പറമ്പിക്കുളം
പശ്ചിമഘട്ടത്തിലെ, തമിഴ്‌നാടിന്റെ ഭാഗത്തെ അണ്ണാമലൈ മലനിരകള്‍ക്കും കേരളത്തിന്റെ ഭാഗത്തെ നെല്ലിയാമ്പതി മലനിരകള്‍ക്കും ഇടയ്‌ക്കുള്ള താഴ്‌വരയിലാണ് പറമ്പിക്കുളം. പ്രശാന്തസുന്ദരമായ പരിസ്ഥിതി പ്രദേശത്തിന് ഉത്തമോദാഹരണമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം. 48 സ്‌ക്വയര്‍ കി.മീ പ്രദേശത്ത് ഉള്ള സംരക്ഷിതവനമേഖലയിലാണ്, പാലക്കാട് ജില്ലയിലെ ഈ വന്യജീവി സങ്കേതകേന്ദ്രം. വന്യജീവി സംരക്ഷണം ലക്ഷ്യമിട്ട് 1962-ല്‍ ഇവിടം വികസിപ്പിച്ചതിനെ തുടര്‍ന്ന് 285 സ്‌ക്വയര്‍ കി.മീ വനമേഖലയാണ് ഇപ്പോള്‍ ഈ വന്യജീവി സങ്കേതത്തിനുള്ളത്.
പറമ്പിക്കുളം-ആളിയാര്‍ പ്രോജക്‌ടിന്റെ മൂന്നു റിസര്‍വോയറുകള്‍ ഈ സങ്കേതത്തിനുള്ളിലാണ്. 28 സ്‌ക്വയര്‍ കി.മീ പ്രദേശത്തായി വ്യാപിച്ചു കിടക്കുകയാണ് ഇതിന്റെ ജലശേഖരം. മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന അരുവികളെല്ലാം പടിഞ്ഞാറോട്ട് ഒഴുകി ചാലക്കുടി പുഴയില്‍ ചേരുന്നു. ഇവിടത്തെ കരിമലഗോപുരം ആണ് ഏറ്റവും ഉയര്‍ന്ന മലനിര. 1439 മീറ്ററാണ് ഇതിന്റെ ഉയരം.
ജൂണ്‍-ആഗസ്റ്റ് മാസങ്ങളിലാണ് ഇവിടെ ധാരാളം മഴ ലഭിക്കുന്നത്. ഇവിടെ നൈസര്‍ഗ്ഗിക വനപ്രദേശവും, നട്ടു വളര്‍ത്തുന്ന സസ്യജാലങ്ങളുമുണ്ട്. പറമ്പിക്കുളത്ത് 1920-കളില്‍ തേക്ക് തോട്ടങ്ങള്‍ വ്യാപകമായി വളര്‍ത്തിയിരുന്നു. എന്നാല്‍ 1985 ല്‍ വന്യജീവി വകുപ്പ് സ്ഥാപിച്ചതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാലും 40 മീ ഉയരവും 6.4 മീ കനവും ഉള്ള ഒരു ഭീമന്‍ തേക്കുമരം പഴയകാല പ്രൗഢിയോടെ ‘കന്നിമരം’ എന്നു പേരിട്ടു സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്.
കടുവ, പുലി, കാട്ടുനായ, കരടി, ലെപ്പേഡ് ക്യാറ്റ്, കാട്ടു പൂച്ച എന്നിവയെല്ലാം ഇവിടെ കാണപ്പെടുന്നുണ്ട്. ഇവിടത്തെ റിസര്‍വോയറുകളില്‍ ഓട്ടര്‍-നെ ഇടയ്‌ക്കിടെ കണ്ടിട്ടുണ്ട്. 211-സ്‌പീഷിസിലെ പക്ഷിസമൂഹം പറമ്പിക്കുളത്തുണ്ട്. ഉഭയജീവികളും, ഉരഗങ്ങളും വന്‍തോതില്‍ ഇവിടെ കാണപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha