ചാലൂക്യരുടെ രാജാധിപത്യത്തിന്റെ ശേഷിപ്പുകളുമായി വാതാപി എന്ന ബദാമി
സന്ധ്യാ വന്ദനം ചെയ്യുകയായിരുന്ന ബ്രഹ്മാവിന്റെ അരികിലെത്തി ഇന്ദ്രന്‍ ഒരു ആവശ്യം പറഞ്ഞുവത്രേ. ഉത്തമനായ ഒരു യോദ്ധാവിനെ വേണം. ആവശ്യപ്പെട്ടതുപ്രകാരം ബ്രഹ്മാവ് തന്റെ കൈക്കുടന്നയിലെ ജലത്തില്‍ നിന്നും ഒരു യോദ്ധാവിനെ സൃഷ്ടിച്ചു. ഇതായിരുന്നു ചാലൂക്യരുടെ പൂര്‍വ്വകന്‍. ഭൂമിയില്‍ ഇവര്‍ ഒരു സ്വര്‍ഗമുണ്ടാക്കി. അതാണ് പണ്ട് വാതാപി എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ബദാമി.
1400 വര്‍ഷത്തിലധികം പഴക്കമുള്ള ബദാമിയിലെ ചുവന്ന് തുടുത്ത കൂറ്റന്‍ പാറതുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രത്തിനുള്ളില്‍ നിന്നാല്‍ ചാലൂക്യരുടെ പടയോട്ടം ഇപ്പോഴും കാതുകളില്‍ ഇരമ്പും. കര്‍ണ്ണാടകയിലെ ഹൂബ്ലിയില്‍ നിന്നും നൂറുകിലോമീറ്ററലധികം പിന്നിട്ട് ബീജാപ്പൂര്‍ ഹൈവേയിലൂടെയാണ് ബദാമിയിലേക്കുള്ള യാത്ര.
പുതുക്കിയ പാതയിലെ ടോള്‍ ബൂത്തുകള്‍ പിന്നിട്ട് തിരക്കൊഴിഞ്ഞ റണ്‍ വേയിലൂടെ ബഹുദൂരം പിന്നിട്ട് ഒരു കുന്നിറങ്ങിമ്പോഴേക്ക് വിശാലമായ ഗ്രാമത്തിലേക്ക് എത്തും. ദൂരെ നിന്നും നോക്കുമ്പോള്‍ ഒരു ക്രിക്കറ്റ് മൈതാനവും അതിനെ അതിരിടുന്ന ഗാലറിയും പോലെ മലനിരകള്‍. പേരിനു പോലും വലിയ മരക്കൂട്ടങ്ങളും പച്ചപ്പും ഒന്നുമില്ലാത്ത ചുവന്ന ഭൂതലം. ദൂരക്കാഴ്ചയില്‍ ഇങ്ങനെയാണ് ബദാമി. മധ്യ ഇന്ത്യയിലെ ഏറ്റവും പ്രബലമായ ചരിത്രം അടയാളപ്പെടുത്തിയ ചാലൂക്യരുടെ ആസ്ഥാനം. ഇന്ത്യയെന്ന വൈവിധ്യത്തിന്റെ ഏറ്റവും പുരാതനമായ ഏടുകളിലൊന്നാണിത്.
ബഗല്‍ക്കോട്ട് ജില്ലയിലെ ഇന്നും കേവലം ഇരുപത്തയ്യായിരത്തോളം മാത്രം ജനസംഖ്യയുള്ള ഗ്രാമങ്ങളാണ് ഇന്ന് ബദാമി എന്ന ഒറ്റപ്പേരില്‍ അറിയപ്പെടുന്നത്. ഇടയ്ക്കിടെ ചേരികള്‍ക്ക് സമാനമായി തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമീണര്‍. ഇവയ്ക്കപ്പുറം വിശാലമായ കൃഷിയിടം മാത്രം. ചുറ്റിലും കോട്ടമതില്‍ പോലുള്ള ചുവന്നപാറയുടെ മുകളില്‍ ദൂരെനിന്നും സൂക്ഷ്മമായി നോക്കുമ്പോള്‍ കല്‍ത്തൂണുകളുമായി ചില നിര്‍മിതികള്‍ കാണാം. പ്രസിദ്ധമായ ചാലൂക്യരുടെ കോട്ടകൊത്തളങ്ങളുടെ ഇന്ന് ശേഷിക്കുന്ന അടയാളങ്ങളാണിത്.
ബി.സി. 543 മുതല്‍ 753 വരെ നിലനിന്നിരുന്ന ചാലൂക്യരാണ് ഈ ഗ്രാമം തങ്ങളുടെ ആസ്ഥാനമാക്കിയത്. കോട്ടകൊത്തളങ്ങളുടെ സുരക്ഷയ്ക്കായുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേതകളായിരിക്കാം പുലികേശികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിച്ചത്. ഒരു കാലത്ത് രാജകീയ പ്രൗഢിയോടെ തലയുയര്‍ത്തി നിന്നതും ഓരോ മണ്‍തരിയും രാജാധിപത്യത്തിന്റെ കഥപറഞ്ഞതുമായ നാടിന്റെ ആധുനികമുഖം കാണാന്‍ അത്ര സുഖദമല്ല. ഇടുങ്ങിയ ജനവാസ കേന്ദ്രങ്ങളും അഴുക്കുചാലുകളില്‍ ഇടതടവില്ലാതെ നീങ്ങുന്ന പന്നിക്കൂട്ടങ്ങളും തകര്‍ ്ന്നടിഞ്ഞുപോയ വീരസാമ്രാജ്യത്തിന്റെ ദുരവസ്ഥ ഓര്‍മ്മിപ്പിക്കും. 600 വര്‍ഷത്തോളം ഡക്കാണ്‍ പീഠഭൂമി കൈയ്യടക്കി വെച്ചിരുന്ന ചാലൂക്യവംശത്തിന്റെ ഇന്നലെകളെ പതിയെ പതിയെ മായ്ച്ചുകളയുന്ന വിധത്തില്‍ തദ്ദേശീയര്‍ ഈ ഗ്രാമങ്ങളിലേക്ക് അനുദിനം കുടിയേറിക്കൊണ്ടിരിക്കുകയാണ്.
ബദാം പോലെ ചുവന്നു തുടുത്ത രണ്ടുപാറകള്‍ക്കിടയില്‍ ജനാലകള്‍ പോലെ നാല് ഗുഹകള്‍. ഇതിനെ ബദാമി എന്നും വാതാപി എന്നും രണ്ടായി പില്‍ക്കാലത്ത് നാമകരണം ചെയ്തു. ചിതറിത്തെറിച്ച മറ്റ് സ്മാരകങ്ങള്‍ക്ക് വിഭിന്നമായി ബദാമിയുടെ മുന്‍വശം വളരെ വൃത്തിയായി പരിപാലിച്ചിരിക്കുന്നു. സഞ്ചാരികള്‍ക്കായി ഒരു ഒട്ടോസ്റ്റാന്‍ഡ് മാത്രം ഇവിടെയുണ്ട്. ചായക്കടകളോ ഷോപ്പിംഗ് കേന്ദ്രങ്ങളോ ഇല്ല. പുരാവസ്തുവകുപ്പിന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് തദ്ദേശീയരായവരില്‍ നിന്നും ഈ പൈതൃക ഗുഹകളെ മോചിപ്പിച്ച് ചരിത്ര സ്മാരകത്തിന്റെ ഭാഗമാക്കിയെതെന്ന് ഇവിടുത്തെ സുരക്ഷാജീവനക്കാരന്‍ പറയുന്നു.
പ്രവേശന പാസ്സെടുത്തു വേണം ആദ്യ ഗുഹാക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍. അപ്പോള്‍ തന്നെ 1400 ഓളം വര്‍ഷങ്ങളുടെ പഴക്കം ഹൃദയത്തില്‍ തട്ടും. ശിവന്‍, വിഷ്ണു, ചാമുണ്ഡി, സൂര്യന്‍,കുബേരന്‍,പാര്‍വ്വതി, ഗണപതി എന്നിവരായിരുന്നു ചാലൂക്യരുടെ ആരാധനാമൂര്‍ത്തികള്‍. ഈ ഗുഹാപര്‍വ്വങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. വിവിധ കാലഘട്ടങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടവയാണിത്. ബുദ്ധ, ജൈന,വൈഷ്ണവ, ശൈവ പാരമ്പര്യങ്ങളാണ് ഇവിടെയുള്ള നാല് ഗുഹകളില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. നാല്‍പ്പത് പടവുകള്‍ കയറി വേണം ഒന്നാം ഗുഹയിലെത്താന്‍. ശിലാ പരര്‍വ്വതത്തെ തുരന്നുണ്ടാക്കിയ കൊത്തുപണികളോടുകൂടിയ അനേകം തൂണുകള്‍. മൂന്ന് കല്‍ഭിത്തിയിലും മുകളിലുമെല്ലാം ചിത്രപ്പണികളുണ്ട്.
ചരിത്രം ഇന്നും വിസ്മയത്തോടെ നോക്കിനില്‍ക്കുന്ന പതിനെട്ട് കൈകളുള്ള നൃത്തം ചെയ്യുന്ന നടരാജ കല്‍രൂപം കാലത്തെ തോല്‍പ്പിക്കുന്നു. ശിവ പാര്‍വ്വതിമാരുടെ ആരാധനാ ക്ഷേത്രമാണിത്. കാലങ്ങളെടുത്ത് ചാലൂക്യര്‍ നിര്‍മ്മിച്ച ഒന്നാം ഗുഹാ ക്ഷേത്രവും ഇതുതന്നെയാണ്. വെട്ടിയെടുത്ത ശിലാപാളികള്‍ക്കിടയില്‍ ഘോരവര്‍ഷങ്ങളെയും കടന്ന് പുതിയ കാലത്തെ പുണരുന്ന ഏറ്റവും അപൂര്‍വ്വമായ കാഴ്ചകള്‍. തണുപ്പും ഇരുട്ടും തളം കെട്ടിനില്‍ക്കുന്ന മണ്ഡപം. വടക്കോട്ട് പടവുകള്‍ കയറിയാണ് രണ്ടാം ഗുഹാമുഖത്തേക്കുള്ള യാത്ര. സാന്‍ഡ് സ്‌റ്റോണ്‍ ഹില്‍ എന്നാണിവിടം അറിയപ്പെടുന്നത്. അടര്‍ന്നുമാറിയ രണ്ടു ശിലാനിരകള്‍ക്ക് നടുവിലൂടെയാണ് ഇവിടേക്ക് പടവുകളുള്ളത്. വിഷ്ണുവാണ് ഈ ഗുഹയിലുള്ള ആരാധനാമൂര്‍ത്തി. ഒരു കാല്‍ നിലത്തൂന്നി മറ്റൊരു കാല്‍ ആകാശത്തിലേക്ക് ഉയര്‍ത്തി നൃത്തം ചെയ്യുന്ന ഉയരം കുറഞ്ഞ വിഷ്ണവുവിന്റെ രൂപവും അനേകം മറ്റു കൊത്തുപണികളും ഇവിടെ കാണാം. വരാഹമായും മത്സ്യാവതാരമായും വിഷ്ണു ഇവിടെ നിറഞ്ഞു നില്‍ക്കുന്നു.
അതിനും മുകളില്‍ എഴുപതടി നീളത്തിലാണ് മൂന്നാം ഗുഹാക്ഷേത്രമുള്ളത്. എ.ഡി.578 കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്ര ഗവേഷകരുടെ കണ്ടെത്തല്‍. നരസിംഹമൂര്‍ത്തിയുടെ ഉഗ്രരൂപം ഇവിടെയുണ്ട്. ആറാം നൂറ്റാണ്ടിലെ വേഷഭൂഷാദികള്‍ ഇവിടെ കല്ലില്‍ കൊത്തിയിട്ടുണ്ട്. നാഗകുട ചൂടിയ വിഷ്ണുരൂപവും ഇവിടെയുണ്ട്. കല്‍ത്തൂണുകളെല്ലാം പുരാണങ്ങളിലെ ഒരോ കഥകള്‍ പറയുന്നു. ഏറ്റവും ഉയരത്തിലുള്ള നാലാമത്തെ ഗുഹയാണ് ജൈനമതത്തെ നെഞ്ചിലേറ്റുന്നത്. മഹാവീരനാണ് ഇവിടുത്തെ ആരാധനാ മൂര്‍ത്തികളിലൊന്ന്. പത്മാവതി തുടങ്ങിയ തീര്‍ത്ഥങ്കരന്മാരെയും ഇവിടെ ശിലയില്‍ കൊത്തിയിട്ടുണ്ട്. ബാഹുബലിയുടെ 8 അടി ഉയരമുള്ള വലിയ രൂപമാണ് ഏറ്റവും വിസ്മയകരം. ഇന്ത്യന്‍ നാഗരികതയിലൂന്നിയ ദക്ഷിണേന്ത്യന്‍ ദ്രാവിഡ ശൈലിയിലാണ് ഈ ഗുഹാക്ഷേത്രങ്ങളുടെയെല്ലാം നിര്‍മിതി. ചുവര്‍ ്ചിത്രകലയിലെ പഴക്കമേറിയ പരീക്ഷണങ്ങളും ഇവിടെ നിരീക്ഷിക്കാം. ഭാരതീയ വാസ്തു ശില്പകലയിലേക്ക് ചാലൂക്യരുടെ സംഭാവനയാണിതെല്ലാം.
നാല് ഗുഹകള്‍ക്കും മീതെ പാറനിരപ്പില്‍ ചാലൂക്യരുടെ കോട്ടയുണ്ട്. ഇവിടെ നിന്നുള്ള ബദാമി കാഴ്ചകള്‍ ആരെയും കൊതിപ്പിക്കും. അപകടകരമായ ഇതിനു മുകളിലേക്കുള്ള വഴികള്‍ ഇപ്പോള്‍ സുരക്ഷയുടെ ഭാഗമായി അടച്ചിരിക്കുകയാണ്. നാലാം ഗുഹയുടെ മുന്നിലുള്ള ഇരിപ്പിടങ്ങളില്‍ നിന്നു തന്നെ ബദാമിയുടെ വിദൂര കാഴ്ചകള്‍ മനോഹരമാണ്. അഭിമുഖമായുള്ള ശിലപര്‍വ്വതങ്ങള്‍ക്ക് നടുവില്‍ വന്‍ വിസ്തൃതിയുള്ള കുളം വേനലിലും നിറഞ്ഞു നില്‍ക്കുന്നു. അഗസ്ത്യതീര്‍ത്ഥമാണിത്. ചാലൂക്യരുടെ പാപനാശിനി. പിന്നീട് ബദാമിയുടെയും. ഇവിടെ പുണ്യസ്‌നാനം ചെയ്താല്‍ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതീഹ്യം. യുഗങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ പുണ്യസ്‌നാനത്തിനായി ഒട്ടേറെപേര്‍ എത്തുന്നുണ്ട്. ഇതിന്റെ തീരത്തായി അനേകം ചെറിയ ക്ഷേത്രങ്ങളെയും കാണാം. ഹനുമാന്‍ ക്ഷേത്രത്തില്‍ ഇപ്പോഴും നിത്യപൂജകള്‍ നടക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. അഗസ്ത്യ തീര്ത്ഥത്തിന് തൊട്ടരികിലായി ഇന്തോ ഇസ്ലാമിക് ശൈലിയിലുള്ള ചുവന്ന മിനാരമുള്ള ഒരുസ്മാരകവും കാണാം. ടിപ്പു സുല്‍്ത്താന്റെ കാലത്തുള്ള ശവകുടീരമാണിത്. സൂഫി വര്യന്മാരുടെ ഖബറുകളും ഇവിടെയുണ്ട്. കന്നഡ ഭാഷയിലെ കാര്‍ഷിക സംസ്‌കൃതിയെ സൂചിപ്പിക്കുന്ന ചല്‍കി എന്നവാക്കില്‍ നിന്നുമാണ് ചാലൂക്യ എന്ന വാക്കുണ്ടായതെന്ന് വിക്കിപീഡിയ സൂചിപ്പിക്കുന്നു. എന്തു തന്നെയായാലും കോട്ടയ്ക്ക് മുന്നിലുള്ള നോക്കെത്താ ദൂരത്തുള്ള കൃഷിഭൂമികള്‍ ചാലൂകര്യുടെ സമ്പത്തായും കരുതണം. ദക്ഷിണ ഇന്ത്യയില്‍ തദ്ദേശീയത കൊണ്ടുവരുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് ശിലാലിഖിതങ്ങളില്‍ നിന്നും പില്‍ക്കാലം വായിച്ചെടുത്തിട്ടുണ്ട്.
പുലികേശി രണ്ടാമനായിരുന്നു ചാലൂക്യരാജവംശത്തിലെ പ്രബലന്‍. ഡക്കാണില്‍ സാമ്രാജ്യം ഇദ്ദേഹം വിശാലമാക്കി.ഒട്ടേറെ ഇടങ്ങളിലേക്ക് കൈകള്‍ നീട്ടിയ പുലികേശി രാജവംശം പടപൊരുതിയും പിടിച്ചുനിന്നും നേടിയതാണിതെല്ലാം. ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാന്‍സാങ്ങ് പുലികേശി രണ്ടാമന്റെ രാജ്യം സന്ദര്‍ശിച്ചതായും ചരിത്രം പറയുന്നു. പുലികേശി രണ്ടാമന്റെ മരണത്തിനുശേഷം പല്ലവന്മാര്‍ പകരം വീട്ടി തുടങ്ങി. പതിമൂന്ന് വര്‍ഷത്തോളം ഇവരുടെ കൈകളിലായിരുന്നു ഇതെല്ലാം. പിന്നീട് വിക്രമാദിത്യത്തിന്റെ കാലത്താണ് പുലികേശികള്‍ ഉയര്‍ന്നു വന്നത്. അവസാന ബദാമി ചാലൂക്യ രാജാവായ കീര്‍ത്തിവര്‍മ രണ്ടാമന്റെ പതനത്തിനുശേഷം ദന്തി ദര്‍ഗ രാഷ്ട്രകൂടവംശത്തിന് അടിത്തറയിടുകയായിരുന്നു. പത്താം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ചാലൂക്യര്‍ വീണ്ടും അധികാരം സ്ഥാപിച്ചെങ്കിലും ബദാമിയില്‍ നിന്നും അകന്ന് ബാസവകല്യാണ്‍ തലസ്ഥാനമാക്കി മാറ്റുകയായിരുന്നു.
ഇത്രയും വലിയ മധ്യ ഇന്ത്യയുടെ ചരിത്രം പേറുമ്പോഴും ബദാമി് ഗ്രാമീണര്‍ക്കിടയില്‍ യാതൊരു ചലനവും ഉണ്ടാക്കിയിരുന്നില്ല. അവസാന രാജഭരണവും അടര്‍ന്നുപോയപ്പോഴും ഏറെക്കാലം ബദാമി അനാഥമായി കിടന്നു. കോട്ടകൊത്തളങ്ങളിലെ പവിഴവും രത്‌നവുമെല്ലാം പടവെട്ടിയ രാജാക്കന്മാര്‍ എവിടെക്കെല്ലാമോ കടത്തിക്കൊണ്ടുപോയി. പ്രതീക്ഷയുടെ ഒരു തിരിയുമില്ലാതെ എത്രയോ കാലം മരുഭൂമി കണക്കെയായിരുന്നു ഈ ഗ്രാമങ്ങളുടെയെല്ലാം കിടപ്പ്. ഗ്രാമീണര്‍ ഈ ഗുഹകള്‍ കൈയ്യേറി താമസമുറപ്പിച്ചതും പിന്നെയൊരു ചരിത്രമായി. പുരാവസ്തു മന്ത്രാലയം ഇവരോടെല്ലാം പടവെട്ടിയാണ് ഈ ഗുഹകളില്‍ പലതിനെയും തിരികെ പിടിച്ചത്. കാലങ്ങള്‍ കഴിഞ്ഞു ബദാമിക്ക് ഇപ്പോള്‍ പുതിയ മുഖം കൈവന്നിരിക്കുന്നു. മിക്ക ഗ്രാമീണര്‍്ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കി കോളനികള്‍ സ്ഥാപിച്ചു നല്‍കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ വരാന്‍ തുടങ്ങിയതോടെ സ്റ്റാര്‍ ഹോട്ടലുകളും ഇപ്പോള്‍ അല്‍പ്പം ദൂരെയായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വരും കാലം ബദാമിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍ ്കുന്നു. വിനോദ സഞ്ചാരം ചരിത്ര സ്മാരകങ്ങളെ തൊടുമ്പോള്‍ ഇതെല്ലാം ഗ്രാമീണര്‍ക്ക് എങ്ങിനെ പ്രയോജനപ്പെടുത്താം എന്നത് മാത്രമാണ് തദ്ദേശീയരുടെ ചോദ്യം.
ദക്ഷിണേന്ത്യയുടെ എല്ലോറ എന്ന് വിശേഷിക്കപ്പെടുന്ന ബദാമി ബാംഗ്ലൂര്‍ നഗരത്തില്‍നിന്നും 541 കിലോ മീറ്റര്‍ അകലെയാണ്. എളുപ്പത്തില്‍ എത്താന്‍ കഴിയാത്ത ഒരിടമായതിനാല്‍ തയ്യാറെടുപ്പുകള്‍ ഇതിനായി മാത്രം വേണ്ടിവരും. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഈ ചരിത്രസ്മാരകങ്ങള്‍ വൈവിധ്യത്തിന്റെ കലവറയാണ്. ഭാരതീയ ഭരണതന്ത്രത്തിന്റെയും നാട്ടുരാജാക്കന്മാരുടെയും ഇനിയും പുറം ലോകമറിയാത്ത എത്രയോ സംഭവങ്ങള്‍ക്ക് സാക്ഷ്യമായി ബദാമി ഗുഹകളും കാലത്തെ പിന്നിലാക്കുന്നു.
https://www.facebook.com/Malayalivartha