ഈ സ്ഥലങ്ങള്‍ യാത്രയ്ക്കായി തെരഞ്ഞെടുക്കാന്‍ നല്ല ചങ്കൂറ്റം വേണം!
എത്രയെത്രെ വിലക്കിയാലും ഭയപ്പെടുത്തുന്നതിനെ ഒന്നറിയാനും കാണാനും ആകാംക്ഷയുള്ളവരാണ് മനുഷ്യര്‍. ഭയത്തെയും ഭയപെടുത്തുന്നതിനെയും സ്‌നേഹിച്ചുകൊണ്ടു സ്വീകരിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് താല്പര്യം ജനിപ്പിക്കുന്ന നിരവധിയിടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. യാത്ര ചെയ്യാന്‍ ധൈര്യത്തിനെ കൂട്ടുപിടിക്കേണ്ട അത്തരമിടങ്ങളിലൂടെ ഒന്നുപോയി വരാം.
ഭംഗാര്‍ കോട്ട, രാജസ്ഥാന്‍
ഭയം ഘനിഭവിച്ചുനില്‍ക്കുന്നുണ്ട് ഭംഗാര്‍ കോട്ടയുടെ അന്തരീക്ഷത്തില്‍ പോലും! മരണങ്ങളുടെ നീണ്ട നിര തന്നെ ഈ കോട്ടയെ ചുറ്റിപറ്റി പറഞ്ഞുകേള്‍ക്കുന്നുണ്ട്. കൂടാതെ തട്ടിക്കൊണ്ടു പോകലുകളും ഇവിടെ തുടര്‍ക്കഥയാണ്. അതുകൊണ്ടു തന്നെ രാത്രികാലങ്ങളില്‍ ഇവിടെ സന്ദര്‍ശനത്തിനു അനുമതിയില്ല.
അക്ബറിന്റെ കൊട്ടാരസദസ്സിനെ അലങ്കരിച്ചിരുന്ന നവരത്‌നങ്ങളില്‍ ഒരാളായിരുന്ന മാന്‍ സിങ് ഒന്നാമനാണ് ഈ കോട്ട നിര്‍മ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. ആരവല്ലി പര്‍വ്വതനിരകളിലെ സരിസ്‌ക സംരക്ഷിത വനപ്രദേശത്തോടു ചേര്‍ന്നാണിത് സ്ഥിതി ചെയ്യുന്നത്. അക്കാലത്തെ വാസ്തുവിദ്യയുടെ അത്യപൂര്‍വമായ കാഴ്ചകളുടെ സമ്മേളനം കൂടിയാണ് ഭംഗാര്‍ കോട്ട.
ജി പി ബ്‌ളോക്, ഉത്തര്‍പ്രദേശ്
ദുരൂഹതകള്‍ നിറഞ്ഞിരിക്കുന്ന ബഹുനില കെട്ടിടസമുച്ചയമാണ് ജി പി ബ്‌ളോക്. 1930- മുതലാണ് ഈ കെട്ടിടത്തെ ചുറ്റിപ്പറ്റിയുള്ള ഊപാപോഹങ്ങള്‍ ആരംഭിക്കുന്നത്. അന്നുതുടങ്ങിയതാണ് ജി പി ബ്ലോക്കിന്റെ കഷ്ടകാലം. ആളും ആരവങ്ങളുമൊഴിഞ്ഞ ആ കെട്ടിടമിപ്പോള്‍ ദുരാത്മാക്കളുടെ ആലയമാണ്. ചുവന്ന സാരിയുടുത്ത സ്ത്രീയും മെഴുകുതിരി വെട്ടത്തില്‍ മദ്യപിക്കുന്ന നാല് യുവാക്കളും ഈ കെട്ടിടത്തിന്റെ നിഗൂഢതകള്‍ക്ക് ആക്കം കൂട്ടുന്നു. പലരും പലതവണ ഈ ദുരാത്മാക്കളെ ഇവിടെ കണ്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായതുകൊണ്ടു തന്നെ ജി പി ബ്ലോക്കിന്റെ പരിസരത്തേക്ക് പോലും ആളുകള്‍ അടുക്കാറില്ലെന്നതാണ് സത്യം.
ശനിവാര്‍ വാഡ കോട്ട, മഹാരാഷ്ട്ര
മറാത്താ സാമ്രാജ്യത്തിലെ ശിവജിയുടെ പിന്മുറക്കാരനായ ചക്രവര്‍ത്തി ഷാഹുവിന്റെ പേഷ്വാ ആയിരുന്ന ബാജി റാവു പണി കഴിപ്പിച്ചതാണ് ഈ കോട്ട. അതിമനോഹരമായ വാസ്തുവിദ്യയും മുഗള്‍ സാമ്രാജ്യത്തിനെതിരെയുള്ള അന്നത്തെ കാലത്തേ യുദ്ധപ്രതിരോധ മാര്‍ഗങ്ങളും ശത്രുവിനെ തുരത്താനുള്ള വേറിട്ട വഴികളുമെല്ലാം ശനിവാര്‍ വാഡ കോട്ട കാണുന്നവരില്‍ ആശ്ചര്യത്തോടൊപ്പം ബഹുമാനവും ഉണര്‍ത്തും. പൗരാണികത പേറുന്ന ഈ കോട്ടയും അകത്തളങ്ങളും ഇന്ന് ഭയപ്പാടിന്റെ ഈറ്റില്ലമാണ്. 1773-ല്‍ അന്നത്തെ പേഷ്വാ ആയിരുന്ന നാരായണ റാവുവിനെ അമ്മാവനും അമ്മായിയും ചേര്‍ന്ന് ചതിച്ചു കൊന്നത് ഈ കോട്ടയ്ക്കുള്ളില്‍ വെച്ചായിരുന്നു എന്നാണ് പറയപ്പെടുന്നത്. ആ ആത്മാവ് ഇന്നും മോക്ഷം കിട്ടാതെ ഇവിടെ അലയുന്നുണ്ടെന്നും പൗര്‍ണമി ദിവസങ്ങളില്‍ ഭീകരമായ അലര്‍ച്ചകളും ദയനീയമായ കരച്ചിലുകളും ഇവിടെ ഉയരാറുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
ബാജി റാവു മസ്താനി എന്ന ഹിന്ദി ചലച്ചിത്രത്തില്‍ ഈ കോട്ടയും പരിസരങ്ങളുമൊക്കെ വ്യക്തമായി പരിചയപെടുത്തുന്നുണ്ട്. ബ്രിട്ടീഷുകാരോടു യുദ്ധത്തില്‍ പരാജയപ്പെട്ട ബാജി റാവു രണ്ടാമന് കോട്ടയും അധികാരങ്ങളും നഷ്ടപ്പെടുകയും നാടുകടത്തപെടുകയുമാണുണ്ടായത്. സാരമായ നാശനഷ്ടങ്ങള്‍ കോട്ടക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും ശനിവാര്‍ വാഡ കോട്ട കാണാന്‍ നിരവധി പേര് ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്.
സഞ്ജയ് വനം, ഡല്‍ഹി
ജനവാസവും തിരക്കും ഏറെയുള്ള ഡല്‍ഹിയുടെ അതിനുവിപരീതമായ മറ്റൊരു മുഖമാണ് സഞ്ജയ് വനം. കാഴ്ചക്ക് ഏറെ സുന്ദരമെങ്കിലും ഈ വനത്തിനുള്ളിലേക്കു പ്രവേശിക്കാനും ഇവിടുത്തെ കാഴ്ചകള്‍ കാണാനും ആളുകള്‍ക്ക് ഭയമാണ്. കാരണം ഭയപ്പെടുത്തുന്ന അലര്‍ച്ചകളും ആര്‍ത്ത നാദങ്ങളും മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഓടി മറയുന്ന ഒരു സ്ത്രീയുമൊക്കെ സഞ്ജയ് വനത്തിനെ യാത്രികരില്‍ നിന്നകറ്റി നിര്‍ത്തുന്നു. അകാലത്തില്‍ മരണപ്പെട്ട ഏതോ സ്ത്രീയുടെ ആത്മാവ് ആണിതെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കാനന പരിസരത്തേക്കു പോകാന്‍ പരിസരവാസികള്‍ക്ക് ഭയമാണ്.
രൂപ്കുണ്ഡ് തടാകം, ഉത്തരാഖണ്ഡ്
വര്‍ഷം മുഴുവന്‍ മഞ്ഞുമൂടി കിടക്കുന്ന രൂപ്കുണ്ഡ് തടാകത്തിന്റെ മറ്റൊരു പേര് തന്നെ തലയോട്ടി തടാകമെന്നാണ്. മഞ്ഞുറഞ്ഞു വരുമ്പോള്‍ തടാകത്തില്‍ മുഴുവന്‍ ദൃശ്യമാകുന്നത് തലയോട്ടികളാണ്. രണ്ടു മീറ്റര്‍ ആഴമുള്ള ഈ തടാകത്തില്‍ തലയോട്ടികള്‍ എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത് എന്നതിനെ കുറിച്ച് ആര്‍ക്കും ഒരു വ്യക്തതയില്ല. പക്ഷേ, പറഞ്ഞു കേള്‍ക്കുന്ന ഒരു കഥ ഇങ്ങനെയാണ്.
കനൗജിലെ രാജാവും പത്‌നിയും ആശ്രിതരായ കുറെ പേരും കൂടി നന്ദാദേവി ക്ഷേത്രത്തിലേക്ക് പോകുംവഴി ഈ തടാകത്തിനടുത്തുവെച്ചു പ്രകൃതിക്ഷോഭത്താല്‍ മരണപ്പെട്ടു. അവരുടെ അസ്ഥികൂടങ്ങള്‍ കാലാകാലങ്ങളായി ഈ തടാകത്തിനടിയില്‍ കിടപ്പുണ്ടെന്നും മഞ്ഞുരുകി തടാകത്തില്‍ ജലം തെളിയുമ്പോള്‍ ഇവ പ്രത്യക്ഷമാകുന്നു എന്നുമാണ് പറയപ്പെടുന്നത്. ട്രെക്കിങ്ങിനു ഏറെ അനുയോജ്യമായ ഈ തടാക പരിസരത്തേക്കു നിരവധി സഞ്ചാരികളാണ് എത്തുന്നത്.
https://www.facebook.com/Malayalivartha