പരുന്തുംപാറയില്‍ വിസ്മയങ്ങളുടെ മിഴിച്ചെപ്പു തുറന്ന് നീലക്കുറിഞ്ഞി
ഋതുഭേദങ്ങള്‍ക്കനുസരിച്ച് പുതുപുത്തന്‍ കുപ്പായങ്ങള്‍ അണിഞ്ഞ് നിത്യസുന്ദരിയായി ആരാധകരുടെ മുന്നില്‍ വരുന്ന പരുന്തുംപാറയിലെ മൊട്ടക്കുന്നുകള്‍ക്ക് നീലിമയാര്‍ന്ന വശ്യതയേകി വീണ്ടും കുറിഞ്ഞി പൂത്തു.
പ്രകൃതി ഒന്നാകെ ഭൂമിയില്‍ ഇറങ്ങിവന്നതുപോലെ ഹൃദ്യമായ അനുഭവം പരുന്തുംപാറ സമ്മാനിക്കുന്നു. മിനിട്ടുകളുടെ വ്യത്യാസത്തില്‍ നൂല്‍മഴയും കോടമഞ്ഞും പിന്നെ വെയിലും അനുഭവപ്പെടുന്നത് ഇവിടെയെത്തുന്നവരെ അതിശയിപ്പിക്കുന്നു. നിരനിരയായി പൂത്തുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും സഞ്ചാരികളുടെ വന്‍ തിരക്കാണ് .
പരുന്തിന്റെ ആകൃതിയിലുള്ള പാറകള്‍ ഉള്ളതിനാലാണ് ഈ സ്ഥലത്തിന് പരുന്തുംപാറയെന്ന പേരു കിട്ടിയതെന്ന് പറയുന്നു .ആരെയും കൊതിപ്പിക്കുന്ന, കണ്ടാലും കണ്ടാലും മതിവരാത്ത സ്വപ്നഭൂമിയാണിത് .ആകാശവും ഭൂമിയും ചുംബിക്കുന്നതു പോലെ. അതിനിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളിലേക്ക് കോട മഞ്ഞ് കയറി പോവുന്നു. മാനം മുട്ടെ നില്‍ക്കുന്ന ആകാശമേഘങ്ങള്‍ക്ക് താഴെ കിഴക്കാംതൂക്കായി വലിയ ഗര്‍ത്തങ്ങള്‍. പച്ചപ്പ്‌നിറഞ്ഞ പുല്‍മേടുകള്‍ക്കിടയിലൂടെ ഒഴുകുന്ന കുഞ്ഞരുവി. പലപ്പോഴും കാഴ്ച്ചയെ മറയ്ക്കുന്ന മൂടല്‍മഞ്ഞും,ഹൈറേഞ്ചിന്റെ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെത്തുന്ന ഇളംകാറ്റും, ഇവിടെ എത്തുന്ന ഏതൊരു ആളുടെ മനസ്സിനെയും പുതിയ അനുഭവങ്ങളിലേക്ക് നയിക്കുമെന്ന് തീര്‍ച്ച. വാഗമണ്‍മലനിരകളോളം വിശാലമല്ലെങ്കിലും,അത്രത്തോളംതന്നെ സൗന്ദര്യമാണ് ഈ മലനിരകള്‍ക്കിടയില്‍ പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്നത്.
കൊടൈക്കനാലിലെ ആത്മഹത്യാമുനമ്പിനെ ഓര്‍മ്മപ്പെടുത്തുന്ന അഗാധമായ കൊക്കകളാണ് ഇവിടെയുള്ളത്. മൊട്ടക്കുന്നുകളുടെ താഴ്‌വാരത്തുകൂടി നടക്കുമ്പോള്‍ കാറ്റ് വന്നു പൊതിയും. വെറുതെ നിന്ന് കാറ്റ് കൊള്ളാന്‍ തോന്നുന്നതുപോലെയുള്ള അനുഭവം ..
എന്നാല്‍ വിനോദസഞ്ചാര സാധ്യതകളുടെ പകുതിപോലും ഇവിടെ അധികൃതര്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. പച്ചപ്പണിഞ്ഞ മലകളും മഞ്ഞുമുടിയ ചുറ്റുപാടും കോറിയിട്ട തണുപ്പും മൊട്ടകുന്നുകളും ആരെയും ആകര്‍ഷിക്കും. ഇടുക്കി ജില്ലയിലെ തന്നെ അധികമാരും പരുന്തുംപാറയുടെ സൌന്ദര്യം ആസ്വദിപ്പിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. നല്ല റോഡുകള്‍, ടൂറിസ്റ്റുകള്‍ക്കുവേണ്ട മറ്റ് അടിസ്ഥാന സൌകര്യം ഇതൊന്നും ഇവിടെയില്ല. ഇവിടെ വീശുന്ന കാറ്റു ചെവിയില്‍ പറയുന്നതും ഇതാവാം ..
https://www.facebook.com/Malayalivartha