പാഞ്ചാലി മേട് : പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേര്‍ന്ന പഴമയുടെ സൌന്ദര്യം
പാഞ്ചാലി മേട് : പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേര്‍ന്ന പഴമയുടെ സൌന്ദര്യം
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് മുറിഞ്ഞ പുഴ ഗ്രാമത്തിലാണ് പാഞ്ചാലിമേട്.കോട്ടയം നഗരത്തില്‍ നിന്നും നിന്നും ഏതാണ്ട് എഴുപത് കിമി ദൂരം യാത്ര ചെയ്താല്‍ ഇവിടെ എത്താം സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് അടിക്കു മുകളില്‍ ആയതുകൊണ്ടാകാം ഇവിടെ ചൂട് കുറവാണ്. പഞ്ചാലിമേട്ടിലെ കാറ്റിന്റെ ഈണം അനുഭവിച്ചറിയാനുള്ളതാണ്.മേടിന്റെ താഴെ വരെ മാത്രമേ വാഹനം എത്തുകയുള്ളൂ. അവിടെ നിന്നങ്ങോട്ടു കയറ്റമാണ്. ആ വഴിയില്‍ കൃത്യമായ ഇടവേളകളില്‍ 14 കുരിശുനാട്ടിയിരിക്കുന്നു.ഒരുപക്ഷെ ഇവിടെ കുരിശു മല കയറ്റം ഉണ്ടായിരിക്കണം. സുഗന്ധ തൈലമൂറ്റാനുപയോഗിക്കുന്ന പുല്ലിനിടയിലൂടെയുള്ള കല്ലുകള്‍ നിറഞ്ഞ മണ്‍പാതയിലൂടെ വലത്തോട്ട് കയറിയാല്‍ മേട്ടിലെത്താം.ഈ പുല്‍ നാമ്പുകളെ തഴുകി വീശുന്ന കാറ്റിനും പുല്‍തൈലത്തിന്റെ ഗന്ധമാണ്.
പാണ്ഡവ പത്‌നിയായ പാഞ്ചാലി (ദ്രൌപദി) യുടെ പേരിനോട് ചേര്‍ത്താണ് ഈ മേട് അറിയപ്പെടുന്നത്. വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെ വന്ന് താമസിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. പാഞ്ചാലി കുളിച്ചിരുന്ന കുളവും ഭീമന്റെ കാല്‍പ്പാടുകള്‍ പതിച്ച ഗുഹയും ഇപ്പോഴും ഇവിടെ ഉണ്ട്.
നിത്യ പൂജയില്ലാത്ത ഒരു ദേവീ ക്ഷേത്രവും, അതി പുരാതനമായ സര്‍പ്പ പ്രതിഷ്ടകളുമാണ് കയറിച്ചെല്ലുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുക. പഴക്കമേറിയതും അപൂര്‍വ്വവുമായ ഒരു ശിവലിംഗവും ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തായി കാണാന്‍ കഴിയും. മേട്ടില്‍ നിന്നും തെക്കൊട്ട് തിരിഞ്ഞിറങ്ങിയാല്‍ പാഞ്ചാലിക്കുളത്തിലെത്താം. കല്ല് കൊണ്ട് കെട്ടിയ രണ്ട് കുളങ്ങള്‍ക്കും സമീപം പ്രകൃതിയൊരുക്കിയ കുളിര്‍ മരീചികയെന്ന് തോന്നിപ്പിക്കുന്ന പാഞ്ചാലിക്കുളം കാണാം.പാഞ്ചാലിക്കുളത്തിലെ വെള്ളം ഒരിക്കലും വറ്റാറില്ലത്രേ. പാഞ്ചാലിക്കു കുളിക്കാന്‍ ഭീമന്‍ പണിതു നല്‍കിയതാണ് ഈ കുളം എന്നും അല്ല ഭീമന്റെ കാല്‍പ്പാട് പതിഞ്ഞു ഉണ്ടായതാണ് എന്നും രണ്ടു പക്ഷം ഉണ്ട്.പഞ്ചാലിക്കായി ഒരുക്കിയ വെള്ളാരംകല്ലില്‍ തീര്‍ത്ത നടപ്പാതയും പാണ്ഡവരെ ആക്രമിക്കാന്‍ എത്തിയ രാക്ഷസിയെ ശപിച്ച് ശിലയാക്കി മാറ്റിയ കല്ലും, അക്രമിക്കാന്‍ വന്ന ആനയെ പാഞ്ചാലി ശിലയാക്കി മാറ്റിയ കല്ലും പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരുക്കിയിരുന്നു എന്നു വിശ്വസിക്കുന്ന അടുപ്പുകല്ലുകളും ഇന്നും ഇവിടെ കാണാം.മകരസംക്രമ കാലത്ത് ഇവിടെ നിന്നു നോക്കിയാല്‍ മകര ജ്യോതി കാണാം.
മേട്ടില്‍ നിന്നും കണ്ണോടിച്ചാല്‍ ഹരിതാഭമായ പച്ചക്കുന്നുകളാണ് ചുറ്റും ദൃശ്യമാവുക. കുറച്ചു ദൂരം പടിഞ്ഞാറേക്ക് നീങ്ങിയാല്‍ നീല നിറത്തില്‍ പരന്നു കിടക്കുന്ന താഴ്വരകളും ലോകത്തിന്റെ നെറുകയിലെത്തിയ പ്രതീതിയാണ് നമ്മളില്‍ ഉണര്‍ത്തുന്നത് .നട്ടുച്ചക്കു പോലും ശക്തമായ് വീശുന്ന തണുത്ത കാറ്റും തെളിയമയാര്‍ന്ന പ്രകൃതി സൌന്ദര്യവും ഒരിക്കല്‍ അനുഭവിച്ചറിഞ്ഞവര്‍ക്ക് മറക്കാന്‍ കഴിയില്ല. പാറക്കെട്ടുകളും, ഉറച്ച മണ്ണും കൂടിക്കലര്‍ന്നതാണ് പാഞ്ചാലിമേടിന്റെ ഭൂപ്രകൃതി. അധികം ഉയരമില്ലാത്ത ചെറുമരങ്ങളില്‍ വളരുന്ന കായ്കള്‍ക്ക് പഴുത്താല്‍ നല്ല മധുരമാണത്രെ.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് പറയുന്നതില്‍ അതിശയോക്തി തെല്ലും ഇല്ലെന്നു ഇവിടെ നില്‍ക്കുമ്പോള്‍ തോന്നിപോകും.
https://www.facebook.com/Malayalivartha