ചരിത്രമുറങ്ങുന്ന ബേക്കല്‍
300 ലേറെ വര്‍ഷത്തെ പഴക്കമുണ്ട് ബേക്കല്‍ കോട്ടക്ക് . 1645നും 1660നും ഇടയില്‍ ശിവപ്പ നായ്ക്ക് നിര്‍മിച്ചതാണ് ബേക്കല്‍ കോട്ട എന്ന് കരുതപ്പെടുന്നു. കടലിലേയ്ക്കിറങ്ങി കിടക്കുന്ന കോട്ടയും നയനമോഹനമായ കടല്‍തീരവും, അതിമനോഹരമായ പ്രകൃതിയും സന്ദര്‍ശകരെ വളരെ ഏറെ ആകര്‍ഷിക്കുന്നു.ഒമ്പതു പുഴകളുടെ നാടായ കാസര്‍കോട് ഇവിടെ ചരിത്ര പ്രാധാന്യത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.കടലില്‍ നിന്നും പണിതുയര്‍ത്തിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്ന് സമുദ്രത്തിന്റെ ഏതാണ്ട് മൂന്ന് ഭാഗങ്ങളും സുന്ദരമായി കാണാം. ഏകദേശം 40 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്.
കോട്ടയുടെ സമീപം ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച മുസ്‌ലിം പള്ളിയും പ്രവേശ കവാടത്തില്‍ ഒരു ആഞ്ജനേയ ക്ഷേത്രവുമുണ്ട്. മേല്‍ക്കൂരയോ, അകത്തളങ്ങളോ, സിംഹാസനമോ ഒന്നുമില്ലാത്ത കോട്ട യുദ്ധപരമായ ആവശ്യത്തിനു വേണ്ടി മാത്രമാണ് നിര്‍മിച്ചിരിക്കുന്നത്.നിരീക്ഷണ ഗോപുരവും ആയുധപ്പുരയും ഒട്ടേറെ തുരങ്കങ്ങളും കോട്ടക്കകത്തുണ്ട്. കോട്ടയ്ക്കു ചുറ്റുമുള്ള ഭിത്തിയോട് ചേര്‍ന്ന് അകത്തു തന്നെ നടപ്പാത കെട്ടിയിട്ടുണ്ട്. അവിടെ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍, മട്ടുപ്പാവില്‍ നിന്നും പുറത്തേക്ക് നോക്കുന്ന പ്രതീതിയുളവായിരുന്നു. സൈനികര്‍ക്ക് ഉലാത്തിക്കൊണ്ട് പുറത്തുള്ള ശത്രുവിനെ നിരീക്ഷിക്കാന്‍ വേണ്ടിയാവണം ആ പാത കെട്ടിയുണ്ടാക്കിയത്.
മറ്റേതൊരു കോട്ടയേയും പോലെ ബേക്കല്‍ കോട്ടയ്ക്കും പറയാനുണ്ട് ഒരുപാടു നൂറ്റാണ്ടുകളുടെ ചരിത്രം, പല രാജാക്കന്മാരുടെയും അവരുടെ യുദ്ധങ്ങളുടെയും കഥ. ചരിത്ര പുസ്തകത്തില്‍ എ.ഡി 1650ല്‍ കര്‍ണ്ണാടകയിലെ ബെഡ്‌നോര്‍ രാജവംശത്തിലെ ശിവപ്പ നായിക് ആണ് ബേക്കല്‍ നിര്‍മ്മിച്ചത് എന്നാണ് പറയുന്നത്. പ്രാദേശികര്‍ക്കിടയില്‍ ഇക്കേരി നായിക് എന്നും ഈ രാജാവ് അറിയപ്പെടുന്നു. എന്നാല്‍, അതിനും മുമ്പേ ബേക്കല്‍ നിലനിന്നിരുന്നു എന്ന് കേരള ചരിത്രം പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങളില്‍ പറയുന്നുമുണ്ട്. ബേക്കല്‍ അടങ്ങുന്ന വടക്കന്‍ കേരളം ചിറയ്ക്കല്‍ രാജവംശത്തിന്റ അധീശത്വത്തിലായിരുന്നു. മലബാറിന്റെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അക്കാലത്ത് ബേക്കല്‍. കൊട്ടാരങ്ങള്‍ക്ക് കോട്ട സംരക്ഷണം തീര്‍ക്കുന്ന കാലമായിരുന്നതിനാല്‍ അന്നേ ഈ കോട്ടയുണ്ടായിരിക്കാം എന്നാണ് കരുതുന്നത്. ചിറയ്ക്കല്‍ വംശത്തിലെ മൂന്നാം പിന്തുടര്‍ച്ചക്കാര്‍ വെക്കോലത്ത് കോട്ടയുടെ ഭരണാധികാരികളായിരുന്നു. ഈ വെക്കോലത്താണ് ഇന്നത്തെ ബേക്കല്‍ എന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.
ശിവപ്പ നായിക് ഭരണം പിടിച്ചെടുത്തപ്പോള്‍ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് കോട്ട പുതുക്കി പണിതതാവാം എന്നാണ് അവരുടെ നിഗമനം. പിന്നീട് ഇവരുടെ കയ്യില്‍ നിന്ന് രാജ്യത്തോടൊപ്പം കോട്ടയും മൈസൂര്‍ രാജാക്കന്മാരുടെ കയ്യിലായി. ഇന്ത്യയിലെ മറ്റു കോട്ടകളെ പോലെ ബേക്കല്‍ ഒരു കൊട്ടാരമോ ഭരണാസിരാ കേന്ദ്രമോ ആയിരുന്നില്ല. ഇത് പടയൊരുക്കത്തിനായി മാത്രമുള്ള കോട്ടയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഓരോ കോട്ടയിലും വ്യത്യസ്ത അകലങ്ങളില്‍ കിളിവാതില്‍ പോലുള്ള ദ്വാരങ്ങള്‍ ശത്രുക്കളെ നേരിടാനായി നിര്‍മ്മിച്ചതാണ്. മലബാര്‍ പിടിച്ചടക്കാന്‍ പടയൊരുക്കം തുടങ്ങിയപ്പോള്‍ ടിപ്പുസുല്‍ത്താന്റെ പ്രധാന സേനാകേന്ദ്രങ്ങളില്‍ ഒന്നായി ബേക്കല്‍ കോട്ട. ടിപ്പുവിന്റെ മരണത്തോടെ കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതായി. സേനാകേന്ദ്രം എന്നതില്‍ നിന്ന് ഭരണസിരാകേന്ദ്രമായി ബേക്കല്‍ മാറിയത് ഈ കാലഘട്ടത്തിലാണ്.
കോട്ടയ്ക്കുള്ളില്ലെല്ലായിടവും ഉദ്യാനങ്ങളും പുല്‍ത്തകിടികളും യുദ്ധാന്തരീക്ഷത്തെ തെല്ലൊന്നു കുറക്കുന്നുണ്ട്.കേന്ദ്ര ആര്‍ക്കിയോളജി ഡിപാര്‍ട്‌മെന്റാണ് കോട്ട സംരക്ഷിക്കുന്നത്.
ബേക്കല്‍ കോട്ടയുടെ തെക്ക് വശത്താണ് ആകര്‍ഷകമായി ഒരുക്കിയിരിക്കുന്ന ബേക്കല്‍ ബീച്ച് പാര്‍ക്ക്. കോട്ടയില്‍ നിന്നും നേരെ അറബിക്കടലിലേക്കിറങ്ങിച്ചെല്ലാം.പണ്ട് കുറ്റം ചെയ്യുന്നവരെ ഈ വഴിയിലൂടെ കൊണ്ടുപോയി കടലില്‍ തള്ളി കൊല്ലാറുണ്ടായിരുന്നു' എന്നാണ് പറയുന്നത്.
പണ്ടുകാലത്തെ ആയുധപ്പുരയായിരുന്നുവെന്ന് പറയപ്പെടുന്ന കെട്ടിടത്തിന്റെ അടുത്ത ചോരക്കുളം ഉണ്ടായിരുന്നത്രെ. ടിപ്പു കോട്ട പിടിച്ചടക്കിയപ്പോള്‍ മുമ്പ് ഭരിച്ചിരുന്ന ഭരണാധികാരിയുടെ സുന്ദരിമാരായ രാജ്ഞിമാരും സൈന്യാധിപന്മാരുടെ പത്‌നിമാരും മാനം പണയം വയ്ക്കാന്‍ തയ്യാറാകാതെ തങ്ങളുടെ ജീവന്‍ കളഞ്ഞ കായലോ കുളമോ ആണ് ചോരക്കുളം എന്ന് പറയുന്നു. പിന്നീട് അത് മൂടികളഞ്ഞു.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ബേക്കല്‍ കോട്ടയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ടൗണില്‍ നിന്നും 12 കിലോമീറ്ററും കാസര്‍കോട് ടൗണില്‍ നിന്ന് 16 കിലോമീറ്ററുമാണ് ബേക്കല്‍ കോട്ടയിലേക്കുള്ള ദൂരം
https://www.facebook.com/Malayalivartha