മൂന്നാറിനെപ്പോലെ.. വയനാടിനെപ്പോലെ.. സുന്ദരം ഈ മീശപ്പുലിമല
\'മീശപ്പുലിമല\' എന്ന പേരില്‍ തന്നെ ഒരു ഗാംഭീര്യം അടങ്ങിയിട്ടുണ്ട്. പേരിലെ ഗാംഭീര്യം കാഴ്ചകളിലും സൗന്ദര്യത്തിലും നിറച്ചുവെച്ചിട്ടുണ്ട് മീശപ്പുലിമല. ഇടുക്കി ജില്ലയിലാണ് മീശപ്പുലിമല എന്ന സ്വര്‍ഗം. മൂന്നാറില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട് മീശപ്പുലിമലയിലേക്ക്.
ഒരുപക്ഷെ അധികമാരും കേട്ടിട്ടില്ലാത്ത ഈ ടൂറിസ്റ്റ് സ്‌പോട്ട് മൂന്നാറിനേക്കാള്‍ മനോഹരമാണെന്നതാണ് സത്യം. ടൂറിസത്തിന്റെ സാധ്യതകളും ഏറെയാണ്.
മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്‌റ്റേറ്റിലൂടെ 24 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീശപ്പുലിമലയുടെ ബേസ് ക്യാംമ്പിലെത്താം. പിന്നെയും ഒരു മൂന്ന് കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ പ്രകൃതിഭംഗിയുടെ ഇതുവരെ കാണാത്ത അന്തരീക്ഷത്തിലേക്കാണ് കടക്കുന്നത്. അതാണ് റോഡോവാലി.
കടുംചുവപ്പ് നിറത്തിലുള്ള കാട്ടുപൂവരശുകള്‍ കൊണ്ട് നിറഞ്ഞ പ്രദേശമാണിവിടം. ഷങ്കറിന്റെ ഐ എന്ന സിനിമയില്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞ താഴ്‌വാരം കണ്ടിട്ടുള്ളവര്‍ക്ക് അതിനെ വെല്ലുന്ന കാഴ്ചയാണ് ചുവന്ന പൂക്കളുടെ കാടായ റോഡോവാലി. റോഡോ വാലിയില്‍ ഒരു ചെറിയ തടാകവുമുണ്ട്. ഏതോ വിദേശ സിനിമയുടെ ലൊക്കേഷനില്‍ എത്തിയത് പോലെയാണ് ഇവിടെ ചെന്നുകഴിഞ്ഞാല്‍ അനുഭവപ്പെടുന്നത്. നിറയെ പക്ഷികളുള്ള പാണ്ഡവര്‍ ഗുഹ ഈ വഴിയിലാണ്. ഭാഗ്യമുണ്ടെങ്കില്‍ നീലക്കുറിഞ്ഞി പൂത്തു നില്‍ക്കുന്നതും കാണാം.
റോഡോവാലിയില്‍ നിന്നും രണ്ടുമണിക്കൂര്‍ ഒറ്റയടിപ്പാത കയറിയാല്‍ മീശപ്പുലിമലയില്‍ എത്തും. ഏതാണ്ട് ആനമുടിയോളം ഉയരമുണ്ട് മീശപ്പുലി മലയ്ക്ക്. 8640അടിയാണ് ഉയരം. ആകാശത്തിന്റെ ഏതോ ഉയരത്തില്‍ എത്തിയത് പോലെയാണ് ഇവിടെ അനുഭവപ്പെടുക. മേഘങ്ങളെ തൊട്ട് സാഹസികമായ ഒരു സഞ്ചാരമാണ് മീശപ്പുലിമലയിലേക്കുള്ള കയറ്റം. സാഹസികമായ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്ക് മീശപ്പുലിമലയോളം മികച്ച സ്‌പോട്ട് വേറെയുണ്ടാവില്ല. റോഡാവാലിയില്‍ കെ.എഫ്.ഡി.സിയുടെ താമസ സൗകര്യമുണ്ട്. മീശപ്പുലിമലയുടെ ബേസ് ക്യാംപില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ നല്ല കോട്ടേജുകളുമുണ്ട്. കെഫ്ഡിസി മൂന്നാര്‍ ഫോണ്‍ 04865 230332
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha