നാണയം കൊണ്ട് നിയമസഭയിൽ പോകാൻ പറ്റില്ല; അന്താരാഷ്ട്ര പുസ്തകോത്സവം നൽകിയ നിയമസഭാ പര്യടന അനുഭവങ്ങൾ ഇങ്ങനെ
നിയമസഭാവളപ്പിൽ ഏഴു ദിവസം നീണ്ടു നിന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. 68 പ്രസാധകരുടെ 123 സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരുന്നത്. നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായും ആസാദികാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായാണ് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചത്.
ഈ പ്രാവശ്യത്തെ മേളയിൽ പുസ്തകങ്ങൾ മാത്രമല്ല ജനങ്ങളെ ആകർഷിച്ചത്. മേള നടക്കുന്ന സ്ഥലം കൂടെയാണ്. നിയമസഭാ വളപ്പിൽ കയറാനും ഫോട്ടോ എടുക്കാനും നല്ല തിരക്കുണ്ടായിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്ന അസംബ്ലി ഹാൾ നേരിട്ടു കാണാനും അവിടെ നിന്ന് ഫോട്ടോ എടുക്കാനും ഉള്ള അവസരവും കൂടെ പുസ്തകോത്സവത്തോടൊപ്പം ഒരുക്കിയിരുന്നു. സാധാരണക്കാർക്ക് ഫോട്ടോയും വിഡിയോയും നിരോധിച്ച സ്ഥലമാണിവിടം. അസംബ്ലി ഹാളിന്റെ ഗാലറിയിൽ കയറാൻ മാത്രമല്ല ഇരുന്നു അവിടുത്തെ ചരിത്രത്തെ പറ്റിയുള്ള ചെറു വിവരണം നൽകാനും സെക്രട്ടേറിയേറ്ററിലെ ഉദ്യോഗസ്ഥർ തയ്യാറായിരുന്നു.
സമാപന ദിവസം ഒരു ഞായറാഴ്ച ആയിട്ട് കൂടി വരുന്നവരെ കയറ്റി ഇരുത്തി ഒരു ഗ്യാലറിയിൽ ആള് നിറയുമ്പോൾ നിയമസഭയെ കുറിച്ച് പറയാൻ ഉദ്യോഗസ്ഥർ തയ്യാറായി നിന്നിരുന്നു. ഞങ്ങൾ ഇരുന്ന ഗ്യാലറിയിൽ വന്നത് അജയകുമാർ എന്ന സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനായിരുന്നു. വളരെ രസകരമായി തന്നെയാണ് അദ്ദേഹം വിവരങ്ങൾ നൽകിയത് . സ്കൂളിലെ രസികനായ ടീച്ചറിനെ ഓർമിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിവരണം. സംശയങ്ങൾ ചോദിച്ചവർക്കു കൃത്യമായ മറുപടിയും നൽകിയിരുന്നു.
മന്ത്രിമാരും എം എൽ എ മാരും എങ്ങനെ എവിടെ ഇരിക്കുന്നു എന്ന് തുടങ്ങി സ്പീക്കർ ആ ഇരിപ്പിടങ്ങൾ നിശ്ചയിക്കുന്ന രീതി ഉദ്യോഗസ്ഥർക്കും അവിടുത്തെ വാച്ച് ആൻഡ് ഗാർഡിനുള്ള ഉത്തരവാദിത്തങ്ങൾ വരെ അദ്ദേഹം പറഞ്ഞു. തുടർന്ന് അവിടെ സാധാരണ ജനങ്ങൾ വരുമ്പോൾ എങ്ങനെ പാസ് ലഭിക്കും വരുന്നവർക്കുള്ള നിയമങ്ങൾ, പെരുമാറ്റ ചിട്ടകൾ എല്ലാം വിശദീകരിക്കുകയുണ്ടായി. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ അകത്തു പ്രവേശിപ്പിയ്ക്കില്ല എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പൊതുജനങ്ങളോട് അജയകുമാർ പങ്കുവച്ചു. അകത്തക്ക് കൊണ്ട് പോകാൻ സാധിക്കാത്ത വസ്തുക്കളിൽ നാണയം ഉൾപ്പെട്ടത് പണ്ടൊരിക്കൽ ആരോ അത് കൊണ്ട് വന്നു എറിഞ്ഞതുകൊണ്ടാണ് എന്ന് പറയുകയുണ്ടായി. എന്നാൽ കറൻസി കൊണ്ടുപോകാമോ എന്ന് കേൾവിക്കാരിൽ ഒരാൾ ചോദിച്ചപ്പോൾ. നോട്ട് ആരും ഇതുവരെ എറിഞ്ഞില്ല അതിനാൽ കൊണ്ട് പോകാം എന്ന മറുപടി എല്ലാവരിലും ചിരിയുണർത്തി.
പിന്നീട് വിശദീകരിച്ചത് നിയമസഭാ മന്ദിരത്തെ കുറിച്ചായിരുന്നു. 1979 ൽ പണിതുടങ്ങിയ നിയമസഭാ മന്ദിരം പൂർത്തിയായത് 1998 ൽ ആണെന്നും. അസംബ്ലി ഹാളിലെ തടി പണികൾ ചെയ്തിരിക്കുന്നത് നിലമ്പൂർ തേക്ക് കൊണ്ടാണെന്നും വിശദീകരിച്ചു. അതുപോലെ കോൺക്രീറ്റ് മേൽക്കൂരയിൽ അടിച്ചിരിക്കുന്ന കെമിക്കൽ ചിലന്തി വല കെട്ടുന്നതിനെയും ശബ്ദം പ്രതിധ്വനിക്കുന്നതിനെയും തടയും എന്നും വിശദീകരിക്കുകയുണ്ടായി.
ഒരു പുസ്തക മേള എന്നതിൽ ഉപരി നല്ല ഒരു കുഞ്ഞു യാത്ര പോയ അനുഭവം തന്നെയായിരുന്നു എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ. ഇനി നിയമസഭാ മന്ദിരം കാണുമ്പോൾ എല്ലാം നല്ലൊരു ഓർമ്മയായി അജയകുമാർ എന്ന ഉദ്യാഗസ്ഥന്റെ വിവരണം മനസ്സിൽ നിറയും എന്ന് നിസംശ്ശയം പറയാം.
https://www.facebook.com/Malayalivartha