ഇല്ലിക്കല്‍ കല്ലിലെ സൂര്യോദയം
കഥയും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന ഇല്ലിക്കല്‍ കല്ല്. രാമായണത്തിലെ ഹനുമാനുമായും, മഹാഭാരതത്തിലെ ഭീമനുമായും, ചേര്‍ന്നുള്ള ഐതിഹ്യങ്ങളില്‍ ഇല്ലിക്കല്‍ കല്ല് ഒരു കഥാപാത്രമാണ്. നീലക്കൊടുവേലി എന്ന അത്ഭുത ചെടി ഇവിടെ ഉണ്ടത്രേ.സമുദ്രനിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല്.
സാഹസികരായ വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപെട്ട സ്ഥങ്ങളില്‍ ഒന്നായ ഇല്ലിക്കല്‍ കല്ല് , ഇരാറ്റുപെട്ട തെക്കോയി അടുക്കം റൂട്ടില്‍ ആണ് .വാഗമണ്‍ റൂട്ടില്‍ നാലുകിലോമിറ്ററോളം ദൂരത്തിലുള്ള ചുരം കയറി ഇല്ലിക്കല്‍ മലയിലെത്താം. ചുരത്തിന്റെ പകുതി കയറുമ്പോള്‍ തന്നെ മല കാണാന്‍ തുടങ്ങും. ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ല് എന്നും അറിയപ്പെടുന്നു.
ഇവയ്ക്കിടയിലായി 20 അടി താഴ്ചയില്‍ വലിയൊരു വിടവുണ്ട്. ഈ കല്ലില്‍ അരയടി മാത്രം വീതിയുള്ള 'നരകപാലം' എന്ന ഭാഗമുണ്ട്. പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിര്‍മ്മിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് വലിയ ആയാസം കൂടാതെ ഇല്ലിക്കല്‍ കല്ലിലെത്താം. കൊടുമുടിയുടെ മുകളില്‍ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാന്‍ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കല്‍കല്ലിലെത്താം.
മഞ്ഞില്‍ ഒളിച്ചു കളിച്ചു നാണിച്ചു ഒളിഞ്ഞുനില്‍ക്കുന്ന ഇവിടുത്തെ സൂര്യോദയത്തിന് ഒരു നവ വധുവിന്റെ അരുണിമയാണ്.ഇവിടെ പെയ്യുന്ന മഴക്കും നല്ലഭംഗിയാണ്. പാറക്കല്ലുകള്‍ക്കു ചുറ്റുമുള്ള പുല്ലുകള്‍ മഴയോടുള്ള പ്രണയം കൊണ്ട് ചാഞ്ഞു കിടന്ന് മഴയെ ആഴത്തിലറിയുകയാണോ എന്ന് തോന്നിപോകും. എന്നാല്‍ മഴ പലപ്പോളും പ്രണയഭാവം മാറ്റി താണ്ഡവ നൃത്തം ചെയ്യാറുണ്ടിവിടെ. കൂട്ടിനു ശീല്‍ക്കാരത്തോടെ കാറ്റും ഉണ്ടാകും.
3 കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം കയറി ചെല്ലുന്ന ഈ കുന്നുകള്‍, കാഴ്ച്ചയുടെയും സാഹസികതയുടെയും പുത്തന്‍ കിതപ്പുകളാണ് ട്രെക്കേര്‍സിനു നല്‍കുന്നത്. ചിലപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്നവരെപോലും കാണാനാവാത്തവിധം കോടമഞ്ഞും ഉണ്ടാകും.
അതിനാല്‍ മഴയും ഇടിമിന്നലും ഉള്ള സമയത്ത് ഇല്ലിക്കല്‍ യാത്ര ഒഴിവാക്കുക; തെന്നി വീഴുക മാത്രമല്ല മിന്നല്‍ ഏല്‍ക്കാനുള്ള സാധ്യതയും കൂടുതലാണിവിടെ. മണ്‍സൂണില്‍ യാത്ര ഒഴിവാക്കുന്നത് നന്നായിരിക്കും. വാഗമണ്‍, ഇലവീഴാപൂഞ്ചിറ, വാഗമണ്‍കുരിശുമല, തങ്ങള്‍പാറ എന്നിവ അടുത്തുള്ള ടൂറിസ്റ്റ് സ്‌പോട്ടുകളാണ്.
https://www.facebook.com/Malayalivartha