പൈതല്‍മല
കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കണ്ണൂര്‍ ടൗണില്‍ നിന്നും 65 കി.മീ ദൂരത്തുള്ള ശ്രീകണ്‌ഠപുരത്താണ് പൈതല്‍ മല സ്ഥിതി ചെയ്യുന്നത്. 300 ഏക്കര്‍ വിസ്‌തൃതിയില്‍, സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൈതല്‍ മലയില്‍, അനേക തരത്തിലുള്ള പക്ഷികള്‍, നൂറിലേറെ തരത്തിലുള്ള ചിത്രശലഭങ്ങള്‍, അപൂര്‍വ്വ ചെടികള്‍, മരങ്ങള്‍ എന്നിവയെല്ലാം കാണപ്പെടുന്നതുകൊണ്ട് സംസ്ഥാനാന്തര ടൂറിസ്റ്റുകളും ധാരാളമായി കടന്നു വരുന്നുണ്ട്. അടിവാരത്തു നിന്നും മലയുടെ മുകളില്‍ എത്തുന്നതിന് 6 കി.മീ ട്രെക്കിംഗ് നടത്തണം.
ഈ പ്രദേശത്തിന്റെ നൈസര്‍ഗിക പ്രകൃതി ഭംഗി നിലനിര്‍ത്തിക്കൊണ്ട് ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിയെടുക്കാന്‍ ടൂറിസം വകുപ്പ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉഷ്‌ണകാലത്തിലും, പൈതല്‍മലയിലും പരിസരത്തും സുഖശീതള കാലാവസ്ഥയാണുള്ളത്. മലയുടെ മുകളിലേയ്‌ക്ക് കയറുന്നതിനിടെ ആദിവാസി രാജാവായിരുന്ന വൈതാളകന്റെ കൊട്ടാരത്തിന്റെ അവശിഷ്‌ടങ്ങള്‍ കാണാം.
ട്രെക്കിംഗ്, പക്ഷിനിരീക്ഷണം എന്നിവ ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങളാണ്. കുടിയാന്‍ മലയില്‍നിന്നും പൈതല്‍മലയിലേക്ക് എത്തുന്നതിന് ട്രെക്കിംഗ് നടത്തണം. പൈതല്‍മലയില്‍ നിന്നും 6 കി.മീ അകലെയുള്ള കുടിയാന്‍ മലയില്‍ ഡോര്‍മിറ്ററി സൗകര്യവും, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രവും ഉണ്ട്. സെപ്‌റ്റംബര്‍ മുതല്‍ മെയ് വരെയുള്ള സമയമാണ് ഇവിടെ സന്ദര്‍ശിക്കുന്നതിന് ഉത്തമം.
കാപ്പിമല, പൊട്ടന്‍പ്ലാവ് എന്നിവയാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റേഷന്‍. കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ധാരാളം ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. പയ്യന്നൂരിലും കണ്ണൂരിലും റെയില്‍വേ സ്റ്റേഷനുകളുണ്ട്. കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മാംഗളൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയാണ് അടുത്തുള്ള വിമാനത്താവളങ്ങള്‍.
https://www.facebook.com/Malayalivartha