ഭൂതത്താന്‍കെട്ടും താഴ്‌വരകളും കാടുകളും
അംബരചുംബികളായ പശ്ചിമഘട്ട നിരകളില്‍ മലകളും താഴ്‌വരകളും കാടുകളും വന്യമൃഗങ്ങളും ദേശാടന പക്ഷികളും കൊണ്ട് സമൃദ്ധമായ ഭൂതത്താന്‍കെട്ട്. കണ്ടാലും കണ്ടാലും കൊതിതീരാത്ത വന്യഭംഗി. നോക്കെത്താ ദൂരത്ത് പച്ചപുതച്ചു നില്‍ക്കുന്ന താഴ്‌വരയിലൂടെ ഒരു വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന പെരിയാര്‍. ഹരിതമലകള്‍ നിറഞ്ഞു നില്‍ക്കുന്ന അതിവിശാലമായ പ്രകൃതിയുടെ മട്ടുപ്പാവില്‍ മനംകവരുന്ന കാഴ്ചകള്‍, സുഖകരമായ കാലാവസ്ഥ ഇതെല്ലാം ഭൂതത്താന്‍കെട്ടിനു സ്വന്തം. വേനല്‍ക്കാലവും മഴക്കാലവും ഒരു പോലെ ടൂറിസത്തിന് അനുയോജ്യമായ അപൂര്‍വ്വ സ്ഥലങ്ങളിലൊന്നാണിവിടം.
പക്ഷി നിരീക്ഷണം, അഡ്വഞ്ചര്‍ ട്രക്കിങ്, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി, ജലയാത്ര എന്നിവയാണ് ടൂറിസ്റ്റുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. പഴയ ഭൂതത്താന്‍കെട്ടിലേയ്ക്ക് കാനനപാതയിലൂടെയുള്ള യാത്ര പ്രത്യേക അനുഭൂതി പകരും. ആകാശം മുട്ടി നില്‍ക്കുന്ന ഉയരത്തിലുള്ള വന്‍ വൃക്ഷങ്ങള്‍, ഔഷധസസ്യങ്ങള്‍, ഗുഹകള്‍, മുനിയറകള്‍ എന്നിവ കാണേണ്ട കാഴ്ചകളാണ്. നിശബ്ദതയ്ക്ക് വിരാമമിട്ട് പക്ഷികളുടെ പാട്ടുകച്ചേരി. നട്ടുച്ചയ്ക്കു പോലും നേരിയ സൂര്യപ്രകാശം മാത്രം അരിച്ചിറങ്ങുന്ന പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ദൂരെ നിന്നും കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളിയുടെ മാറ്റൊലി.
പഴയ ഭൂതത്താന്‍ കെട്ടിലെത്തിയാല്‍ വന്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന പെരിയാറിന്റെ മാസ്മരിക സൗന്ദര്യം ആവോളം നുകരാം. ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ സുരക്ഷിതയിടങ്ങളില്‍ കുളി നടത്താം. മനസ്സിനും ശരീരത്തിനും ഉന്‍മേഷം പകരും പെരിയാറിലെ ഈ നീരാടല്‍. സ്ഥലനാമം പോലെ ഭൂതത്താന്‍മാരുമായി ബന്ധം തോന്നിപ്പിക്കുന്നവിധത്തിലുള്ള നേര്‍ക്കാഴ്ചകളാണ് ഇവിടുത്തെ പാറക്കൂട്ടത്തില്‍ ദൃശ്യമാവുക. പാറക്കൂട്ടത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ കാട്ടിലെവിടെയോ ഭൂതത്താന്‍ മറഞ്ഞിരിപ്പുണ്ടോയെന്ന് സംശയിച്ചു പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha