കല്ലാറിലൂടെ കുട്ടവഞ്ചിയാത്ര
വനംവകുപ്പിന്റെ അടവി പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി, കല്ലാറിന്റെ ഓളങ്ങളിലൂടെ കുട്ടവഞ്ചിയില്‍ ജലയാത്ര ഒരുക്കിയിരിക്കുന്നു. കോന്നി ആനക്കൂടു കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെന്ററിന്റെ കീഴില്‍ പേരുവാലി അടവി പദ്ധതിയുടെ ഭാഗമായാണു യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
ഇതിനായി തമിഴ്‌നാട് - കര്‍ണാടക അതിര്‍ത്തിയിലുള്ള ഹൊഗനക്കല്‍ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നിന്നു കുട്ടവഞ്ചികള്‍ എത്തിച്ചായിരുന്നു ആദ്യ പരീക്ഷണം. പീന്നിടു കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ വനമേഖലയില്‍ നിന്നു ശേഖരിച്ച പ്രത്യേക ഇനം കല്ലന്‍മുള ഉപയോഗിച്ചു നിര്‍മിച്ച പത്തു കുട്ടവഞ്ചികള്‍ യാത്രയ്ക്കായി തയാറാക്കി.
എലിമുള്ളുംപ്ലാക്കല്‍, തണ്ണിത്തോട്, മണ്ണീറ, വടക്കേ മണ്ണീറ, തലമാനം, ആവോലിക്കുഴി വനസംരക്ഷണ സമിതികളില്‍ നിന്നു പരിശീലനം ലഭിച്ച 20 പേരാണു തുഴച്ചില്‍കാര്‍. കോന്നി - തണ്ണിത്തോട് റോഡില്‍ മുണേ്ടാംമൂഴിക്കു സമീപം ബംഗ്ലാവ് കടവാണ് കുട്ടവഞ്ചി യാത്രയുടെ തുടക്കസ്ഥലം. മുണേ്ടാംമൂഴി പാലത്തില്‍ നിന്നു 300 മീറ്ററോളം മാറി മണ്ണീറ റോഡിലാണിത്.
ഹ്രസ്വദൂര യാത്രയ്ക്കു നാലു പേര്‍ അടങ്ങുന്ന സംഘംത്തിന് 400 രൂപയാണു ടിക്കറ്റ് നിരക്ക്. ദീര്‍ഘദൂര യാത്രയ്ക്ക് നാലു പേര്‍ക്കു 800 രൂപ നല്‍കണം.
രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെയുള്ള സമയത്താണു കുട്ടവഞ്ചി യാത്ര ക്രമീകരിച്ചിരിക്കുന്നത്. പത്തു കുട്ടവഞ്ചികളിലായി ഒരേ സമയം 40 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ കുട്ടവഞ്ചി യാത്രയ്ക്ക് എത്തുന്ന സംഘങ്ങ ള്‍ക്കു കാത്തുനില്‍ക്കേണ്ടിവ രുന്നില്ല. യാത്രക്കാരുടെ സുരക്ഷയ്ക്കാ യി ലൈഫ് ജാക്കറ്റുകളും നല്‍കും. കുട്ടവഞ്ചി യാത്രാകേന്ദ്രത്തില്‍ തന്നെ പണം അടച്ചു യാത്ര ചെയ്യാം. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും സൗകര്യമുണ്ട്.
വേനല്‍ക്കാലമായതിനാല്‍ ഹ്രസ്വദൂര യാത്രയ്ക്കുള്ള സൗകര്യമാണ് ഇപ്പോള്‍ ഉള്ളത്. കോന്നി വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായുള്ള യാത്രയ്ക്കു തയാറെടുക്കുന്ന സഞ്ചാരിക്കു കോന്നി ആനത്താവളം, ഗവി തുടങ്ങിയ കേന്ദ്രങ്ങള്‍ കാണാനുള്ള അവസരവും ലഭിക്കും.
പത്തനംതിട്ട നഗരത്തില്‍ നിന്നും 13 കീലോമീറ്റര്‍ അകലെയാണു കോന്നി ആനത്താവളം. കോന്നി ആനത്താവളത്തില്‍ ആനസവാരിയും, ആന മ്യൂസിയവുമാണ് സഞ്ചാരികള്‍ക്കായി തയാറാക്കിയിട്ടുള്ളത്.
പുഴയിലൂടെ കുട്ടവഞ്ചി യാത്ര ചെയ്യാന്‍ കേരളത്തില്‍ മറ്റെങ്ങും സൗകര്യമില്ല.
കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെന്ററില്‍ നിന്ന് കുട്ടവഞ്ചി യാത്ര സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും. ഫോണ്‍ : 0468 2247645, 2342005. വനം ഓഫീസ് കോന്നി. ഫോണ്‍: 0468 2342005, ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസ്.0468 2326409
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha