പാലരുവി
പാല്‍ ഒഴുകുന്നതു പോലുള്ള കാഴ്‌ച സമ്മാനിക്കുന്ന പാലരുവി, കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. 300 അടി ഉയരത്തില്‍ നിന്നുമാണിത് താഴേക്കു പതിക്കുന്നത്. ദക്ഷിനേന്ത്യയില്‍ സന്ദര്‍ശകര്‍ക്കു പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണിത്. ഇടതൂര്‍ന്ന ഉഷ്‌ണമേഖലാ വനത്തിലൂടെ യാത്ര ചെയ്‌താണ് പാലരുവിയിലെത്തേണ്ടത്.
വളരെ ഉന്മേഷദായകമാണ് ഈ യാത്ര. മഞ്ഞു പുതച്ചു നില്‍ക്കുന്ന നീലിച്ച കുന്നുകളുടേയും പച്ചപ്പൂ നിറഞ്ഞ താഴ്‌വരകളുടേയും പശ്ചാത്തലത്തിലൂടെ പാല്‍വര്‍ണ്ണത്തില്‍ പാലരുവി പതഞ്ഞു താഴേക്കു ചിതറി വീഴുന്ന ശബ്‌ദം മാത്രമാണ് കാനന നിശബ്‌ദതയെ ഭഞ്‌ജിക്കുന്നത്. അപൂര്‍വ്വങ്ങളായ ഔഷധ സസ്യലതാദികളാല്‍ സമ്പന്നമാണിവിടം. കൊല്ലം, ചെങ്കോട്ട റോഡില്‍ കൊല്ലത്തു നിന്നും 75 കി.മീ ദൂരെയാണ് പാലരുവി. പാലരുവി സന്ദര്‍ശനവേളയില്‍ സന്ദര്‍ശിക്കാവുന്ന മറ്റൊരിടമാണ് ആലുംകടവ്.
കൊല്ലത്തു നിന്നും 23 കി.മീ വടക്കുമാറി കായംകുളം തടാകത്തിനരികെയുള്ള ഒരു കൊച്ചു ഗ്രാമമാണിത്. ഇവിടം സന്ദര്‍ശിച്ചാല്‍ കെട്ടു വള്ള നിര്‍മ്മാണം നേരിട്ടു കാണാന്‍ സാധിക്കും. നൂറുകണക്കിനാളുകള്‍ ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കാണാം. ടണ്‍ കണക്കിന് സാധനസാമഗ്രികള്‍ വിവിധ നാട്ടു രാജ്യങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിന് പരമ്പരാഗതമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നവയാണ് കെട്ടുവള്ളങ്ങള്‍. കായയിലൂടെ കെട്ടു വള്ളത്തിലുള്ള യാത്ര, കനാലുകളിലൂടെയുള്ള സഞ്ചാരം, ആയുര്‍വ്വേദ ചികിത്സാ സൗകര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആലുംകടവില്‍ സൗകര്യമുണ്ട്. ആലുംകടവില്‍ നിന്നും 4 കി.മീ അകലെയാണ് മാതാ അമൃതാനന്ദമയിയുടെ ആശ്രമം.
കൊല്ലത്തു നിന്നും 6 കി.മീ വടക്കുമാറി സ്ഥിതിചെയ്യുന്ന ബീച്ചാണ് തിരുമുല്ലവാരം ബീച്ച്. പാലരുവി സന്ദര്‍ശന വേളയില്‍ത്തന്നെ സന്ദര്‍ശിക്കാനാവുന്ന മറ്റൊരിടമാണിത്. റോഡുമാര്‍ഗ്ഗം ഉള്ള യാത്ര സുഗമമാണ്. കട്ടമരവും , ചെറുതോണികളും ഉപയോഗിച്ച് കടലില്‍ മല്‍സ്യബന്ധനം നടത്തുന്നത് കാണാന്‍ ഇവിടെ സൗകര്യമുണ്ട്. വേലിയിറക്ക സമയത്തുമാത്രം കാണാവുന്ന ഞായറാഴ്‌ചപ്പാറയും ഇതിനടുത്തുള്ള മഹാവിഷ്‌ണു ക്ഷേത്രവും ഇവിടത്തെ ആകര്‍ഷണങ്ങളാണ്.
https://www.facebook.com/Malayalivartha