ഇനിയൊരു തിരിച്ചുവരവ്...മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത്
മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്ക് നടത്തിയ ഒരു മേഖലയാണ് ടൂറിസം. 15 ലക്ഷം പേര്‍ക്കു നേരിട്ടും 20 ലക്ഷം പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്ന മേഖല. കൊവിഡ് വ്യാപനത്തിനെ തുടര്‍ന്ന് കേരളത്തില്‍ ഏറ്റവും അധികം ബാധിച്ച മേഖല ഏതെന്ന് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ ആരും പറയും അത് ടൂറിസമാണെന്ന്. കൊവിഡിനു മുന്‍പ് പ്രതിവര്‍ഷം 45,000 കോടി രൂപയുടെ വരുമാനമുണ്ടാക്കിയിരുന്ന മേഖല ഇപ്പോള്‍ ദയനീയ സ്ഥിതിയിലാണ്.
2017ല്‍ ഓഖി വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് ടൂറിസം മേഖലയുടെ കഷ്ടകാലം. ഓഖിയുടെ ക്ഷീണം ഏതാനും മാസങ്ങള്‍കൊണ്ടു മറികടന്ന് വീണ്ടും മേഖല സജീവമായി. 2018ല്‍ നിപ വന്നപ്പോള്‍ മലബാര്‍ മേഖലയിലെ വിനോദസഞ്ചാരം കടുത്ത പ്രതിസന്ധിയിലായി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള വിദേശ സഞ്ചാരികള്‍ വന്നിറങ്ങിയത് കരിപ്പൂര്‍ വിമാനത്താവളത്തിലായിരുന്നു. ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍ത്തിയിരുന്നത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും. മലബാറിലേക്കുള്ള സഞ്ചാരികളില്‍ ഭൂരിഭാഗവും കോഴിക്കോട് വഴിയാണു കടന്നുപോയിരുന്നത്. നിപ വ്യാപിച്ചതോടെ കോഴിക്കോട് നഗരം വിജനമായ അവസ്ഥയുണ്ടായി.
ആ സ്ഥിതിയില്‍നിന്നു കരകയറുന്നതിനു മുന്‍പേ ഇരുട്ടടിയായി പ്രളയം വന്നു. സഞ്ചാരികളുടെ വരവു നിലച്ചു. ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രളയ ജലത്തില്‍ തകര്‍ന്നു. പല സ്ഥലത്തേക്കുമുള്ള റോഡുകളും ഒലിച്ചുപോയി. വിനോദസഞ്ചാര മേഖലയ്ക്കു കനത്ത നഷ്ടം ഏല്‍പ്പിച്ചുകൊണ്ട് 2018 കടന്നുപോയി.
2019ലും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പല കുടുംബങ്ങള്‍ക്കും ദാരിദ്ര്യം കൂടാതെ കടന്നുപോകാനായി. 2020ലെ സീസണായിരുന്നു അടുത്ത പ്രതീക്ഷ. എന്നാല്‍ തൊഴിലാളികളെ പട്ടിണിയിലേക്കു തള്ളിവിട്ടുകൊണ്ട് വിനോദസഞ്ചാര മേഖല പൂട്ടിക്കെട്ടി. ഒന്നര വര്‍ഷത്തിനുശേഷവും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുകയും വിനോദസഞ്ചാര സംഘടിത, അസംഘടിത മേഖലയിലാകെ 4 കോടി ആളുകള്‍ തൊഴില്‍രഹിതരാവുകയും ചെയ്തു.
അടച്ചുപൂട്ടിയതു നൂറുകണക്കിന് ഹോട്ടലുകള്‍. ഇനിയെന്നു തിരിച്ചുവരുമെന്ന് യാതൊരു ധാരണയുമില്ലാത്ത വിധം വിനോദസഞ്ചാര മേഖല തകര്‍ന്നടിഞ്ഞു. കേരളത്തിന്റെ ആകെ ജിഡിപിയുടെ 11 ശതമാനം വിനോദസഞ്ചാരത്തില്‍നിന്നുള്ള വരുമാനമായിരുന്നു. 10,000 കോടി രൂപയായിരുന്നു വിദേശനാണ്യത്തില്‍നിന്നുള്ള വരുമാനം. മേഖല തകര്‍ന്നതോടെ ടാക്സി ഡ്രൈവര്‍മാരും വെയ്റ്റര്‍മാരും ഇളനീര്‍ വില്‍പനക്കാരും ഹോംസ്റ്റേ നടത്തുന്ന ചെറുകിട സംരംഭകരും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം പട്ടിണിയിലായി.
സഞ്ചാരികളില്ലെങ്കിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മറ്റും പരിപാലിച്ചുകൊണ്ടുപോകുന്നതു വലിയ ബാധ്യതയാണ്. ഹോട്ടലുകളില്‍ ആളില്ലെങ്കിലും ശുചീകരണവും മറ്റു പുനരുദ്ധാരണ പ്രവൃത്തികളും കൃത്യമായി നടത്തണം. പല ഹോട്ടലുകളും ഇതിനായി വന്‍ തുക ചെലവഴിക്കുന്നു. ജോലിക്കാരില്‍ പലരെയും പിരിച്ചുവിട്ടെങ്കിലും കുറച്ചുപേരെ നിലനിര്‍ത്തേണ്ടി വന്നു. ഇവര്‍ക്കു ശമ്പളം കൊടുക്കാനും തുക കണ്ടെത്തേണ്ടതുണ്ട്.
നിര്‍ത്തിയിട്ടിരുന്ന ടാക്സി വാഹനങ്ങള്‍ കൃത്യസമയത്തു സര്‍വീസ് ചെയ്യണം. ഇതിനു പുറമെ വാഹന വായ്പയുടെ തിരിച്ചടവും മുടങ്ങിക്കിടക്കുകയാണ്. വഞ്ചിവീടുകളുടേതും സമാന അവസ്ഥയാണ്. ഇടയ്ക്കിടെ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും വന്‍ ചെലവ്. യാതൊരു വരുമാനവുമില്ലാതെ എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നറിയാതെ കുഴങ്ങുകയാണ് പല ഉടമകളും.
കൊവിഡ് കഴിഞ്ഞ ഉടന്‍ ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് പുതിയമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലനില്‍പ്പിനായി എന്തെങ്കിലും ഈ മേഖലക്ക് വേണ്ടി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുമില്ല.
https://www.facebook.com/Malayalivartha