ബരോത് ; സ്വര്‍ഗരാജ്യത്തെ താഴ്വര
ഹിമാചലിനെ കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ എത്തുന്നത് മഞ്ഞുമലകളും പൈന്‍ മരങ്ങളും ഒക്കെയാവും അല്ലേ? പക്ഷെ ഈ നാടിനു മറ്റൊരു മുഖം കൂടെ ഉണ്ട്. അരുവികളും പൂപ്പാടങ്ങളും പുഴകളും നിറഞ്ഞ ഗ്രാമങ്ങള്‍ ഉള്ള ഹിമാചല്‍ താഴ്വരകള്‍... കാംഗ്ര വാലി, സ്പിറ്റി വാലി, ചമ്പ വാലി, കിന്നൗര്‍ വാലി, കുളു വാലി, സാംഗ്‌ള വാലി, സോളാങ് വാലി, പാര്‍വതി വാലി അങ്ങനെ ഒരുപറ്റം താഴ്വരകള്‍.. എന്നാല്‍ ഇവരൊടൊന്നും കൂട്ടുകൂടാതെ ഒരു മൂലയില്‍ ആരും കാണാതെ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഒരു താഴ് വരയുണ്ട്; ബരോത് വാലി .
കണ്ടു മടുത്ത സ്ഥലങ്ങളില്‍ നിന്നും ഒക്കെ വ്യത്യസ്ഥമായ കാഴ്ചകള്‍... ഹിമാചലിലെ മണ്ടിയില് നിന്നും 60 കി.മീ ദൂരം. നേരിട്ട് മണ്ടിയില്‍നിന്നും ഒരു ബസ്സേ ഉള്ളൂ. പിന്നെ ഉള്ളത് ജോഗിന്ദര്‍ നഗര്‍ വരെ പോകുന്ന ബസ്സാണ്. അതില്‍ കയറി ഘടാസനി എന്ന സ്ഥലത്ത് ഇറങ്ങണം. അവിടുന്ന് മറ്റൊരു ബസ്സില്‍ ബരോത് വരെ പോകാം. 25 കി.മീ ദൂരം. ഘടാസനിയില്‍ നിന്നും യാത്ര തുടങ്ങി 20 മിനിറ്റ് കഴിയുമ്പോഴേക്കും ബരോത് വാലി കണ്ടു തുടങ്ങും. നിറയെ മഞ്ഞ പൂക്കള്‍ പുതച്ച താഴ്വര.
ബരോത് കൂടാതെ അവിടെ കാണേണ്ട പ്രധാനപ്പെട്ട 2 സ്ഥലങ്ങളാണ് ലുഹാര്‍ടിയും ബഡാഗാവും. ലുഹാര്‍ടി 6 കി.മീ ദൂരത്തും ബഡാഗാവ് 15 കി.മീ ദൂരത്തും ആണ്. 2 സ്ഥലത്തേക്കും ബരോതില്‍ നിന്നും ഇടയ്ക്കിടെ ബസ്സുണ്ട്. 65 കി.മീ ഉള്ളൂ എന്നാലും അര മണിക്കൂര്‍ എടുക്കും ലുഹാര്‍ടിയില്‍ എത്താന്‍. ഹിമാചലില്‍ യാത്ര ചെയ്തവര്‍ക്ക് അറിയാം അതിന്റെ അവസ്ഥ. പോകുന്ന വഴിയില്‍ ഹൈഡ്രോ പ്രോജക്ടിന്റെ കുറേ ഉപകരണങ്ങളും വാഹനങ്ങളും കാണാം. ആ നാടിന്റെ ഭംഗി കെടുത്തുന്ന കാഴ്ചകള്‍. കുറച്ചു മുകളില്‍ എത്തുമ്പോള്‍ ഒരു മഞ്ഞുമല തെളിഞ്ഞു വരും. ഓരോ വളവു തിരിഞ്ഞു വരുമ്പോഴും അതിന്റെ ഭംഗിയും വലുപ്പവും കൂടിക്കൂടി വന്നുകൊണ്ടേയിരിക്കും.
ലുഹാര്‍ടിയില്‍ ബസ് ഇറങ്ങുന്നത് ആ മലയുടെ മുന്നിലേക്ക് പോകുന്ന വഴിയിലാണ് . ബസ് ഇറങ്ങി ആ ചെറിയ ഗ്രാമത്തിലൂടെ ഒരു 8 കി.മീ എങ്കിലും നടക്കണം. കൃഷി ആണ് പ്രധാന ജോലി. പിന്നെ അവര്‍ക്കു വേണ്ട വസ്ത്രങ്ങള്‍ അവരു തന്നെ നെയ്തുണ്ടാക്കും. ബാക്കി വരുന്നത് മാര്‍ക്കറ്റില്‍ വില്‍ക്കും. തികച്ചും ഒറ്റപ്പെട്ട ഒരു ഗ്രാമം. വല്ലപ്പോഴും ആരെങ്കിലും ഒക്കെ ബറോട്ടിലേക്കു പോയി വരും.
മനോഹരമായ കാഴ്ചകളാണ് താഴ് വരയാകെ. മഞ്ഞപ്പൂക്കള്‍ കൊണ്ട് താഴ് വര നിറഞ്ഞിരിക്കുന്നു. അരികിലായി അരുവി, റോഡിന് ഇരുവശവും പൈന്‍ മരങ്ങള്‍, മുകളിലായി മഞ്ഞുമല, വിജനമായ സ്ഥലം. നടന്നു പോകുന്നത് സ്വര്‍ഗത്തിലേക്ക് ആണെന്ന് തോന്നിപ്പോകും. പണ്ട് ജനങ്ങള്‍ സാധനങ്ങള്‍ കൊണ്ടുവരാനും ജലസേചന പദ്ധതികള്‍ക്കും ഉപയോഗിച്ച നാരോ ഗേജ് റെയില്‍വേ ട്രാക്ക് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha