അഴകളവുകള്‍ എല്ലാം തികഞ്ഞ സുന്ദരി, റുപിന്‍പാസ്
മഞ്ഞുനിറഞ്ഞ മലകള്‍ അവയുടെ മുകളിലേക്ക് കയറിയെത്തുന്ന വഴികള്‍ . മലകള്‍ കയറി, മഞ്ഞിനോടും തണുപ്പിനോടും കിന്നാരം പറഞ്ഞ് ചെന്നെത്തണം റുപിന്‍ പാസ് എന്ന അദ്ഭുതലോകത്തേക്ക്. ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലേക്ക്, കാലുകള്‍ തളരുമ്പോഴും മനസ്സ് തളര്‍ച്ചയറിയാതെ കയറിപ്പോവുന്ന 11 ദിവസങ്ങള്‍. 15400 അടി ഉയരേക്ക് കയറുന്നതിനിടെ പലയിടത്തും കാലുകള്‍ മടിക്കും. പിന്നെയും മനക്കരുത്തിന്റെ പിന്‍ബലത്തില്‍ മുന്നോട്ട്, മുകളിലേക്ക് കയറിക്കയറിപ്പോകുന്ന യാത്ര. ഡെറാഡൂണില്‍ നിന്ന് 12 മണിക്കൂര്‍ യാത്ര കഴിയുമ്പോള്‍ ധൗളയില്‍ എത്തും. സുന്ദരമായ ഉത്തരഖണ്ഢിനെ അടുത്തറിഞ്ഞുകൊണ്ടുള്ള യാത്ര.
യാത്ര ദീര്‍ഘമെങ്കിലും ഏറെ ഹൃദ്യമാണ്. ഓരോ വളവിലും തിരിവിലും മനോഹരമായ അനേകമനേകം വര്‍്ണ്ണക്കാഴ്ചകള്‍ കാത്തുവെക്കുന്ന ഉത്തരാഖണ്ഠിന്റെ മനോഹര ഭൂവിലൂടെയുള്ള യാത്ര. റുപിന്‍പാസിനെ തൊട്ടറിഞ്ഞ് തിരികെ ഷിംലയിലേക്ക് എത്താന്‍ ഉത്തരാഖണ്ഡില്‍ നിന്ന് ഹിമാചലിലേക്ക് കാല്‍നടയായി പര്‍വ്വതം കയറി ഇറങ്ങുന്ന യാത്രയാണിത്.
ധൗള വളരെ ചെറിയൊരു ഗ്രാമമാണ്. ഏറിയാല്‍ 15 വീടുകള്‍ ഉണ്ടാവും. ഈ വഴിയിലെ വാഹനമെത്തുന്ന അവസാന പോയിന്റും ഇതു തന്നെ. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5000 അടി ഉയരെയാണ് ധൗല. റുപിന്‍ പാസിലേക്ക് ഇനിയും 10000 അടിയിലധികം ഉയരം കയറിയെത്തണം !!! 6300 അടി ഉയരെയുള്ള സേവ ഗ്രാമത്തിലേക്കാണ് പിന്നത്തെ യാത്ര. ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരമുണ്ട. നടന്ന് തീര്‍ക്കാന്‍ എട്ട് മണിക്കൂറോളം സമയമെടുക്കും. റുപിന് പാസിനും അപ്പുറം എവിടെയോ ഉദ്ഭവിച്ച് പതിനായിരത്തിലധികം അടി താഴേക്ക് ഇറങ്ങിയൊഴുകി വന്ന നദിയാണ് റുപിന്‍ നദി. ഈ നദിയുടെ കരയിലൂടെയാണ് റുപിന്‍ പാസിലേക്കുള്ള കയറ്റം. ഒരു പൊടികൊണ്ട് പോലും പരിശുദ്ധിക്ക് ഭംഗം വരാത്ത സേവ ഗ്രാമത്തിലെത്തിയാല്‍ പുഞ്ചിരി മാത്രം മുഖത്ത് സൂക്ഷിക്കുന്ന ജനങ്ങള്‍. അവരുടെ കുഞ്ഞ് വീടുകള്‍ക്ക് ഇടയിലൂടെ നടന്ന് അമ്പലത്തിലെത്താം. പ്രാചീനമായ ഈ അമ്പലം കര്‍ണ്ണനെ ആരാധിക്കുന്നു. കര്‍ണ്ണനെ അറിയാമല്ലോ. വസുസേനന്‍ എന്ന കര്‍ണ്ണന്‍. കുന്തീദേവിയുടെയും സൂര്യദേവന്റെയും പുത്രന്‍. ആ കര്‍ണ്ണനെ ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിത്. മികവുറ്റ ശില്‍പ ഭംഗിയോടെ മരത്തില്‍ തീര്‍ത്ത കൊത്തുപണികളാല്‍ സമൃദ്ധമായ കൊച്ചു ക്ഷേത്രമാണിത്.
അടുത്തദിവസത്തെ നടത്തം കുറേ നേരം ബാര്‍ലി പാടങ്ങള്‍ക്ക് ഇടയിലൂടെ ആണ്. പിന്നീട് വഴി കനത്ത ഇരുള്‍ മൂടിയ കാട്ടിലേക്കായി. കനത്ത കാടാണ്. വഴിയില് കാലങ്ങളായി വീണഴുകിയടിഞ്ഞ ഇലകളും പൂക്കളും തീര്‍ത്ത ഹ്യൂമസിന്റെ മൃദുവായ പാളിയില്‍ ചവിട്ടിയുള്ള നടപ്പ്. ഒരു വനം എങ്ങനെ ഈ ഭൂമിക്ക് ഏറ്റവും പ്രാധാന്യമുള്ളതായി മാറുന്നുവെന്ന് ഓരോ പാദമൂന്നലിലും വ്യക്ത്യമാക്കിത്തരുന്ന കാട്. റുപിന്‍ അധികം ആഴമില്ലാതെ പരന്നൊഴുകുകയാണ് അവിടെ. ആ നദിയിലൂടെയാണ് തുടര്‍ന്ന് നടക്കേണ്ടത്. നദിയുടെ ഹൃദയം തൊട്ട് കൊണ്ടുള്ള യാത്ര. റുപിനില്‍ നിന്ന് മാറി ഒരു കൈവഴിയുടെ മുകളില്‍ ഒരു കുഞ്ഞ് മരപ്പാലമുണ്ട്. ഈ പാലത്തിന്റെ ഒരു വശം ഉത്തരാഖണ്ഠും മറു വശം ഹിമാചല്‍ പ്രദേശുമാണ്.
മനോമോഹനമായ ദൃശ്യങ്ങളില്‍ നിന്ന് കൂടുതല്‍ മോഹനമായ ദൃശ്യങ്ങളിലേക്ക് തുടരുന്ന വഴി ഹല്‍ദികഢില്‍ എത്തിക്കും. കുത്തനെയൊരു കയറ്റം കയറി മുന്നോട്ട് പോയാല്‍ ആദ്യം ഒരു മരപ്പാലവും പിന്നീടൊരു ഇരുമ്പുപാലവും കടക്കണം.കിഴുക്കാം തൂക്കായ മലയുടെ മാറില്‍ കെട്ടി ഞാത്തിയിട്ടത് പോലെയാണ് വഴിയുടെ കിടപ്പ്. അതിലൂടെ കാല്‍ വച്ച് നടക്കുമ്പോള്‍ മുന്നോട്ട് മാത്രമേ നോക്കാനാവൂ. മറുവശത്ത്, അഗാധമായ ഗര്‍ത്തമാണ്. അഞ്ഞൂറോ ആയിരമോ അടി താഴ്ചയുള്ള ഗര്‍ത്തം.
അതിസാഹസികമായി, അതീവ ശ്രദ്ധയോടെ ചുവട് വെച്ച് മുന്നോട്ട് നീങ്ങിയാല്‍ വഴി ഒരു വളവ് തിരിയുമ്പോള്‍ പിന്നീട് മുന്നിലൊരു പുഴയാണ്. അടിത്തട്ട് വരെ വ്യക്തമായി കാണാവുന്നത്ര തെളിഞ്ഞ ജലം കുത്തിയൊഴുകുന്ന ചെറിയ പുഴ. ഈ പുഴ മുറിച്ചു കടന്ന് അക്കരെയെത്തണം.അവിടെ കടും കുത്തനെയാണ് കയറ്റം. ഇത്രനേരവും കയറിയതിനെക്കാളെല്ലാം കുത്തനെ. ഓരോ ചുവട് കഴിയുമ്പൊഴും കാല്‍ പറയും ഇനി വയ്യെന്ന്. അങ്ങനെ നടന്നും കിതച്ചും കിതപ്പാറ്റാന്‍ ഇരുന്നും ഒടുവില്‍ ഒന്നര മണിക്കൂര്‍ കയറ്റം കയറിയാല്‍ ലോവര്‍ ജിസ്‌കുനില്‍ എത്തും.
പതിനായിരം അടി ഉയരെയുള്ള ഉദക്‌നാല്‍ആണ് അടുത്ത ലക്ഷ്യം. കയറ്റമല്ല, ചെറിയ ഇറക്കമാണ് വഴി. അതിശ്രദ്ധയോടെ അവിടെ പിന്നട്ടാല്‍ ഇനിയങ്ങോട്ട് കയറ്റമാണ്. അല്പനേരം കുത്തനെ കയറ്റം. അത് കഴിഞ്ഞാല് കുറച്ച് ദൂരം നേരെയുള്ള നടത്തം. മലയില്‍ നിന്ന് തൂക്കിയിട്ടത് പോലെ മരം കൊണ്ടുള്ള വീടുകള്‍ നിരയായി നില്‍ക്കുന്ന ഗ്രാമത്തിലെത്തും, അതാണ് ജാക്ക ഗ്രാമം. ഈ വീടുകള്‍ മറ്റ് എവിടെയോ വെച്ച് പണിതശേഷം, ഇവിടേക്ക് കൊണ്ടുവന്ന്, മലയുടെ കിഴുക്കാം തൂക്കായ ചെരിവുകളില്‍ ആണിയടിച്ച് തൂക്കിയിട്ടതാണെന്നേ തോന്നൂ. അതിമനോഹരമായ ഒരു പെയ്ന്റിംഗ് പോലെയുണ്ട് ജാക്കയും പരിസരവും. ഈ വഴിയിലെ മനുഷ്യവാസമുള്ള അവസാന ഗ്രാമമാണിത്. ഇനിയങ്ങോട്ട് പരുക്കന്‍ ഹിമാലയമാണ്. അല്പനേരത്തെ നടത്തം കൊണ്ട് കാട്ടിലേക്ക് കയറും. നേര്‍ത്ത ഇറക്കമാണ് വഴി. ഇടക്കിടെ റുപിന്‍ നദിയിലേക്ക് വന്ന് ചേരുന്ന അനേകം കുഞ്ഞരുവികള്‍ മുറിച്ച് കടക്കേണ്ടതുണ്ട്. റുപിന്‍ നദിക്ക് ഇവിടെ ഇളം നീല നിറമാണ്. തെളിമയുടെ പര്യായമായി ഒഴുകുന്ന നദി. പിന്നെയും കാട്ടിലേക്ക്. പിന്നെ കുത്തനെയൊരു കയറ്റം.
അവിടെ നിന്നും ധന്ദ്രാസ് ബുഗ്യാലില്‍ എത്തുകയാണ് അടുത്ത ലക്ഷ്യം. പന്ത്രണ്ടായിരം അടിയോളം ഉയരെ. വഴി പെട്ടെന്ന് പുല്‌മേട്ടില്‍ നിന്ന് കാട്ടിലേക്ക് കടന്നു. കുത്തനെ ഒരു കയറ്റമാണ്. പൂക്കള്‍ കൊഴിഞ്ഞ് വീണ് നദിയിലൂടൊഴുകി നീങ്ങുന്നതും കാണാം. ശ്വാസം നിലക്കുവോളം കാലം മറക്കാനാവാത്ത ദൃശ്യാനുഭൂതി. അവയുടെ പുഷ്പ പരവതാനിക്കിടയിലൂടെയുള്ള ആ നടപ്പ് പകരുന്ന സുഖം അവര്‍ണ്ണനീയം.
നദി ഒട്ടനവധി കുഞ്ഞു വെള്ളച്ചാട്ടങ്ങളായി പതിക്കുന്ന കാഴ്ചയാണ് വഴിയിലെങ്ങും. നദി ഒന്ന് വളഞ്ഞൊഴുകുന്ന ഭാഗത്ത് ചെറിയൊരു ദ്വീപ് കാണാം. നീല നിറമുള്ള വെള്ളത്തിന്റെ നടുവില്‍ ഒരു പച്ചത്തുരുത്ത്. അതിനപ്പുറം ബഹുവര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന റോഡോഡെന്‍ഡ്രോണ്‍ നിരകള്‍.അതിനുമപ്പുറം കാണുന്ന മഞ്ഞണിഞ്ഞ മാമലകള്‍. മാസ്മരികമായ ഈ ദൃശ്യം എത്രനേരം കണ്ടാലും മതിവരില്ല. കയറ്റങ്ങളും നിരപ്പുകളുമായി മുന്നോട്ട് നീങ്ങി ഒടുവില്‍ ധന്ദെരാസ് ബുഗ്യാലില്‍ എത്തും. ലോവര്‍ വാട്ടര്‍ഫാള്‍ ക്യാമ്പ് എന്നും പറയും ഈ അതിമനോഹര ഭൂമിക്ക്. പതിമൂവായിരം അടിയിലധികം ഉയരെയാണ് അപ്പര് ക്യാമ്പ്. ഹൈ ആള്‍റ്റിട്യൂഡിന്റെ പ്രതികൂല ഫലങ്ങള്‍ ചിലപ്പോള്‍ ബാധിച്ചേക്കാം.
കുത്തനെയുള്ള കയറ്റങ്ങള്‍ കയറിയെത്തുന്നത് വിശാലമായ ഒരു മൈതാനത്തേക്കാണ്. അതിന്റെ അറ്റത്ത് വന്ന് താഴേക്ക് കാലും തൂക്കിയിട്ട് ഇരുന്നാല്‍ തൊട്ടപ്പുറത്ത് നിന്ന് റുപിന്‍ വെള്ളച്ചാട്ടം താഴേക്ക് കുതിക്കുന്നത് കാണാം. അതുകഴിഞ്ഞാല്‍ 15400 അടി ഉയരെയുള്ള റുപിന്‍ പാസ് തരണം ചെയ്ത് മറു ഭാഗത്ത് 13000 അടി താഴെയുള്ള രൊണ്ടിഗഡ് വരെ എത്തണം. ഏകദേശം 12 മണിക്കൂര്‍ നീളുന്ന കഠിനമായ യാത്ര. പച്ച പുതച്ച മലകളും താഴ്വരകളും വെള്ളച്ചാട്ടങ്ങളുമെല്ലാം മറഞ്ഞു പോയ്. അപ്പോള്‍ കാണുന്നത് തൂവെള്ള നിറത്തില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന മഞ്ഞ് പര്‍വ്വതങ്ങളും മഞ്ഞ് മൂടിയ താഴ്വരകളും മാത്രം. മഞ്ഞു പാളികള്‍ ആറിഞ്ചോളം താഴ്ചയിലേക്ക് കുഴിഞ്ഞ് മാറും ഓരോ ചവിട്ടിലും. അവിടെ നിന്ന് കാല്‍ വലിച്ചെടുത്ത് അടുത്ത ചുവട് വെച്ച് തളരാതെ മുന്നോട്ട്. എങ്കില്‍ അങ്ങകലെ കാണാം ദൗലദാര്‍ മലനിരകള്‍ക്കിടയില്‍ ഒരു ചെറിയ വെട്ട് വീണത് പോലെ റുപിന്‍ പാസ്. അവിടെക്കാണ് എത്തേണ്ടത്.
പതിയെപ്പതിയെ ഒടുവില് അവിടെയെത്തും. 15400 അടി ഉയരെ വിശാലമായി കിടപ്പാണ് റുപിന്‍ പാസ്. എങ്ങോട്ട് നോക്കിയാലും തൂവെള്ള മഞ്ഞ് മാത്രം കാണാം. മഞ്ഞ് മൂടിയ പര്വ്വതങ്ങള്‍...ഇടക്ക് ചില ശിഖരങ്ങളുടെ ചെരിവുകള്‍ മഞ്ഞ് മൂടാത്ത കരിമ്പാറകളായി കാണാം. അവ നിറയ്ക്കുന്ന കോണ്ട്രാസ്റ്റും ഈ ദൃശ്യത്തിനു ചാരുതയേറ്റുന്നു. നൂറുപൊലി പൊലിഞ്ഞ് നില്‍ക്കുന്ന സൗന്ദര്യ ധാമമാണ് റുപിന്‍ പാസ്. അതിന്റെ സകല ദിക്കതിരുകളും തൂവെള്ള മഞ്ഞുമലകള്‍ മാത്രം. ഇവിടെ കാറ്റ് മന്ദമായാണ് വീശുന്നത്. നല്ല തണുപ്പുണ്ട്. ശാന്തമായ ഒരു ഗാംഭീര്യഭാവമാണീ പാസിന്. മുന്നില്‍ പടര്‍ന്ന് കിടക്കുന്ന സുന്ദരഭൂമിയുടെ മാസ്മരഭംഗിയില്‍ ലയിച്ച് കുറച്ച് നിമിഷങ്ങള്‍ നിന്നാല്‍ അനിര്‍വ്വചനീയമായ ഒരു അനുഭൂതി പ്രാര്‍ത്ഥനയിലേക്ക് നയിക്കും. ആ മഞ്ഞു പാളികളില്‍ നെറ്റിത്തടം അമര്‍ത്തി നമസ്‌കരിക്കവേ ഈശ്വരചൈതന്യം തനുവിലാകെ നിറയുന്നതറിയും. ഒപ്പം മനവും നിറയും. ഭക്തിയുടെ അപ്രാപ്യമായ ഒരു തലത്തിലേക്കാണ് ഉയര്‍ത്തപ്പെടുക ഈ പര്‍വ്വത നെറുകയില്‍ വെച്ച്.
https://www.facebook.com/Malayalivartha