തട്ടേക്കാട് - പശ്ചിമ ഘട്ടത്തിന്റെ പക്ഷിക്കൂട്
തട്ടേക്കാടിന്റെ അലൗകിക സൗന്ദര്യം ആരെയും ആകര്‍ഷിക്കുന്നതാണ്.കാടും പുഴയും പ്രണയിച്ചു കിടക്കുന്ന അഴകിന്റെ മാസ്മരികത എഴുതാന്‍ വാക്കുകള്‍ മതിയാകില്ല. ലോകത്തിലെ തന്നെ മികച്ച പക്ഷി സങ്കേതങ്ങളിലൊന്നാണ് തട്ടേക്കാട്. കരപ്പക്ഷികളും ജലപ്പക്ഷികളും പറന്നിറങ്ങുന്ന കാഴ്ച നയന്‍മനോഹരം തന്നെ.പച്ചിലക്കുടുക്ക, പച്ചപ്രാവ്, ഇലക്കിളി, തേന്‍കിളി, പവിഴക്കാലി, പാതിരാകൊക്ക്, തേന്‍കൊതിച്ചിപ്പരുന്ത്, താമരക്കോഴി, തത്തച്ചിന്നന്‍, ഇത്തിക്കണ്ണികുരുവി, മഞ്ഞക്കിളി..പേരുകളിലെ കാല്പനിക സൗന്ദര്യം ചിറകിലൊതുക്കി കിളികള്‍ പറന്നു താഴുമ്പോള്‍ ഭൂമിയിലും മഴവില്ലു വിരിയുന്നു.
മഞ്ഞയും നീലയും തവിട്ടും പുള്ളി ഉടുപ്പുമിട്ട് ശലഭങ്ങള്‍ പാറിക്കളിക്കുന്ന ഉദ്യാനം സഞ്ചാരിക്ക് വേറിട്ടൊരു അനുഭവം തരുന്നു.. വ്യത്യസ്ത വര്‍ണ്ണരാജിയില്‍പ്പെട്ട ആയിരക്കണക്കിന് ചിത്രശലഭങ്ങളാണ് ഇവിടെ കൂട് കൂട്ടിയിരിക്കുന്നത്.
1983 ഓഗസ്റ്റ് 27നാണു സലിം അലിയുടെ പേരിലുള്ള തട്ടേക്കാട്പക്ഷിസങ്കേതം നിലവില്‍ വന്നത്. 25.16 ചതുരശ്ര കി.മി വിസ്തൃതിയുള്ള ഇതു എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തുമായാണ് സങ്കേതം നിലകൊള്ളുന്നത്.എറണാകുളം ജില്ലയിലെ കോതമംഗലത്തു നിന്ന് 12 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക് .
അതിശൈത്യമാകുമ്പോള്‍ സൈബീരിയയില്‍ നിന്ന് അഭയം തേടിവരുന്ന ദേശാടന പക്ഷികളും ഏറ്റവും ചെറിയ ഇത്തിക്കണ്ണികുരുവികളും മൂന്നടിയോളം വരുന്ന ചിറകുകളുള്ള വലിയ പരുന്തുകളും ഉള്‍പ്പടെ 320 ല്‍ പരം വ്യത്യസ്ത ഇനത്തില്‍ പെട്ട പക്ഷികള്‍ ഇവിടെ ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. രാവിലെ 6 മണിമുതല്‍ വൈകുന്നേരം 4 മണിവരെയുള്ള ആണ് സന്ദര്‍ശന സമയം. കാഴ്ചക്കാരുടെ സൗകര്യത്തിനായി വനം വകുപ്പ് ഗൈഡിന്റെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha