വിനോദസഞ്ചാരം: കുറഞ്ഞ ചെലവില്‍ മികച്ച സേവനമൊരുക്കുന്നതില്‍ ലോകത്ത് വയനാടിന് ഒമ്പതാം സ്ഥാനം; 100 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാലെണ്ണം
പ്രമുഖ യാത്രാ വെബ്‌സൈറ്റ് ആയ ട്രിവാഗോ പുറത്തിറക്കിയ പട്ടികയില്‍ ഹോട്ടലുകളിലും മറ്റും കുറഞ്ഞ ചെലവില്‍ മികച്ച സേവനമൊരുക്കുന്നതില്‍ നമ്മുടെ സ്വന്തം വയനാടിന് ലോകത്തില്‍ ഒമ്പതാം സ്ഥാനം.
100 സ്ഥലങ്ങളുടെ പട്ടികയില്‍ വയനാടിന് പുറമെ, ഉത്തരാഖണ്ഡിലെ ഋഷികേശ്, പഞ്ചാബിന്റെ തലസ്ഥാനമായ അമൃത്‌സര്‍, രാജസ്ഥാനിലെ സുവര്‍ണനഗരം ജെയ്‌സാല്‍മിര്‍ എന്നിവയ്ക്കും കൂടിയേ ഇന്‍ഡ്യയില്‍ നിന്നും പട്ടികയില്‍ ഇടംപിടിക്കാനായുള്ളൂ.
100 ല്‍ 96.36 ആണ് വയനാടിന് ലഭിച്ച മാര്‍ക്ക്. വിദേശ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി വയനാട് മാറിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്തു നിന്നുള്ളവര്‍ക്കു മാത്രമല്ല രാജ്യത്തിനകത്തുനിന്നുള്ള വലിയൊരു വിഭാഗം സഞ്ചാരികള്‍ക്കും വയനാട് ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു.
താമസത്തിനായി ചെലവഴിക്കുന്ന പണത്തിനനുസരിച്ചുള്ള സേവനം ലഭ്യമാണോയെന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രിവാഗോ പഠനം നടത്തിയത്. ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഉപഭോക്താക്കളുടെ വിലയിരുത്തലും ഇതിനായി പരിഗണിച്ചു.
ചൈനയിലെ ഫെങ്ങ്വാങ് ആണ് 98.01 ശതമാനം സ്‌കോറോടെ പട്ടികയില്‍ ഒന്നാമത്. ബോസ്‌നിയയിലെ മൊസ്താര്‍, ബള്‍ഗേറിയയിലെ വെലികോ ടര്‍നോവൊ എന്നിവയാണ് തൊട്ടുപിന്നില്‍.
ഹിമാലയന്‍ നഗരമായ ഋഷികേഷിന് പട്ടികയില്‍ 13-ാം സ്ഥാനമാണുള്ളത്. 96.24 ശതമാനമാണ് തീര്‍ഥാടന കേന്ദ്രത്തിന്റെ മാര്‍ക്ക്. കഴിഞ്ഞ തവണ ആറാംസ്ഥാനത്തായിരുന്ന അമൃത്‌സര്‍ പക്ഷേ, ഇത്തവണ 22-ാം സ്ഥാനത്താണ്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ജെയ്‌സാല്‍മിര്‍ 34-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
ജെയ്‌സാല്‍മിറിനും അമൃത്‌സറിനും ഒപ്പം കഴിഞ്ഞതവണ ഉണ്ടായിരുന്ന തിരുവനന്തപുരത്തിന് ഇത്തവണ പട്ടികയില്‍ ഇടംപിടിക്കാനായില്ല. ലോകത്തിലെ ഏറ്റവുംവലിയ ഓണ്‍ലൈന്‍ ഹോട്ടല്‍ സെര്‍ച്ച് വെബ്‌സൈറ്റ് ആണ് ട്രിവാഗോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha