ഹോസ്റ്റൽവാസികളായ പ്രേതങ്ങൾ
പ്രേതങ്ങളെയും പ്രേതാനുഭവങ്ങളെയും കുറിച്ച് ധാരാളം നിറം പിടിപ്പിച്ച കഥകൾ നമ്മള്‍ കേട്ടിട്ടുണ്ട്.വിചിത്രങ്ങളും ശാസ്ത്രത്തിനു പോലും ഇതുവരെയും വിശദീകരിക്കുവാന്‍ കഴിയാത്തതുമായ നിരവധി അനുഭവങ്ങള്‍ നമുക്ക് വായിച്ചും സിനിമകളിലും മറ്റും (ചിലപ്പോൾ നേരിട്ടും )കണ്ടും പരിചിതവുമാണ്. ഒരു പക്ഷെ ഇതാരെങ്കിലും കെട്ടി ചമച്ചതായിരിക്കാം.കാരണം സ്വാർത്ഥ താല്പര്യങ്ങൾക്ക് അന്ധവിശ്വാസങ്ങളെയും പ്രേതങ്ങളെയും കൂട്ടുപിടിക്കുന്നത് സാധാരണമാണല്ലോ? കോട്ടകളും കൊട്ടാരങ്ങളും ഒക്കെ ഇത്തരം പ്രേതങ്ങളുടെ വിഹാര ഭൂമികളാണ് . എന്നാൽ ഹോസ്റ്റലുകളിൽ അതില്‍ നിന്നെല്ലാം ഏറെ വിചിത്രമാണ് ഹോസ്റ്റലുകളും അവിടങ്ങളിലെ പ്രേതാനുഭവങ്ങളും. ഇതില്‍ എത്രമാത്രം സത്യം ഉണ്ട് എന്ന് അറിയില്ല. ഒരു പക്ഷെ ഈ കഥകളും മിടുക്കരായ (വികൃതികളായ ) കുട്ടികളുടെ സൃഷ്ടികളുമാകാം.
മഹാരാഷ്ട്രയിലെ പൂനെയില്‍ ഉള്ള ചോയ്‌സ് ഹോസ്റ്റലിൽ അര്ധരാത്രിയായാൽ വരുന്ന പ്രേതം കുറച്ചു വ്യത്യസ്തമാണ്. പ്രേതങ്ങളുടെ ഒഫീഷ്യൽ വേഷമായ വെള്ള സാരിക്ക് പകരം ചുവന്ന സാരിയാണ് ഈ പ്രേതം ഉടുക്കുന്നത്. അര്‍ധരാത്രിയില്‍ ഇവിടെ എത്തുന്ന പ്രേതത്തിനെ ആരെങ്കിലും പിന്തുടർന്നാൽ പ്രേതം അപ്രത്യക്ഷമാകുമത്രേ
ഒഡീഷയിലെ കഥക് ഹോസ്റ്റലിൽ സംഭവിക്കുന്നത് ആര്‍ക്കും വിശദീകരിക്കുവാന്‍ കഴിയാത്ത കഥകളാണ് .ഹോസ്റ്റലിലെ വരാന്തകളില്‍ രാത്രിയായാൽ ഒരു വൃദ്ധനെ കാണാമത്രെ .അദൃശ്യങ്ങളായ ഒട്ടേറെ ശക്തികളും കഴിവുകളും അദ്ദേഹത്തിന് ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുറ്റം പറയരുതല്ലോ , ഇതുവരെയും പ്രേതം ആരെയും ഉപദ്രവിച്ചിട്ടില്ല.
ചണ്ഡിഗഡിലെ സാവിത്രി ഭായ് ഭൂലേ ഹോസ്റ്റലിൽ വൈകുന്നേരമാവുമ്പോള്‍ മുതൽ അദൃശ്യ സാനിധ്യം ഉണ്ടാകും. ജനലുകളിലും വാതിലുകളിലും ആളുകള്‍ വന്നു നില്‍ക്കുന്നതു പോലെയും തങ്ങളോട് സംസാരിക്കുവാന്‍ ശ്രമിക്കുന്നതു പോലെയും കുട്ടികള്‍ക്കു തോന്നുമത്രെ. ഹോസ്റ്റലിന്റെ അധികാരികള്‍ ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തി എങ്കിലും കൃത്യമായ ഒരുത്തരം അവര്‍ക്കും ലഭിച്ചിട്ടില്ല
പുനെ വിശ്വ വിദ്യാലയം ഇംഗ്ലീഷ് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടമാണ്. ഇംഗ്ലീഷുകാരായ ഒട്ടേറെ ആളുകളുടെ ശവകുടീരങ്ങളും ഇവിടെയുണ്ട്.ഇവിടെ മരിച്ച് അടക്കപ്പെട്ട ഇല്യാസ് എന്നു പേരായ ഒരാളാണ് ഇവിടുത്തെ വിചിത്രങ്ങളായ അനുഭവങ്ങള്‍ക്ക് പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. കോളറ ബാധിച്ചാണ് അദ്ദേഹം മരിച്ചതെന്നാണ് പറയുന്നതെങ്കിലും മറ്റു പലതുമാണ് മരണത്തിന്റെ പിന്നിലെന്നും അതിനാലാണ് അദ്ദേഹം രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.ഇവിടെ ഇല്യാസ് ഒറ്റക്കല്ല ,കൂട്ടിനു ആലീസ് എന്നു പേരായ ഒരു സ്ത്രീയും ഉണ്ട് . ഇവരും കോളറ ബാധിച്ചു മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്നു പ്രദേശവാസികൾ പറയുന്നു.
ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജാണ് പ്രേതാനുഭവങ്ങളുടെ കാര്യത്തില്‍ പ്രശസ്തമായിരിക്കുന്ന മറ്റൊരു വിദ്യാലയം. ഇവിടെ കോളേജില്‍ പഠിച്ചിരുന്ന ഒരു യുവാവ് ഇവിടുത്തെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. എന്നാല്‍ പ്രണയത്തിന് താല്പര്യമില്ലാതിരുന്ന അവള്‍ തന്റെ അനിഷ്ടം തുറന്നു പറയുകയും അതറിഞ്ഞ യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. ആ യുവാവിന്റെ ആത്മാവ് ഇന്നും കോളേജിലൂടെ അലഞ്ഞ് നടക്കുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. വലിച്ചടയുന്ന ജനാലകള്‍, തനിയെ കറങ്ങുന്ന ഫാന്‍, നമ്മുടെ നേരെ പറന്നു വരുന്ന ഉപകരണങ്ങള്‍, എന്നിവ ഇവിടെ സ്ഥിരം കാണാം എന്നാല്‍ എന്തുകൊണ്ടാണ് ഇത് ഇങ്ങനെ നടക്കുന്നത് എന്ന കാര്യത്തില്‍ ഇതുവരെയും ഒരുത്തരം ലഭിച്ചിട്ടില്ല.
പൊതുവെ ഇത്തരം കഥകൾ നിറഞ്ഞ പ്രദേശങ്ങളെ ആളുകൾ നെഗറ്റീവ് മൈന്റോടെയാണ് വീക്ഷിക്കുന്നത്. ഒന്നുകിൽ അവന്റെ ഉള്ളിൽ കിടക്കുന്ന ഭയം അവന്റെ ചിന്തകളിലെ അരൂപികളെ അവനു മുന്നിൽ കാണിക്കുന്നതായിരിക്കാം. അല്ലെങ്കിൽ ഇനിയും മനുഷ്യന് പിടികിട്ടാത്ത പ്രപഞ്ച രഹസ്യങ്ങൾ ഉണ്ടാകാം. അവയുടെ ചുരുളഴിയും വരെ ഇത്തരം സംഭവങ്ങൾ വെറും കെട്ടു കഥകൾ മാത്രമാണെന്ന് കരുതി സമാധാനിക്കാം.
https://www.facebook.com/Malayalivartha