ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത... സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും
സംസ്ഥാനത്തെ ടൂറിസം മേഖലത്ത് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണജോര്‍ജ്ജും അറിയിച്ചു.
15 ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയെ നേരിട്ട് ആശ്രയിച്ച് കഴിയുന്നത്. കൊവിഡ് ഭീഷണയില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് രണ്ടാം വ്യാപനവും തുടര്‍ന്ന് ലോക്ഡൗണും വന്നത്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഇല്ലാതായതോടെ, ടൂറിസം മേഖല തളര്‍ന്നു. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് ടൂറിസം മേഖല തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കും.
നിലവില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കും വാക്‌സിനേഷന്‍് നല്‍കും. വയനാട് ജില്ലയിലെ ടൂറിസം മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് നല്‍കികഴിഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി വൈത്തരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കും. കുമരകം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു. അടുത്ത ഘട്ടമെന്ന നിലയില്‍ കുമരകവും മൂന്നാറും തുറക്കും.
കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം 2025-ഓടെ 20 ലക്ഷമാക്കി ഉയര്‍ത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നു. 2019ല്‍ 11.89 ലക്ഷമായിരുന്നു വിദേശ സഞ്ചാരികളുടെ എണ്ണം. അവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും. ജില്ലകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. ആഭ്യന്തര ടൂറിസം പദ്ധതികളുടെ കണക്ടിവിറ്റി സാധ്യമാക്കും. മലബാര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ലോകസംഘടന തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അവയെല്ലാം പ്രയോജനപ്പെടുത്തി മുന്നോട്ട് പോകും. ടൂറിസം ഭൂപടത്തില്‍ കേരളത്തെ മുന്‍പന്തിയിലെത്തിക്കുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 154 പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളുടെയും മുഖഛായ മാറ്റും. എല്ലാ റസ്റ്റ് ഹൗസുകള്‍ക്കും പ്രാധാന്യം നല്‍കി അഭിപ്രായങ്ങള്‍ ശേഖരിച്ചും സാധ്യതകള്‍ പരിശോധിച്ചും കൂടുതല്‍ സൗകര്യപ്രദമാക്കിയാണ് അടിമുടി മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. റസ്റ്റ് ഹൗസുകളെ ജനകീയമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമാക്കും. ഗസ്റ്റ് ഹൗസുകളിലും, കെടിഡിസി സ്ഥാപനങ്ങളിലും നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരു ജില്ലയില്‍ രണ്ട് ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കാലതാമസമില്ലാതെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് തിരിച്ചടിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് ഇതുവരെ 34000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha