിലര്‍ പറഞ്ഞു് തുടങ്ങി. അങ്ങനെയങ്ങനെയാണ് പേരും പ്രശസ്തിയും വന്നത്. അന്നും ഇന്നും ഇവിടത്തെ ചായയുടെ രുചിയെക്കുറിച്ച് രണ്ടുപക്ഷമില്ല. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കൊടുക്കാറുള്ളൂ. കബര്‍സ്ഥാന്‍ അതേപടി നിലനിര്‍്ത്തി ഹോട്ടല്‍ കൊണ്ടുപോവുകയായിരുന്നു. 26 കബറുകള്‍ ഹോട്ടലിനുള്ളിലുണ്ട്.
https://www.facebook.com/Malayalivartha