ഇറ്റാലിയന്‍ നിര്‍മിത റൈഡുമായി കണ്ണൂര്‍ പറശിനിക്കടവ് വിസ്മയ പാര്‍ക്കിന് പുതിയ മുഖം
കണ്ണൂര്‍ പറശ്ശിനിക്കടവിലുള്ള വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ഇനി അതി സാഹസികതയുടെ ഉല്ലാസം അനുഭവിക്കാം. ലോകത്തിലെ വന്‍കിട വിനോദ റൈഡ് നിര്‍മാതാക്കളായ ഇറ്റലിയിലെ സുറിയാനി മോസര്‍ എന്ന കമ്പനി നിര്‍മിച്ച മാഗ്‌നസ് എന്ന റൈഡാണ് വിസ്മയയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
അഞ്ച് കോടി രൂപ മുടക്കിയാണ് ഇന്ത്യയിലെ പാര്‍ക്കുകളില്‍ ഈ വിഭാഗത്തിലുള്ള ഏറ്റവും വലിയ റൈഡ് വിസ്മയയില്‍ ഒരുക്കിയത്.
34 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന റൈഡില്‍ കയറിയാല്‍ ആകാശത്ത് ഉയര്‍ന്നു പൊങ്ങിയും വട്ടം കറങ്ങിയും സാഹസികതയുടെ അനുഭൂതി ആസ്വദിക്കാം. സാഹസികത ഇഷ്ടപ്പെടുന്ന യുവ തലമുറയെ ലക്ഷ്യം വച്ചാണ് പുതിയ റൈഡ് ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 31-ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പുതിയ റൈഡ് ഉദ്ഘാടനം ചെയ്തു.
മാഗ്‌നസ് കൂടി വരുന്നതോടെ പാര്‍ക്കില്‍ 55 തരം വ്യത്യസ്ത റൈഡുകള്‍ ആകും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനവും വിനോദവും പകരുന്നതാണ് വിസ്മയ പാര്‍ക്കിലെ സജ്ജീകരണങ്ങള്‍.
2000-ത്തില്‍ സ്ഥാപിതമായ ഒരു സഹകരണ സ്ഥാപനമായ മലബാര്‍ ടൂറിസം ഡവലപ്‌മെന്റ് കൊഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് പറശ്ശിനിക്കടവിലെ വിസ്മയ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍. കണ്ണൂരില്‍ നിന്ന് 18 കിലോമീറ്ററും തളിപ്പറമ്പില്‍ നിന്ന് 8 കിലോമീറ്ററും ദൂരത്തിലാണ് പറശ്ശിനിക്കടവിലെ പാര്‍ക്ക്.
ദേശീയപാതയില്‍ കണ്ണൂരിനും തളിപ്പറമ്പിനും മദ്ധ്യഭാഗത്തായുള്ള മാങ്ങാട്ട് പറമ്പ് നിന്നും 3 കിലോമീറ്റര്‍ പറശ്ശിനിക്കടവ് റോഡില്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. മയ്യില്‍ കാട്ടാമ്പള്ളി റോഡില്‍ നിന്നും പറശ്ശിനിക്കടവ് വഴിയും ഇവിടെ എത്തിച്ചേരാം
വിസ്മയ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളംമുഴുവന്‍ ശേഖരിക്കുന്നത് മഴവെള്ളസംഭരണിയില്‍നിന്നുമാണ് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha