തൊമ്മന്‍കുത്ത്: കാഴ്ചയുടെ ഹരിതാഭ സൗന്ദര്യം
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്താണു പ്രകൃതി സ്‌നേഹികളുടെ ഇഷ്ടസങ്കേതമായ തൊമ്മന്‍കുത്ത്. തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി 19 കിലോമീറ്റര്‍ ദൂരം. ഇവിടം പണ്ട് ദേവസുന്ദരികളുടെ കുളിക്കടവായിരുന്നെന്നാണു പ്രാദേശികമായി പ്രചാരമുള്ള ഐതിഹ്യം. ആറോളം ചെറു വെള്ളച്ചാട്ടങ്ങളുടെ സമാഹാരമാണ് തൊമ്മന്‍കുത്ത്. നാക്കയം കുത്ത്, മുത്തിമുക്ക്കുത്ത്, കുടച്ചിയാര്‍കുത്ത്, ചെകുത്താന്‍ കുത്ത്, തേന്‍കുഴി കുത്ത്, കൂവമലക്കുത്ത്, ഏഴുനിലകുത്ത് തുടങ്ങി നിരവധി കുത്തുകളുള്ള തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം പ്രകൃതിമനോഹാരിതകൊണ്ടു സഞ്ചാരികളെ വിരുന്നൂട്ടുന്ന ഇടമാണ്.
ആദ്യകുത്തില്‍നിന്നു പുഴയോരംചേര്‍ന്ന് ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഴുനില കുത്തിലെത്താം. ഇതിനു താഴെയായി സഞ്ചാരികള്‍ക്കു പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു സൗകര്യപ്രദമായ പരന്ന പാറ സ്ഥിതി ചെയ്യുന്നു.
നാക്കയംവഴി ഒഴുകുന്ന പുഴ മുത്തിമുക്കില്‍ മനയത്തടം പുഴയുമായി ഒന്നുചേരുന്നു. ഇതിനു എട്ടു കിലോമീറ്റര്‍ താഴെയാണു തൊമ്മന്‍കുത്ത് പുഴ. വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണു തൊമ്മന്‍കുത്ത്. പ്രകൃതിയുടെ സൗന്ദര്യം വിളിച്ചറിയിക്കുന്ന കൂറ്റന്‍ പാറക്കൂട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്. പുഴയോടു ചേര്‍ന്നുള്ള വനത്തിലൂടെ സഞ്ചരിച്ചാല്‍ വിവിധ തരത്തിലുള്ള പക്ഷിമൃഗാദികളെ കാണാനാവും.
ട്രക്കിംഗിനും ഏറെ അനുയോജ്യമാണ് ഈ സ്ഥലം. പുഴയുടെ ഇരുവശങ്ങളിലൂടെയും ഇടതൂര്‍ന്നുനില്‍ക്കുന്ന വന്‍ മരങ്ങള്‍ സുഖശീതളമായ അന്തരീക്ഷം ഒരുക്കുന്നു. കിഴക്കു പാല്‍ക്കുളം മേട്ടില്‍നിന്നും ഒരു നീര്‍ച്ചാലായി ഉത്ഭവിക്കുന്ന പുഴ പല കുത്തുകള്‍ പിന്നിട്ടാണു തൊമ്മന്‍കുത്ത് വെള്ളച്ചാട്ടമായി മാറുന്നത്. ഏഴുനില കുത്തില്‍ പുഴ പല തട്ടുകളായി പത്തുമീറ്റര്‍ മുകളില്‍നിന്നും താഴേക്കു പതിക്കുന്ന രംഗം അവസ്മരണീയമായ കാഴ്ചയാണ്.
ഇവിടെയുള്ള കുത്തിനോടനുബന്ധിച്ചു നിരവധി ഗുഹകളുണ്ട്. പ്ലാപ്പൊത്ത് ഗുഹ, പളുങ്കന്‍ ഗുഹ, മുത്തി ഗുഹ, മത്തിക്കാനം അള്ള്, കട്ടിലുകസേര, അടപ്പന്‍ ഗുഹ, നാക്കയം ഗുഹ എന്നിവയാണ് ഇവിടെയുള്ള പ്രധാന ഗുഹകള്‍. പുഴയിലെ വെള്ളം പ്ലാപ്പൊത്ത് ഗുഹയ്ക്കുള്ളിലൂടെ ഒഴുകുന്ന ദൃശ്യം വേറിട്ട അനുഭവമാണ്. ഈ പ്രദേശത്തെത്താന്‍ വനത്തിലൂടെ വഴിച്ചാലുണ്ട്. അമ്പതുവര്‍ഷംമുമ്പ് തോമ്പന്‍ എന്ന ആദിവാസി പ്ലാവില്‍ ചക്കയിടുന്നതിനായി കയറിയപ്പോള്‍ കുത്തിലേക്ക് ചാടി മരിച്ചതായി പഴമക്കാര്‍ പറയുന്നു. തോമ്പന്‍ ചാടിമരിച്ച കുത്തു തോമ്പന്‍കുത്തെന്നും കാലക്രമേണ തൊമ്മന്‍കുത്തെന്നും മാറുകയായിരുന്നു. പരിസരവാസികള്‍പറയുന്നു.
നവംബര്‍ മുതലാണു കേരളത്തിന്റെ വിവിധ പ്രദേങ്ങളില്‍ നിന്നു സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്.
ഈ വെള്ളച്ചാട്ടങ്ങള്‍ തരണം ചെയ്തു വരുന്ന ജലം കാളിയാര്‍ പുഴയിലേക്കു ചെന്നു ചേരുന്നു. കാളിയാര്‍ പുഴ മുവാറ്റുപുഴയില്‍ വച്ചു മുവാറ്റുപുഴയാറുമായി സംയോജിക്കുന്നു. ഭൂരിഭാഗം ആളുകളും രണ്ടോ മൂന്നോ കുത്തുകള്‍ വരെ എത്തി തിരിച്ചുപോരുകയാണ് പതിവ്. സാഹസികരായ ആളുകള്‍ മാത്രമേ അതിനപ്പുറത്തേക്കു പോകാറുള്ളൂ. ആദ്യത്തെ വെള്ളച്ചാട്ടത്തിനരികെ സര്‍ക്കാരും ടൂറിസം വകുപ്പ് വെള്ളച്ചാട്ടം കാണാനും മറ്റും സൗകര്യമൊരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495506887
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha