തിരുവനന്തപുരം കാഴ്ചകള്‍
വിനോദ സഞ്ചാരികളുടെ പറുദീസയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം.തലസ്ഥാനമെന്ന ഖ്യാതി തിരുവനന്തപുരത്തിന് അന്തര്‍ദേശീയ ടുറിസം മാപ്പില്‍ ഇടം നല്‍കി .ചരിത്ര പ്രധാനമായ സ്ഥലങ്ങളും മനോഹരമായ കായലുകളും ചിത്രം വരച്ചതുപോലെയുള്ള ബീച്ചുകളും തിരുവനന്തപുരത്തിന്റെ സൗന്ദര്യത്തിന് മുതല്‍ക്കൂട്ടാകുന്നു
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ മുതല്‍ ചരിത്രപുരുഷന്മാരായ ഫാഹിയാനും മാര്‍കോപോളോയും കൊളംബസ്സും വാസ്‌കോഡഗാമയും
തിരുവനന്തപുരത്തിന്റെ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അനന്തശായിയായ വിഷ്ണുഭഗവാന്‍ വാഴുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രമാണ് തിരുവനന്തപുരത്തിന്റെ പ്രശസ്തിക്ക് ഒരു പ്രധാന കാരണം.മതിലകം ഗ്രന്ഥവരിയില്‍ തുളുസംന്യാസിയായ ദിവാകരമുനിയാണ് ക്ഷേത്രനിര്മാണത്തിന് തുടക്കംകുറിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതല്പതിനു സമീപം തൂക്കിയിട്ടിരിക്കുന്ന രൂപത്തിലാണ് ശില്പത്തിന്റെ പ്രതിഷ്ഠ. തൊട്ടുതാഴെ ഒരു ശിവലിംഗ പ്രതിഷ്ഠയും.പദ്മ 'നാഭിയില്‍' നിന്നും പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവ്. അതിനുപിന്നില് ഋഷിമാരുടെ ശിലാരൂപങ്ങള്‍. ശ്രീപദ്മനാഭന്റെ തൊട്ടരികെ ലക്ഷ്മീദേവിയും ഭൂമീദേവിയും.ഒറ്റക്കല്ലിലുള്ള മുഖമണ്ഡപം. ഏകദേശം മൂന്നു ഹെക്ടറോളംവരുന്ന വിസ്തൃതിയിലാണ് ക്ഷേത്രസമുച്ഛയം .ശ്രീപദ്മനാഭസ്വാമിക്ഷേത്രം ചരിത്രത്തിന്റെ അക്ഷയഖനി തന്നെയാണ് .
പഴയകാല പ്രതാപവും പുതിയകാലത്തിന്റെ വികസനവും തിരുവനന്തപുരത്തിന് സ്വന്തമാണ്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ ടെക്‌നോളജി, വിക്രം സാരാഭായി സ്‌പേസ് സെന്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, റീജണല്‍ റിസര്‍ച്ച് ലാബ്, ശ്രീ ചിത്തിര തിരുന്നാള്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ബയോടെക്‌നോളജി, ടെക്‌നോപാര്‍ക് തുടങ്ങിയവയെല്ലാം തിരുവന്തപുരത്തിന്റെ അഭിമാനമാണ്.
അറിവിന്റെ ദേവതയായ സരസ്വതിക്ക് സമര്‍പ്പിക്കുന്ന സംഗീതോത്സവം ശ്രീ പത്മനാഭസ്വാമിക്കുള്ള സംഗീതാര്‍ച്ചനയാണ്.കേരളത്തനിമയാര്‍ന്ന വാസ്തുവിദ്യയക്ക് പേരുകേട്ട കുതിരമാളികയാണ് മറ്റൊരു തിരുവനന്തപുരം കാഴ്ച. പാളയം മുസ്ലിം പള്ളിയും കൃസ്ത്യന്‍ കത്തീഡ്രലും ഗണപതി ക്ഷേത്രവും മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കുന്നു.
തിരുവിതാംകൂര്‍ രാജഭരണത്തിന്റെ പ്രൗഡി വിളിച്ചോതുന്നവയാണ് കനകക്കുന്നുകൊട്ടാരത്തിലെ കാഴ്ചകള്‍. നേപ്പിയര്‍ മ്യൂസിയം, ശ്രീ ചിത്തിരത്തിരുനാള്‍ ആര്‍ട് ഗ്യാലറി എന്നിവ വസ്തുവിദ്യയുടേയുടെ നിര്മാണസൗകുമാര്യം പകര്‍ന്നു തരുന്നവയാണ്.
തിരുവന്തപുരത്തിന്റെ മുഖശ്രീ ആയ ആക്കുളം , വന്യജീവി സങ്കേതമായ നെയ്യാര്‍ ഡാം,സുവോളജിക്കല്‍ പാര്‍ക് എന്നിവയെല്ലാം യാത്രികന്റെ മനസ്സു നിറക്കുമെന്നു തീര്‍ച്ച.ചാല ബസാറും കുട്ടികള്‍ക്കും വയസ്സായവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന ഹാപ്പി ലാന്‍ഡ് വാട്ടര്‍ പാര്‍ക്കും തിരുവനന്തപുരത്ത് കണ്ടിരിക്കേണ്ട കാഴ്ചകള്‍ തന്നെ.
1869 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്നും ഉയരത്തിലുള്ള അഗസ്ത്യ കൂടം, പൊന്മുടി, മുക്കുനിമല എന്നിവയും തിരുവനന്തപുരത്തിന്റെ കാഴ്ചകളില്‍പ്പെടും. സ്‌നേക്ക് ബോട്ടുകളും ഗജമേളകളും കൊണ്ട് സമ്പന്നമാണ് തിരുവനന്തപുരത്തിന്റെ ഉത്സവക്കാലങ്ങള്‍. മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം എന്നുതുടങ്ങുന്ന കേരളത്തിന്റെ തനതുകലകള്‍ തിരുവനന്തപുരത്തിന്റെ ആഘോഷങ്ങള്‍ക്ക് മോടിയേറ്റുന്നു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ സമാപനമായ ആറാട്ടുത്സവം, ആറ്റുകാല്‍ പൊങ്കാല,ബീമാപള്ളി ഉറൂസ്,വെട്ടുകാട് പെരുന്നാള്‍,എന്നിവ വിവിധ മതവിഭാഗങ്ങളില്‍പെട്ട ജനങ്ങളെ ആകര്‍ഷിച്ചു നിര്‍ത്തുന്ന ആഘോഷങ്ങളാണ്.
സൂര്യമേള,അന്തര്‍ദ്ദേശീയ ചലച്ചിത്രമേള,നിശാഗന്ധി നൃത്തോത്സവം,നവരാത്രി സംഗീതോത്സവം,ചെമ്പൈ സംഗീതോത്സവം,സ്വാതി സംഗീതോത്സവം എന്നിവയെല്ലാം തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക മേന്മയുടെ മകുടോദാഹരണങ്ങളാണ്.
കോവളം, വിഴിഞ്ഞം,ശംഘുമുഖം കടലോരങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് മാത്രമല്ല തിരുവനന്തു പുറത്തുകാര്‍ക്കും ഏറെ പ്രിയം തന്നെ.തിരുവല്ലം പരശുരാമക്ഷേത്രം അതിന്റെ പഴമകൊണ്ടും, ബലിയര്‍പ്പണ കേന്ദ്രമെന്നനിലയിലും പ്രസിദ്ധം. ഐതിഹ്യപ്രകാരമുള്ള കേരളത്തിന്റെ സ്രഷ്ടാവെന്നും പറയപ്പെടുന്ന പരശുരാമന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏകക്ഷേത്രം.
മൃഗശാല, മ്യൂസിയം, നക്ഷത്രബംഗ്ലാവ്,അക്വേറിയം,പ്ലാനറ്റേറിയം,അരുവിക്കര ഡാം,കൊട്ടാരങ്ങള്‍,പൊന്‍മുടി,അഗസ്ത്യാര്‍കൂടം തുടങ്ങി സഞ്ചാരിയുടെ മനസ്സിനെ തൃപ്തിപ്പെടുത്താനുള്ളതൊക്കെ തിരുവന്തപുരത്തുണ്ട്.
https://www.facebook.com/Malayalivartha