മേഘമലയെ ഇളക്കിമറിച്ച് 'അരിക്കൊമ്പന്‍' : പ്രദേശത്ത് 144 പ്രഖ്യാപിച്ചേക്കും"
ചിന്നക്കനാലില്‍നിന്ന് നാടുകടത്തിയ അരിക്കൊമ്പനെക്കൊണ്ട് തമിഴ്‌നാടും പൊറുതിമുട്ടുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം നടന്ന് മേഘമലയിലെത്തിയ അരിക്കൊമ്പന്‍ അവിടെ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് 144 പ്രഖ്യാപിച്ചേക്കും. അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ട അരിക്കൊമ്പൻ തമിഴ്‌നാട് അതിർത്തി കടന്നതോടെ ‘നാട്ടാന’യായി മാറുന്ന കാഴ്ചയുമുണ്ടായി. മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമായ മണലാർ ശ്രീവല്ലി പൂത്തൂർ സെക്ഷൻ 31 ഡിവിഷനിലായിരുന്നു റേഡിയോ കോളർ കഴുത്തിൽ ധരിച്ച കൊമ്പനെ പ്രദേശവാസികൾ കാണുന്നത്. എന്നാൽ ആദ്യകാഴ്ചയിൽ ഇത് അരിക്കൊമ്പനാണെന്ന് നാട്ടുകാർക്ക് മനസിലായിരുന്നില്ല. നാട്ടാന വഴിതെറ്റി എത്തിയതാണ് എന്ന നിഗമനത്തിലായിരുന്നു പ്രദേശവാസികൾ.
മണലാർ എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിൽ വാർത്ത പ്രചരിച്ചതും ഇത്തരത്തിലായിരുന്നു. അരിക്കൊമ്പൻ കേരളത്തിലെ മാദ്ധ്യമങ്ങളിൽ ഇടം നേടിയ കാര്യം അവിടുത്തെ നാട്ടുകാർ അറിഞ്ഞിരുന്നില്ല. എന്നാൽ നാട്ടിൽ കണ്ടത് അരിക്കൊമ്പനെയാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രദേശത്ത് മുൻകരുതൽ നടപടികൾ ആരംഭിക്കുകയായിരുന്നു.
രാവിലെ മുതൽ അരിക്കൊമ്പൻ മണലാർ ഭാഗത്തുണ്ട് എന്നതിന്റെ സിഗ്നലുകൾ പെരിയാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പ്രദേശവാസികൾക്കും ജാഗ്രത നിർദ്ദേശം നൽകുകയായിരുന്നു. വ്യാഴായ്ച വൈകിട്ട് മണലാർ ഇറങ്ങിയ അരിക്കൊമ്പന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തേയിലക്കാടുകളിൽ ഇറങ്ങിയ ആന അരിക്കൊമ്പനാണെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ വനംവകുപ്പ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രിയാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ വെള്ളിയാഴ്ച രാവിലെ ലഭിച്ച ജിപിഎസ് കോളർ സിഗ്നൽ അനുസരിച്ച് പെരിയാർ റേഞ്ചിലെ വനമേഖലയിലായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആന തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലാണ് ഉള്ളത്.
അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി തമിഴ്‌നാട് വനംവകുപ്പ് 120 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞദിവസം രാത്രിയും അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്നാണ് ആനയെ കാട്ടിലേയ്ക്കു തുരത്തിയത്.
പതിറ്റാണ്ടുകളായി ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണക്കാരിയായ കാട്ടാനകളിലൊന്നാണ് അരിക്കൊമ്പൻ. 30നും നാല്പതിനും ഇടയിൽ പ്രായമുണ്ട് അവന്. കൊമ്പുകൾക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. വിരിഞ്ഞ മസ്തകമുള്ള അരിക്കൊമ്പന്റെ മുന്നിൽപ്പെട്ടാൽ ഏത് ആനയും ഒന്നു ചൂളും. റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി അകത്താക്കുന്നതാണ് ശീലം.
അങ്ങനെ വീണ പേരാണ് അരിക്കൊമ്പൻ! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. ഏഴ് പേരെ അരിക്കൊമ്പൻ കൊന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കോടതിയിൽ നൽകിയ വിവരം. എന്നാൽ പന്ത്രണ്ടിലധികം ആളുകളെ കൊന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
അതേ സമയം തന്നെ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ആനകളാണ് പോസ്റ്ററിലുളളത്. ഇതിനോടകം പോസ്റ്റർ വൈറലായിട്ടുണ്ട്.
https://www.facebook.com/Malayalivartha