വിമാനത്തിലെ ശൗചാലയത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മിശ്രിതം കണ്ട് അമ്പരപ്പ്; വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് ഡി.ആർ.ഐ:- ചോദ്യം ചെയ്യും
വിമാനത്തിലെ ശൗചാലയത്തിൽ നിന്ന് 2.15 കോടി രൂപയുടെ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ശൗചാലയത്തിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് 3.461 കിലോ സ്വർണം കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്വർണം കണ്ടെടുക്കുകയായിരുന്നു. സ്വർണ ബിസ്‌കറ്റുകളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ സ്വർണ മിശ്രിതവുമാണ് ഒളിപ്പിച്ചിരുന്നത്.
വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങൾ ഡി.ആർ.ഐ ശേഖരിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. വിമാനത്തിൽ കയറുമ്പോൾ തന്നെ ശൗചാലയത്തിൽ കയറുന്നുവെന്ന വ്യാജേന കയറി സ്വർണം ഒളിപ്പിക്കുകയും പിന്നീട് വിമാനം ശുചീകരിക്കാനെത്തുന്നവരെ ഉപയോഗപ്പെടുത്തി പുറത്തു കടത്തുന്ന സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. ഇന്‍ഡിഗോ വിമാനം അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ശേഷം തുടര്‍ന്ന് ആഭ്യന്തര സര്‍വീസാണ് നടത്തുന്നത്.
സ്വര്‍ണക്കടത്ത് സംഘത്തില്‍ പെട്ടയാള്‍ ഈ വിമാനത്തില്‍ കൊച്ചിയില്‍നിന്ന് ആഭ്യന്തര യാത്രക്കാരനായി കയറി സ്വര്‍ണം എടുത്ത് പരിശോധന കൂടാതെ പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം സ്വർണം കടത്താൻ ശ്രമിച്ച 10 ശ്രീലങ്കൻ യുവതികളെ തിരുവനന്തപുരം വിമാനത്താവളത്തിൽ എയർകസ്റ്റംസും ഡി.ആർ.ഐയും പിടിക്കൂടിയിരുന്നു. കൈവശമുണ്ടായിരുന്നത് കുറഞ്ഞ അളവിലുള്ള സ്വർണമായതിനാൽ ഇവർക്ക് ജാമ്യവും ലഭിച്ചു. തുടരന്വേഷണം എയർകസ്റ്റംസിന് കൈമാറുകയും ചെയ്തു.
വിദേശ വനിതകളെ സ്വർണക്കടത്തിന് ഉപയോഗിക്കുന്നത് മനുഷ്യക്കടത്തിന്റെകൂടി ഭാഗമാണെന്ന് കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ട്. പണം മുടക്കാൻ കഴിവില്ലാത്തവരോട് സ്വർണം കടത്തി നൽകാൻ ആവശ്യപ്പെട്ടുവെന്നാണ് സൂചന. കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി നൽകുന്ന ഇൻഫോർമർ ശൃംഖല പ്രവർത്തിക്കുന്നുണ്ട്. അവരിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ തുക നൽകാൻ നീക്കമുണ്ട്.
നിലവിൽ ഒരു കിലോ സ്വർണത്തിന് 50,000 രൂപയാണ് നൽകുന്നത്. സ്വർണക്കടത്ത് സംഘങ്ങളെ കുറിച്ചും വിദേശികൾ ഉൾപെടുന്ന സംഭവങ്ങളെ കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് കൂടുതൽ തുക നൽകാനാണ് നീക്കം.വിവരം കൃത്യമാണങ്കിൽ നടപടികൾക്ക് ശേഷം ഇൻഫോർമർക്ക് ലഭിക്കുന്ന ഇനാം നികുതി ഇല്ലാത്ത പണമായി ലഭിക്കും.
തെളിവായി കേന്ദ്രസർക്കാറിന്റ സർട്ടിഫിക്കറ്റും കിട്ടും. ഇൻഫോർമർ പറയുന്ന സ്ഥലത്ത് എജൻസി ഇനാം തുക രഹസ്യമായി എത്തിക്കും.സർക്കാർ എജൻസികളിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ അധികാരം ഉപയോഗിച്ച് കള്ളക്കടത്ത് സംഘങ്ങളെ അറസ്റ്റ് ചെയ്ത് കേന്ദ്ര എജൻസികൾക്ക് കൈമാറാം ഇവർക്കും സർക്കാറിന്റെ പാരിതോഷികം കിട്ടും പക്ഷേ ഇവർക്ക് സാധാരണ നൽകുന്ന തുകയുടെ പത്ത് ശതമാനം മാത്രമേ നൽകുകയുള്ളു.
വിമാനത്താവളങ്ങളിലെ അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ മറികടന്ന് കോടാനുകോടികളുടെ സ്വർണമാണ് കേരളത്തിലേക്ക് കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം,കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് കേസുകൾ വർദ്ദിക്കുകയാണ്. ശരീരത്തിലൊളിപ്പിച്ചും കുഴമ്പ്, മിശ്രിതം, പൊടി, ക്യാപ്സൂൾ രൂപത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് കടത്ത്.
യു.എ.ഇയുടെ നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് പിടികൂടിയതിനെത്തുടർന്ന് സ്വർണക്കടത്ത് അല്പം കുറഞ്ഞിരുന്നു. കസ്റ്റംസ്, ഡി.ആർ.ഐ, പൊലീസ്, ക്രൈംബ്രാഞ്ച് ഏജൻസികളെല്ലാം ഇപ്പോൾ സജീവമാണെങ്കിലും സ്വർണക്കടത്തിന് കുറവില്ല. പലവട്ടം കടത്തുമ്പോൾ ഒരിക്കൽ പിടികൊടുക്കുന്ന വമ്പൻമാരുമുണ്ട്. നെടുമ്പാശേരിയിൽ മാത്രം പ്രതിവർഷം 200 കോടിയുടെ സ്വർണം പിടികൂടുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ പലമടങ്ങ് സുരക്ഷിതമായി പുറത്തെത്തുന്നുമുണ്ട്.
സ്വർണക്കടത്ത് മാഫിയയ്ക്ക് ചെറിയൊരു വിഭാഗം കസ്റ്റംസ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്. വിമാനത്തിലുപേക്ഷിക്കുന്ന സ്വർണം പുറത്തെത്തിക്കാൻ ശുചീകരണ, ഗ്രൗണ്ട് ഹാന്റ്ലിംഗ് തൊഴിലാളികളുള്ള സംഘമുണ്ട്. കസ്റ്റംസ് പരിശോധനയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തുന്നവരെ പൊലീസ് പിടികൂടുന്നുണ്ട്. സ്വർണക്കടത്തുകാർ കാരിയർമാരെ തട്ടിക്കൊണ്ട് പോകുന്നതും പതിവാകുന്നുണ്ട്.
https://www.facebook.com/Malayalivartha