മൂടല്‍മഞ്ഞിന്റെ പുതപ്പണിഞ്ഞ് ഊട്ടി
നനുത്ത മഞ്ഞുവീഴ്ചയില്‍ ഊട്ടിക്ക് കൊടും തണുപ്പ്. ശരീരം തുളച്ചുകയറുന്ന തണുപ്പ് ആസ്വദിക്കാന്‍ ഊട്ടിയിലേക്ക് സഞ്ചാരികള്‍ ഒഴുകുകയാണ്. ഊട്ടിയില്‍ ഇന്നു വരെ ഉണ്ടായിട്ടില്ലാത്ത തണുപ്പാണ് ഇക്കുറി അനുഭവപ്പെടുന്നത്. ഈ കൊടും തണുപ്പും മഞ്ഞുവീഴ്ചയും ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി ജില്ലയിലെങ്ങും വ്യാപിച്ചിരിക്കുന്നു. നീലഗിരി കുന്നുകളിലെ ഇലകളിലും പടര്‍പ്പുകളിലും ഇപ്പോള്‍ മഞ്ഞ് ഉറഞ്ഞു നില്‍ക്കുന്ന ദൃശ്യമാണു കാണാന്‍ കഴിയുന്നത്.
മഞ്ഞുകട്ടകള്‍ ഇവിടങ്ങളിലെ റോഡുകളിലും വീടിന്റെ മേല്‍ക്കൂരകളെയും കൈയടിക്കിയിരിക്കുന്നു. ഇത്തരമൊരു പ്രതിഭാസം വളരെ അപൂര്‍വമായേ അനുഭവപ്പെടാറുള്ളൂവെന്ന് നീലഗിരിക്കാര്‍ പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീലഗിരി ജില്ലയില്‍ പെയ്തുവന്ന മഴ തോര്‍ന്നതാണ് പെട്ടെന്നുള്ള കനത്ത മഞ്ഞുവീഴ്ചയ്ക്കു കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍.കഴിഞ്ഞ ദിവസം ഊട്ടിയില്‍ കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. നീലഗിരിയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൂനൂരില്‍ 7 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.
സാധാരണ, ഊട്ടി ഉള്‍പ്പെടുന്ന നീലഗിരിയില്‍ മഞ്ഞുകാലം ആരംഭിക്കുന്നത് നവംബര്‍ ആദ്യവാരമാണ്. ഇത് ജനുവരി വരെ നീളാറാണ് പതിവ്. ഡിസംബറിലാണ് അതിശൈത്യം. ഇത്തവണ അത് കൂടുതലായി എന്നു മാത്രം.
വൈകുന്നേരങ്ങളില്‍ തുടങ്ങുന്ന മഞ്ഞു വീഴ്ച നേരം വെളുത്താലും തുടരാറുണ്ടെന്ന് ഊട്ടിക്കാര്‍ പറയുന്നു. രണ്ടും മൂന്നും കമ്പിളി പുതച്ചും തീ കാഞ്ഞുമാണ് ഇവിടത്തുകാര്‍ തണുപ്പകറ്റുന്നത്.
ഊട്ടിയിലെ കൊടും തണുപ്പ് വിനോദ സഞ്ചാരികളെയും വലയ്ക്കുന്നുണ്ട്. കേരളത്തില്‍ നിന്നെത്തുന്നവരെ പ്രത്യേകിച്ചും. ഇപ്പോള്‍ വെക്കേഷന്‍ സമയമായതിനാല്‍ ഊട്ടിയില്‍ വിനോദസഞ്ചാരികളുടെ നല്ല തിരക്കും. തണുപ്പു പ്രതീക്ഷിച്ചു തന്നെയാണ് ഇവരെത്തുന്നതെങ്കിലും പ്രതീക്ഷയ്ക്കപ്പുറത്തെ തണുപ്പാണ് കാത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha