കിഷ്‌കിന്ധയുടെ ഇതിഹാസവും വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രവുമുറങ്ങുന്ന അനഗുന്തി
ഇന്ന് അനഗുന്തിയെന്ന് അറിയപ്പെടുന്ന, രാമായണത്തിലെ ബാലിയുടെയും സുഗ്രീവന്റെയും രാജ്യമായ കിഷ്‌കിന്ധ, കര്‍ണാടകയില്‍ ഹംപിക്ക് തൊട്ടടുത്താണ്. ഹംപി കാണാനെത്തുന്നവര്‍ അനഗുന്തിയെന്ന ഈ മനോഹരമായ സ്ഥലം കാണാതെ മടങ്ങരുത്.
കോഴിക്കോട്ടു നിന്നാണെങ്കില്‍ അനഗുന്തിയിലേക്കുള്ള ദൂരം ഒരു രാവും പകലും. വൈകുന്നേരം ഏഴുമണിക്ക് മൈസൂരില്‍ നിന്ന് പുറപ്പെടുന്ന ഹംപി എക്‌സ്പ്രസ് പിറ്റേ ദിവസം രാവിലെ ഏഴുമണിക്ക് ഹോസ്‌പെറ്റ് റെയില്വേസ്‌റ്റേഷനില്‍ എത്തിക്കും. ഇതാണ് ഹംപിയുടെയും അനഗുന്തിയുടെയും സമീപത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഹോസ്‌പെറ്റില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലത്തിലുള്ള ഹംപി ബെല്ലാരി ജില്ലയിലും, 20 കിലോമീറ്റര്‍ ദൂരത്തുള്ള അനഗുന്തി കൊപ്പള ജില്ലയിലുമാണ്. ഇവയെ വേര്‍തിരിക്കുന്നത് തുംഗഭദ്ര നദിയും. ഹംപിയിലേക്ക് ചരിത്രകുതുകികള്‍ എത്താറുണ്ടെങ്കിലും അനഗുന്തിയെ വിസ്മരിക്കാറാണ് പതിവ്. ഇതിഹാസവും ചരിത്രവുമുറങ്ങുന്ന ഭൂമികയാണ് അനഗുന്തി. രാമായണത്തിലെ കിഷ്‌കിന്ധാകാണ്ഡത്തില്‍ വര്‍ണിക്കുന്ന സുഗ്രീവന്റെയും ബാലിയുടെയും രാജ്യം.
അനഗുന്തിയെന്നു കേള്‍ക്കുമ്പോള്‍ ഒരപരിചിതത്വം തോന്നാമെങ്കിലും നമുക്ക് സുപരിചിതമാണിവിടം. ഇതാണ് രാമായണത്തിലെ കിഷ് കിന്ധ. ഇവിടെ വെച്ചാണ് ബാലിസുഗ്രീവ യുദ്ധം നടന്നതും ബാലിയെ ശ്രീരാമന്‍ നിഗ്രഹിച്ചതും. ആ ഇതിഹാസ ഗ്രാമത്തിലൂടെയാണ് യാത്ര ചെയ്യേണ്ടത്. റോഡിനിരുവശത്തും നോക്കെത്താ ദൂരത്തോളം സൂര്യകാന്തിപ്പൂക്കളും മറ്റു പൂച്ചെടികളും പൂത്തുലഞ്ഞു നില്‍ക്കുന്നതുകാണാം. പൂക്കൃഷി ഇല്ലാത്തിടങ്ങളില്‍ നെല്‍കൃഷി. ഈ വിശാലതയ്ക്കിടയില്‍ വികൃതിപ്പിള്ളേര്‍ വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങള്‍പോലെ മലനിരകള്‍. മല എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക നമ്മുടെ നാട്ടിലെ മലനിരകളായിരിക്കുമല്ലോ. എന്നാല്‍ തെറ്റി. മണ്ണുകൊണ്ടല്ല ഈ കുന്നുകള്‍ രൂപംകൊണ്ടിരിക്കുന്നത്. മറിച്ച് കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ടാണ്. ആനയോളം വലുപ്പമുള്ള പാറക്കല്ലുകള്‍. ഈ സമതല ഭൂമിയില്‍ എങ്ങനെയീ പാറക്കല്ലുകളെത്തിയെന്നോ? സുഗ്രീവന്റെ വാനരപ്പട സേതുബന്ധനത്തിനുശേഷം ഉപേക്ഷിച്ചതാണിവയത്രേ.
വേനല്‍ക്കാലത്താണ് യാത്രയെങ്കില്‍ ഈ വഴിക്ക് വലിയ വര്‍ണഭംഗിയൊന്നുമില്ല. വെറുമൊരു വിജനപാത. കൃഷിക്കായി ഉഴുതൊരുക്കിയ പാടശേഖരം മാത്രമാണിവിടം. ഈ വിശാലതയില്‍ അവിടവിടെയായി രൂപഭംഗിയുള്ള വൃക്ഷങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കൗതുകമുള്ള കാഴ്ചയാണ്. 'മലരണിക്കാടുകള്‍ തിങ്ങിവിങ്ങുന്നത്' മാത്രമല്ല പ്രകൃതിഭംഗി, ഊഷരഭൂമിക്കുമുണ്ട് ഒരു മനോഹാരിത എന്ന് നമ്മള്‍ സമ്മതിച്ചുപോകും. ഏതോ ചിത്രകാരന്റെ കാന്‍ വാസില്‍ നിന്നും ഒഴുകിയിറങ്ങിയപോലെയാണ് ഈ വൃക്ഷഭംഗി. നോക്കെത്താ ദൂരത്തെ ഈ വയല്‍ഭംഗിയില്‍ ഇടയന്മാര്‍ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കുന്നതും കാണാം. കൈയില്‍ നീളന്‍ വടിയുമായി കായാമ്പൂ വര്‍ണമുള്ള ഇടയക്കുട്ടികള്‍. ഇത്തരം കാഴ്ചകള്‍ക്കൊടുവില്‍ ആഞ്ജനേയ ക്ഷേത്രത്തിലെത്തും.
ഭീമാകാരമായ പാറക്കല്ലുകളാല്‍ രൂപംകൊണ്ട ഒരു മലമുകളിലാണ് ഈ ക്ഷേത്രം. ഹനുമാന്റെ അമ്മയായ അഞ്ജനാ ദേവി താമസിച്ചിരുന്നത് ഇവിടെയെന്നാണ് ഐതിഹ്യം. 575 പടവുകള്‍ താണ്ടി വേണം ക്ഷേത്രത്തിലെത്താന്‍. ഇരുന്നും കിതച്ചും മലമുകളിലെത്തിയാല്‍ ഉയരങ്ങളില്‍ നിന്ന് വലിച്ചെറിഞ്ഞ കടലാസ് തുണ്ടുപോലെ പറന്ന് നിലംപതിക്കുമോ എന്നൊരു ഭീതി നമ്മളെ കീഴ്‌പ്പെടുത്തും. ഹനുമാന്‍ ഇവിടെ സ്വയംഭൂവാണത്രെ. മലമുകളില്‍ സന്ദര്‍ശകര്‍ക്കായി ഒരു സണ്‍സെറ്റ് പോയന്റും ഒരുക്കിയിട്ടുണ്ട്. മനോഹരമാണത്രേ ഇവിടെനിന്നുള്ള അസ്തമയക്കാഴ്ച. കിഷ്‌കിന്ധ ആയതുകൊണ്ടാവണം എവിടെയും വാനരന്മാര്‍ തന്നെ.
ഒരല്‍പംകൂടി മുന്നോട്ടു പോയാല്‍ ഗ്രാമത്തിലെ പ്രധാന കവലയിലെത്തും. ഗഗനമഹല്‍; അനഗുന്തിയിലെ ആദ്യ രാജാക്കന്മാരിലാരുടെയോ കൊട്ടാരം. ഇന്നിപ്പോള്‍ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലാണത്. ഇവിടെയൊരു ചത്വരമുണ്ട്. ഇതാണിവരുടെ അങ്ങാടി. ഒരല്‍പം അകലത്തായി ദുര്‍ഗാക്ഷേത്രം. അവിടെ പൂജാദ്രവ്യങ്ങള്‍ വര്‍ണപ്പകിട്ടാര്‍ന്ന തുണികളില്‍ പൊതിഞ്ഞ് നമുക്ക് ലഭിക്കും. ഒരാഗ്രഹം മനസ്സില്‍ കരുതി ക്ഷേത്രാങ്കണത്തിലുള്ള മരത്തില്‍ കെട്ടിത്തൂക്കി മനസ്സിരുത്തി ഒന്ന് പ്രാര്‍ഥിച്ചോളൂ. ആഗ്രഹം സഫലീകരിക്കുമെന്നാണ് വിശ്വാസം. നമുക്ക് മുമ്പേ വന്നവരുടെ ആഗ്രഹപ്പൊതികള്‍ ആ മരങ്ങളില്‍ നില്‍ക്കുന്നത് കാണാന്‍ നല്ല ചന്തമുണ്ട്. ഒറ്റനോട്ടത്തിലത് ഫലങ്ങള്‍ നിറഞ്ഞൊരു മരമാണെന്നേ തോന്നൂ. ഇവിടെയും വാനരര്‍ നിരവധിയുണ്ട്.
ഇനി പോകുന്നത് ബാലി താമസിച്ചുവെന്ന് പറയപ്പെടുന്ന ഗുഹയിലേക്കാണ് വാലികില (നമ്മുടെ ബാലി ഇന്നാട്ടുകാര്‍ക്ക് വാലിയാണ്). പാറക്കല്ലുകള്‍ ചവിട്ടിക്കയറിയുള്ള നടത്തം ഒരല്‍പം ദുഷ്‌കരംതന്നെ. ഉയരങ്ങളെ എത്തിപ്പിടിക്കാന്‍ വെമ്പുന്ന കൂറ്റന്‍പാറകള്‍ക്കിടയില്‍ വലിയൊരു ഗുഹ. ഇതായിരുന്നുവത്രെ ബാലിയുടെ വാസസ്ഥലം.അതിനടുത്തു തന്നെയാണ് 'ചിന്താമണി' എന്ന് വിളിക്കപ്പെടുന്ന ഗുഹ. ശ്രീരാമ ലക്ഷ്മണന്മാര്‍ പലപ്പോഴും വിശ്രമിച്ചിരുന്നതും സുഗ്രീവനുമായി ബാലിക്കെതിരെ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും ഇവിടെവെച്ചായിരുന്നുവത്രെ. ആലോചനായോഗങ്ങള്‍ കൂടിയിരുന്നതുകൊണ്ടാണ് ചിന്താമണിയെന്ന പേര് വന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ മേല്‍ക്കൂരയൊരുക്കുന്ന സാമാന്യം വലിയൊരു ഗുഹയാണത്.
പുറത്ത് 42 ഡിഗ്രി ചൂടാണെങ്കിലും ഗുഹയ്ക്കകം എയര്‍കണ്ടീഷന്‍ പ്രതീതിയാണ്. പുഴക്കരയിലും പുഴയിലും കൂറ്റന്‍ പാറക്കല്ലുകള്‍ നിരവധി. വിജയനഗരസാമ്രാജ്യത്തിലെ ശക്തനായ രാജാവായിരുന്ന കൃഷ്ണദേവരായരുടെ ഓര്‍മയ്ക്കായി സുന്ദരമായൊരു 64 കാല്‍മണ്ഡപവും നദിയിലെ പാറയില്‍ പണിതിട്ടുണ്ട്. നദിക്കരയില്‍ പലയിടത്തും വട്ടത്തോണികള്‍ കമിഴ്ത്തിവെച്ചിട്ടുണ്ട്. മഴക്കാലത്ത് സജീവമാകാന്‍ വേണ്ടി. പുഴയ്ക്കക്കരെയാണ് 'ഋശ്യമൂകാചല'മെന്ന ബാലികേറാമല.
അനഗുന്തിഗ്രാമം, യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പൈതൃക ഗ്രാമമാണ്. വൃത്തിയും വെടിപ്പുമുള്ള, ലാളിത്യം കൈവിടാത്ത ഒരു ജനതയും അവരുടെ വാസസ്ഥലങ്ങളും. വീടുകളെല്ലാംതന്നെ ഒറ്റനിലയാണ്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഇവിടെ ഇല്ലെന്നോര്‍ക്കുക. വീടിനോടുചേര്‍ന്ന് മുമ്പില്‍ ത്തന്നെ പശുത്തൊഴുത്ത് നമ്മുടെ കാര്‍ഷെഡ്ഡുകള്‍പോലെ. ടൂറിസ്റ്റുകളുമായെത്തുന്ന മോട്ടോര്‍ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങള്‍ ഇവിടെ വിരളം. ജനതയില്‍ നല്ലൊരു ഭാഗം ഇടയരും കൃഷിക്കാരുമാണ്. വൃത്തിയും വെടിപ്പുമുള്ള ഇക്കൂട്ടരുടെ വീട് കണ്ടാല്‍ സമ്പന്നതയ്ക്ക് മാത്രമേ വൃത്തി അവകാശപ്പെടാനാവൂ എന്ന ധാരണ അസ്ഥാനത്താണെന്ന് ബോധ്യപ്പെടും. പല വീടുകളിലും ഹോംസ്‌റ്റേ സൗകര്യമുണ്ട്. മിക്ക വീട്ടമ്മമാരും വാഴപ്പോളയില്‍ നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വ്യാപൃതരാണ്. മുത്തശ്ശിമാരും വാഴനാര് പിരിച്ചുകൊണ്ടിരിക്കുന്നു. ഉത്പന്നങ്ങള്‍ വില്‍ക്കാനും വെച്ചിട്ടുണ്ട്. തെരുവിലെ വാനരക്കൂട്ടം ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു: 'ഇത് കിഷ്‌കിന്ധയാണ്; ഞങ്ങളുടെ രാജ്യം.'
രാമായണകഥകള്‍ മാത്രമല്ല, ചരിത്രവും ഈ ഭൂമികയിലുറങ്ങുന്നു. 1336 മുതല്‍ 1565 വരെ ഭാരതചരിത്രത്തില്‍ തിളങ്ങിനിന്നിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ആദ്യതലസ്ഥാനമായിരുന്നു അനഗുന്തിയെന്ന ഈ കൊച്ചുഗ്രാമം. ഈ കൊച്ചുഗ്രാമത്തിന്റെ ലാളിത്യത്തിലേക്കാണ് മുഹമ്മദ് തുഗ്ലക്ക് പടയോട്ടം നടത്തിയത്. ആയിരങ്ങള്‍ക്കാണ് ജീവനാശം സംഭവിച്ചത്. ഇതിനെതിരെ ദക്ഷിണേന്ത്യയിലെ ഹൈന്ദവരാജാക്കന്മാര്‍ ശൃംഗേരി മഠാധ്യക്ഷന്റെ അനുഗ്രഹാശിസ്സുകളോടുകൂടി സംഘടിച്ചു. ബിക്കു, ഹക്കു എന്നീ സഹോദരന്മാര്‍ വിജയനഗര സാമ്രാജ്യത്തിന് തറക്കല്ലിടുകയും ചെയ്തു. ഈ കൊച്ചുഗ്രാമമായിരുന്നു വിജയനഗര സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനം. പിന്നീടിത് ഹംപിയിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha